ഭോപ്പാല്‍: 33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദേശ് കമ്പ്രയെ പോലീസ് വരുതിയിലാക്കിയത് പ്രേതകഥകള്‍ പറഞ്ഞ്. അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ ആദ്യഘട്ടത്തില്‍ കമ്പ്ര തയാറായില്ല. ഇതോടെയാണു പോലീസ് പ്രേതകഥകള്‍ പറഞ്ഞുതുടങ്ങിയത്. കമ്പ്രയുടെ നേതൃത്വത്തില്‍ കൊന്നെടുക്കിയവരുടെ പ്രേതങ്ങള്‍ അയാളുടെ കുടുംബത്തെ വേട്ടയാടുന്നെന്നായിരുന്നു പോലീസ് വാദം.
അയാളുടെ മകന് നാലു മാസത്തിനിടെ രണ്ട് തവണ അപകടത്തില്‍പ്പെട്ടത് പ്രേതങ്ങളുടെ ഇടപെടല്‍ മൂലമായിരുന്നത്രേ. കുടുംബത്തെ രക്ഷിക്കാന്‍ കുറ്റം ഏറ്റുപറഞ്ഞു പ്രേതങ്ങളോട് മാപ്പുചോദിക്കണമെന്ന പോലീസിന്റെ ഉപദേശം അവസാനം കമ്പ്ര സ്വീകരിക്കുകയായിരുന്നു. താന്‍ ആത്മാക്കളെ സ്വതന്ത്രരാക്കുകയായിരുന്നെന്ന കമ്പ്രയുടെ വാദത്തില്‍ പിടിച്ചാണു പോലീസ് പ്രേതകഥ തയാറാക്കിയത്.