നടന് കുഞ്ഞുമുഹമ്മദ് മരിച്ചെന്ന വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം മനസ്സിലാകാതിരുന്നവര് പിന്നീട് ഫോട്ടോയിലേയ്ക്ക് കണ്ണോടിച്ചപ്പോഴാകും ഉള്ളില്‍ ഒരു നൊമ്പരം തോന്നിയിരിക്കുക. കഴിഞ്ഞ 35 വര്‍ഷമായി സിനിമയുടെ ഭാഗമായിരുന്നിട്ടും നൂറിലധികം സിനിമകളിലഭിനയിച്ചിട്ടും വലിയ താരപദവിയോ, സ്ഥാനമോ സ്വന്തമാക്കാതെ പോയ പക്ഷേ പ്രേക്ഷകരുടെയുള്ളില്‍ സ്നേഹത്തോടെ കൂടിയ താരമാണ് കുഞ്ഞു മുഹമ്മദ്. സിനിമ മാത്രം സ്വപ്നം കണ്ട്, അതിനെ സ്നേഹിച്ച് സിനിമാ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് കുഞ്ഞിക്കയെന്ന് അറിയുന്നവരും ചുരുക്കം. പക്ഷേ സിനിമാ രംഗത്തുള്ളവര്‍ക്കെല്ലാം ഈ കുഞ്ഞു വലിയ നടന് പ്രീയപ്പെട്ട താരമായിരുന്നു.
68 വയസ്സായിരുന്നു കുഞ്ഞുമുഹമ്മദിന്. പേരില്ലാത്ത കഥാപാത്രങ്ങളായി വെറുതെ ഒരു ഭാര്യയും സ്വപ്ന സഞ്ചാരിയും തുടങ്ങി നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് നടനായും കലാസംവിധായകനായും കഴിഞ്ഞ 35 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്നു. ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിയായി ചലച്ചിത്ര ലോകത്തേക്ക് വന്ന അദ്ദേഹം കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ ചെറിയ വേഷത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് കമല്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നായി. കമലിന്റെ ശിഷ്യന്മാരായ ലാല്‍ ജോസ്, ആഷിക് അബു, അക്കു അക്ബര്‍, സുഗീത് എന്നിവരുടെ ചിത്രങ്ങളിലും അത് തുടര്‍ന്നു.
കൊടുങ്ങല്ലൂര്‍ പുളിഞ്ചോട് പടിഞ്ഞാറ് ഭാഗത്ത് പരേതനായ ചുള്ളിപ്പറമ്പില്‍ അമ്മു സാഹിബിന്റെ മകന് സിനിമ ലഹരിയും ജീവനില്‍ പാതിയുമായിരുന്നു. ചെറുപ്പത്തില്‍ ഗള്‍ഫിലേയ്ക്ക് പോയ കുഞ്ഞുമുഹമ്മദ് സിനിമയെന്ന ആഗ്രഹം കൊടുമ്പിരി കൊണ്ടപ്പോള്‍ വീട്ടുകാരറിയാതെ ചെന്നൈയിലെത്തി. പഴയ മദിരാശിയില്‍ സിനിമയുടെ വിളി കാത്ത് ദിവസങ്ങള്‍ തള്ളിനീക്കിയവരില് കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു. ട്രങ്ക് ബുക്ക് ചെയ്ത് നാട്ടിലേക്ക് വിളിക്കുമ്പോള്‍ കേട്ട ബി.ജി.യെമ്മിലെ തമിഴ് പാട്ടില്‍ നിന്ന് വീട്ടുകാര്‍ സത്യം മനസ്സിലാക്കിയെങ്കിലും അദ്ദേഹം പിന്മാറിയില്ല.
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശന്റെ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരണം ഉറപ്പിക്കുകയായിരുന്നു.