യു.എന്‍: യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ മനുഷ്യാവകാശ കമ്മിഷണര്‍ മിഷേല്‍ ബാഷ്ലെറ്റ് ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചതില്‍ ഇന്ത്യ നീരസം പ്രകടിപ്പിച്ചു. സെയ്ദ് റാദ് അല്‍ ഹുസൈനു പിന്‍ഗാമിയായി സ്ഥാനമേറ്റ മിഷേല്‍ തിങ്കളാഴ്ച തന്റെ ആദ്യ പ്രസംഗത്തിലാണ് കാശ്മീര്‍ വിഷയം പരാമര്‍ശിച്ചത്.
" മനുഷ്യാവകാശ വിഷയങ്ങളില്‍ കാര്യമായ പുരോഗതിയില്ലെന്നാണു മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക്, ലോകമെമ്പാടുമുള്ള ജനങ്ങളെപ്പോലെ തന്നെ നീതിക്കും അന്തസിനും അവകാശമുണ്ട്. അവരെ അംഗീകരിക്കണമെന്നാണ് അധികൃതരോടു പറയാനുള്ളത്. നിയന്ത്രണരേഖയുടെ ഇരുവശവും സന്ദര്‍ശിക്കാന്‍ അഭ്യര്‍ഥന തുടരുകയാണ്."- മിഷേല്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍, വിഷയം യു.എന്‍.എച്ച്.ആര്.സിയില്‍ ഉന്നയിച്ചതു ഖേദകരമാണെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രാജീവ് ചന്ദര്‍ പറഞ്ഞു. രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ട് സുതാര്യവും വിശ്വസനീയവുമായ രീതിയിലാണു മനുഷ്യാവകാശ വിഷയങ്ങള്‍ ഉന്നയിക്കേണ്ടതെന്ന് ചന്ദര്‍ പറഞ്ഞു. യു.എന്നിലെ പാക് സ്ഥിരം പ്രതിനിധി ഫറൂഖ് അമീലും കശ്മീര്‍ വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചു.