Sunday, June 23, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 04.49 PM

ശുക്രഭഗവാന്‍

''ഇതറിഞ്ഞ അസുരന്മാര്‍ കചനെ വധിച്ചു. ഉടനെ തന്നെ ദേവയാനിയുടെ ഉപദേശപ്രകാരം ശുക്രന്‍ അവനെ ജീവിപ്പിച്ചു. ഇത് ഒന്നല്ല- പല പ്രാവശ്യം ആവര്‍ത്തിച്ചു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അസുരന്മാര്‍ കചനെ കൊന്ന് കത്തിച്ചുവെണ്ണീറാക്കി. അതു മധുവില്‍ കലര്‍ത്തി ശുക്രന് കുടിക്കുവാനും കൊടുത്തു. ''
uploads/news/2018/09/248032/joythi120918.jpg

വെള്ളിയാഴ്ചയ്ക്കധിപതിയാണ് ശുക്രഭഗവാ ന്‍. 'പ്രഭാതകിരണം' എന്ന ഒരു പര്യായം കൂടിയുണ്ട് ശുക്രന്. അതിരാവിലെ ആകാശത്തില്‍ സൂര്യകിരണത്തോടൊപ്പം പ്രകാശിക്കുന്ന ഗ്രഹമാണ് ശുക്രന്‍. നമ്മുടെ ജീവിതത്തിന്റെ എല്ലാ കഷ്ട നഷ്ടങ്ങളും അകറ്റി സംതൃപ്ത ജീവിതം നല്‍കുവാന്‍ ശുക്രന് മാത്രമേ സാധിക്കൂ. അതിന് ശുക്രന്റെ അനുഗ്രഹം കൂടിയേ തീരൂ. അപ്പോള്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് വേണ്ടതു ചെയ്യുവാന്‍ മറക്കാതിരിക്കുക.

ഭൃഗുമഹര്‍ഷിയും പുലോമിശയുമാണ് ശുക്രന്റെ മാതാപിതാക്കള്‍. ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ പ്രധാനപ്പെട്ടവന്‍. മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യുന്ന അസുരന്മാരുടെ ഗുരുവായ ശുക്രനെ എന്തിന് ആരാധിക്കണമെന്ന് പലരും സംശയിക്കുന്നുണ്ടാവാം. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് നവഗ്രഹങ്ങളില്‍ ഒരു മഹാശക്തിയായത്? ഇതും ഒരത്ഭുതമാണ്.

നന്മ ചെയ്യുന്നവര്‍ ആരായാലും അവരെ ലോകം ആരാധിക്കും എന്നതിന് ഒരു ഉത്തമോദാഹരണമാണ് ശുക്രന്‍! ദേവാസുരയുദ്ധത്തില്‍ എപ്പോഴും ബ്രഹ്മാവ് ദേവന്മാരെ സഹായിക്കുന്നതാണല്ലോ പതിവ്. ഇത് അസുരന്മാരെ വേദനിപ്പിച്ചിരുന്നു. പാലാഴി മഥന സമയത്തും സംഭവിച്ചതുതന്നെയാണ്. അമൃതം മുഴുവനും ദേവന്മാര്‍ കൊണ്ടുപോയി. അമൃതം സേവിച്ചതിനാല്‍ അവര്‍ അമരന്മാരുമായി.

ഈ കാര്യങ്ങളെല്ലാം അറിയാവുന്ന ശുദ്ധാത്മാവായ ശുക്രന്‍ അസുരന്മാര്‍ക്ക് എന്തെങ്കിലും സേവ ചെയ്യണമെന്ന് ആദ്യമേ വിചാരിച്ചിരുന്നു. അതിനാല്‍ ശുക്രന്‍ അസുരന്മാരെ സമാധാനിപ്പിച്ചു വന്നു. ''ഞാന്‍ പരമശിവനില്‍നിന്ന് മന്ത്രോപദേശം നേടുവാന്‍ പരിശ്രമിച്ചുവരുകയാണ്. അതില്‍ വിജയം നേടിയാല്‍ നമുക്ക് ദേവന്മാരെ ഒരു പാഠം പഠിപ്പിക്കാം'' എന്ന് പറഞ്ഞ് ശുക്രന്‍ അസുരന്മാരെ സമാധാനിപ്പിക്കുക പതിവായിരുന്നു.

അതിനായി ശുക്രന്‍ കാശിക്കുപോയി ശിവലിംഗത്തെ ആരാധിക്കുവാന്‍ തുടങ്ങി. പക്ഷേ, വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ശിവന്‍ പ്രത്യക്ഷനായില്ല. വാശിയേറിയ ശുക്രന്‍ ജലപാനങ്ങള്‍ ഉപേക്ഷിച്ച് ഒരായിരം വര്‍ഷങ്ങള്‍ തീവ്രമായ തപസ്സില്‍ ഏര്‍പ്പെട്ടു. വേറെ വഴിയില്ലാതായപ്പോള്‍ പരമശിവന്‍ ശുക്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അതുവരെ ആര്‍ക്കും നല്‍കാത്ത ''മൃതസഞ്ജീവിനി'' മന്ത്രം ഉപദേശിച്ചു കൊടുത്തു.

അതോടൊപ്പം തന്നെ ഒരു സത്യവും ശുക്രനില്‍നിന്ന് ശിവന്‍ വാങ്ങി. ഈ മന്ത്രം എനിക്കും, പാര്‍വ്വതിക്കും, മുരുകനും വിനായകനും മാത്രം സ്വന്തമാണ്. അതിനാല്‍ വേറെ ആര്‍ക്കും തന്നെ ഈ മന്ത്രം പറഞ്ഞുകൊടുക്കരുത്. അങ്ങനെ ചെയ്താല്‍ ആ നിമിഷം മുതല്‍ ഈ മന്ത്രത്തിന്റെ ശക്തിയും നിന്നില്‍ നിന്നകലും എന്നും സത്യം വാങ്ങി.

അങ്ങനെ ഇരിക്കേ ഒരു ദിവസം ദേവാസുരയുദ്ധം അതിന്റെ മൂര്‍ദ്ധന്യദശയില്‍ എത്തി. ഇരുഭാഗത്തും ഒട്ടേറെപ്പേര്‍ മരിച്ചുവീണു. അസുരന്മാരില്‍ മരിച്ച ഏവരേയും ശുക്രന്‍ തന്റെ മന്ത്രശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു വന്നു.

ദേവഗുരുവായ ബൃഹസ്പതിക്ക് ഇങ്ങനെയുള്ള ഒരു മന്ത്രവും അറിയാത്തതിനാല്‍ മരിച്ചുവീണ ഒരു ദേവനെപ്പോലും പുനര്‍ജീവിപ്പിക്കുവാനായില്ല. (ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. അമൃതപാനം ചെയ്ത ദേവന്മാര്‍ക്ക് മരണമോ''). പക്ഷേ, ബലാബല പരീക്ഷണ സമയത്ത് ഇതിന് പ്രസക്തിയില്ല. അവസാനം യുദ്ധത്തില്‍ തീരെ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ദേവന്മാര്‍ തോറ്റോടി.

ഈ കാര്യങ്ങളെല്ലാംതന്നെ നിമിഷങ്ങള്‍ക്കകം ശിവസേവകനായ നന്ദിശ്വരന്‍ തന്റെ ഗുരുവായ പരമേശ്വരനെ അറിയിക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ ശിവന്‍ ശുക്രനെ തന്റെ അരികിലേക്ക് കൂട്ടിവരുവാനായി ഗണങ്ങളെ അയച്ചു.

ശുക്രന്‍ അവിടെ എത്തിയ ഉടനെ തന്നെ ശിവന്‍ ശുക്രനെ വിഴുങ്ങി; തന്റെ അടിവയറ്റില്‍ നിക്ഷേപിച്ചു. പിന്നീടുള്ള എല്ലാ യുദ്ധത്തിലും ദേവന്മാര്‍ ജയിച്ചു. അങ്ങനെ ഒരായിരം വര്‍ഷം ശിവന്റെ വയറ്റില്‍ ഇരുന്നുകൊണ്ടുതന്നെ ശുക്രന്‍ തപസ്സനുഷ്ഠിച്ചുവന്നു. മനസ്സലിഞ്ഞ് ഒരു ദിവസം ശിവന്‍ ശുക്രന് ശാപമോക്ഷം നല്‍കി വയറ്റില്‍ നിന്ന് പുറത്തുവിട്ടു. അന്നു മുതല്‍ ശുക്രന് ''ശിവകുമാരന്‍'' എന്ന ഒരു പേരുകൂടി ലഭിച്ചു.

അസുരന്മാര്‍ വീണ്ടും സന്തോഷത്തിലാറാടി- ദേവന്മാര്‍ക്കു ഭയവും. ശുക്രന്‍ പരമശിവനെ ധ്യാനിച്ച് തപസ്സിരുന്നിരുന്ന കാലത്ത് ദേവേന്ദ്രന്റെ മകള്‍ ജയന്തിയായിരുന്നു ശുക്രന് ദാസ്യവേലകള്‍ ചെയ്തുവന്നിരുന്നത്. തപസ്സിന് ശേഷം വരം നേടിയ ശുക്രന്‍ അവളെത്തന്നെ വിവാഹം ചെയ്തു. ആ ദമ്പതികള്‍ക്ക് പിറന്ന കുഞ്ഞാണ് ദേവയാനി.

ദേവഗുരുവായ ബൃഹസ്പതിക്ക് കചന്‍ എന്ന ഒരു മകനുണ്ടായിരുന്നു. ഒരു ദിവസം ബൃഹസ്പതി മകനെ വിളിച്ച് ഇപ്രകാരം നിര്‍ദ്ദേശിച്ചു: ''നീ എന്റെ മകനാണെന്ന് പുറത്തറിയിക്കാതെ ശുക്രന്റെ മകള്‍ ദേവയാനിയെ വശത്താക്കണം. അവള്‍ നിനക്കുവശമായാല്‍ ശുക്രന്‍ നിന്റെ ഭാര്യാ പിതാവാകും. ആ സന്തോഷത്താല്‍ ശുക്രന്‍ നിനക്ക് മൃതസജ്ഞീവിനി മന്ത്രവും ഉപദേശിച്ചു തരാതിരിക്കില്ല.''

ഇതറിഞ്ഞ അസുരന്മാര്‍ കചനെ വധിച്ചു. ഉടനെ തന്നെ ദേവയാനിയുടെ ഉപദേശപ്രകാരം ശുക്രന്‍ അവനെ ജീവിപ്പിച്ചു. ഇത് ഒന്നല്ല- പല പ്രാവശ്യം ആവര്‍ത്തിച്ചു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അസുരന്മാര്‍ കചനെ കൊന്ന് കത്തിച്ചുവെണ്ണീറാക്കി. അതു മധുവില്‍ കലര്‍ത്തി ശുക്രന് കുടിക്കുവാനും കൊടുത്തു. എല്ലാം അറിഞ്ഞ ദേവയാനി അലമുറയിട്ടു പൊട്ടിക്കരഞ്ഞു. തന്റെ ദിവ്യദൃഷ്ടിയില്‍ എല്ലാം മനസ്സിലാക്കിയ ശുക്രന്‍ അവസാനം തന്റെ വയറ്റില്‍ ചാമ്പലായിക്കിടക്കുന്ന കചനെ ജീവിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു.

അവന്‍ ജീവിച്ചാല്‍ തനിക്ക് ദോഷമാണെന്നറിഞ്ഞിട്ടും ദേവയാനിയുടെ അപേക്ഷ പ്രകാരം ശുക്രന്‍ കചനെ വയറ്റില്‍നിന്ന് ജീവനോടെ പുറത്തുകൊണ്ടുവന്നു. കചന് മന്ത്രോപദേശവും നല്‍കി.

ഉടനെതന്നെ ദേവയാനി തന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ കൂട്ടുവാന്‍ പിതാവിനോടഭ്യര്‍ത്ഥിച്ചു. പക്ഷേ, കചന്‍ അതിന് ഒരുക്കമായിരുന്നില്ല. കാരണം, ''നിന്റെ അച്ഛന്റെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനാണ്. നീയോ എന്റെ സഹോദരിയും! കചന്‍ പറഞ്ഞു.

ഇതു കേട്ട ദേവയാനി കചനെ ശപിച്ചു:
''നീ പഠിച്ച മൃതസജ്ഞീവിനി മന്ത്രം ഇനിമേല്‍ നിനക്ക് ഫലിക്കാതെ പോകട്ടെ'' എന്ന്. ശുക്രന്‍ ഒറ്റക്കണ്ണനായതുമായി ബന്ധപ്പെട്ട് പല കഥകളുണ്ട്. പക്ഷേ, ഒരുകാര്യം ഉറപ്പാണ്. ''ശുക്രദശ'' എന്നാല്‍ പരമഭാഗ്യം തന്നെയാണ്. അതിനാല്‍ ശുക്രനെ പൂജിക്കുക- അനുഗ്രഹം നേടുക:

''ഹിമ കുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരുഃ
സര്‍വ്വശാസ്ത്ര പ്രവര്‍ത്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം''
എന്നാണ് ശുക്രസ്തുതി. ഇത് നൂറ്റിയൊന്ന് തവണ ജപിച്ചാല്‍ നന്ന്.

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Wednesday 12 Sep 2018 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW