Thursday, September 13, 2018 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

59,000 കോടിയുടെ കാര്‍ഷികവായ്‌പ 'പാവം' കോര്‍പറേറ്റുകള്‍ക്ക്‌

uploads/news/2018/09/248075/1.jpg

ചെന്നൈ:പൊതുമേഖലാബാങ്കുകള്‍ കഴിഞ്ഞവര്‍ഷം രാജ്യത്തെ 615 കോര്‍പറേറ്റുകള്‍ക്ക്‌ കാര്‍ഷികവായ്‌പയായി നല്‍കിയത്‌ 59,000 കോടി രൂപ. എസ്‌.ബി.ഐയുടെ മുംബൈ സിറ്റി ശാഖവഴി നല്‍കിയ 200 കോടി രൂപയുടെ കാര്‍ഷികവായ്‌പ ലഭിച്ച കൂട്ടത്തില്‍ റിലയന്‍സ്‌ ഫ്രഷ്‌ അഗ്രോകമ്പനിയും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ പ്രത്യേക പലിശനിരക്കായി കാര്‍ഷിക വായ്‌പ അനുവദിക്കുന്ന 4.25 ശതമാനം നിരക്കിലാണ്‌ കോര്‍പറേറ്റുകള്‍ക്ക്‌ 58561 കോടി രൂപ വായ്‌പയായി അനുവദിച്ചത്‌.
ഹരിയാനയിലെ കര്‍ഷകസംഘടനാ നേതാവ്‌ ദേവേന്ദ്രശര്‍മ്മയ്‌ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ വിവരാവകാശ രേഖപ്രകാരം നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം പുറത്തുവന്നത്‌. പൊതുമേഖലാ ബാങ്കുകളുടെ വായ്‌പയില്‍ 18 ശതമാനം കാര്‍ഷിക മേഖലയ്‌ക്കായി നീക്കിവയ്‌ക്കണമെന്നാണ്‌ ചട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കാര്‍ഷിക വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ മാറ്റിവച്ചത്‌ 11 ലക്ഷം കോടി രൂപയാണ്‌. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ കൃഷി ഭൂമി വാങ്ങാന്‍ വായ്‌പ അനുവദിക്കാന്‍ ബാങ്കുകള്‍ തയാറല്ല. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ ഭൂമി വാങ്ങാന്‍ കാര്‍ഷിക വായ്‌പ അനുവദിച്ചതായും രേഖകള്‍ വ്യക്‌തമാക്കുന്നു.
ഉത്തര്‍പ്രദേശ്‌, മഹാരാഷ്‌ട്ര, പഞ്ചാബ്‌, രാജസ്‌ഥാന്‍, കര്‍ണാടക എന്നീ അഞ്ചു സംസ്‌ഥാനങ്ങളിലായാണ്‌ കോര്‍പറേറ്റുകള്‍ക്ക്‌ വന്‍തോതില്‍ കാര്‍ഷികവായ്‌പ അനുവദിച്ചത്‌. പൊതുമേഖലാ ബാങ്കുകളില്‍ ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്കായി ഏറ്റവും കൂടുതല്‍ കാര്‍ഷികവായ്‌പകള്‍ അനുവദിക്കുന്നത്‌ അലഹബാദ്‌ ബാങ്ക്‌, ആന്ധ്രാ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌, ഓറിയന്റല്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌, ഇന്ത്യന്‍ ബാങ്ക്‌, ദേനാ ബാങ്ക്‌, സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയാണ്‌. ഇവയില്‍ പല ബാങ്കുകളും ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡുകളും കിസാന്‍ ശക്‌തിയോജന, കിസാന്‍ ചക്ര തുടങ്ങിയ കാര്‍ഷിക വായ്‌പകള്‍ അനുവദിച്ചിരുന്നു. കന്നുകാലി-ആട്‌-കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളും മത്സ്യംവളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി വകയിരുത്തിയ ഈ വായ്‌പകളും വന്‍കിട കോര്‍പ്പറേറ്റുകള്‍ തട്ടിയെടുക്കുകയായിരുന്നു.
ഗോതമ്പ്‌, പരുത്തി, കരിമ്പ്‌, പട്ടുനൂല്‍, നിലക്കടല എന്നിവ ആയിരക്കണക്കിനു ഏക്കറുകളില്‍ കൃഷിചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ ചെറുകിട കര്‍ഷകര്‍ക്കു നല്‍കുന്ന പലിശനിരക്കില്‍ കാര്‍ഷികവായ്‌പ കൈപ്പറ്റിയത്‌ ബാങ്ക്‌ ഉന്നതരുടെയും ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും സ്വാധീന ഫലമാണെന്ന്‌ കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച്‌ ആറു വന്‍കിട ബാങ്കുകളായി മാറുമ്പോള്‍ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കുള്ള കാര്‍ഷിക വായ്‌പയുടെ അനുപാതം ഗണ്യമായി വെട്ടികുറയ്‌ക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW