പ്രിയപ്പെട്ട ഭൂതകാലമേ, നിനക്ക് നന്ദി. നീ തന്ന വെല്ലുവിളികളും പരാജയങ്ങളുമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. പോരാടാനുള്ള ശക്തി എനിക്കു നല്കിയ നിന്നോടെനിക്ക് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട്. അതുകൊണ്ട് ഭാവികാലമേ, നിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ സജ്ജയായിക്കഴിഞ്ഞു... ലക്ഷ്മി ജയനെന്ന ഗായികയുടെ ഡയറിക്കുറിപ്പില്‍ ഇങ്ങനൊരു വരി കണ്ടാല്‍ അത്ഭുതപ്പെടേണ്ട.
ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിറപുഞ്ചിരിയോടെ നേരിട്ട, പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റിയ ഈ ഗായികയ്ക്കുമുണ്ട് അത്ഭുതപ്പെടുന്ന ഒരു കുഞ്ഞു കഥ.
ഡ്രീം കം ട്രൂ എന്ന വാചകത്തിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞത് ഞാന്‍ ആ വേദിയില്‍ പാടിയപ്പോഴാണ്. ഒഡിഷന് പോയപ്പോഴേക്കും വലിയ പ്രതീക്ഷയായിരുന്നു, കാരണം മെയില്‍-ഫീമെയില്‍ വോയിസില്‍ പാടുന്നത് അവര്‍ക്ക് വലിയ അത്ഭുതമായിരുന്നു. അടുത്ത ലെവലായപ്പോഴേക്കും കോമ്പറ്റീഷന് കൂടി.
ഒഡിഷനു ശേഷമുള്ള പല ലെവലുകളും കടന്ന് ഏകദേശം അഞ്ചാമത്തെ ലെവല്‍ മുതലാണ് ടി.വിയിലത് കാണിച്ചു തുടങ്ങുന്നത്. പക്ഷേ പ്രക്ഷേപണം തുടങ്ങി സെലിബ്രിറ്റി റൗണ്ട് എത്തിയപ്പോഴേക്കും എനിക്ക് തൊണ്ടയ്ക്ക് ഇന്ഫക്ഷന് വന്ന് ശബ്ദം പോയി. അതോടെ ഉണ്ടായിരുന്ന പ്രതീക്ഷയും കൈവിട്ടു. ആ വേദി സ്വപ്നസാക്ഷാത്കാരമായിരുന്നെങ്കിലും ശരിക്കും ടെന്‍ഷനായിരുന്നു.
എങ്കിലും പാടാന്‍ പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ വിശ്രമിക്കാന്‍ അവരെനിക്ക് സമയം തന്നു. അവസാനം മെയില്‍-ഫീമെയില്‍ വോയിസില്‍ ഞാന്‍ പാടി. ഒറ്റ എപ്പിസോഡ് കൊണ്ട് എനിക്ക് ശരിക്കും ഹൈപ്പ് കിട്ടുകയും ചെയ്തു. ഇന്ത്യന്‍ ഐഡളില്‍ കൂടിത്തന്നെ വന്ന നേഹാ കക്കര്‍, സംഗീതസംവിധായകരായ അനു മാലിക്, വിശാല്‍ എന്നീ ജഡ്ജസിന്റെ മുന്നില്‍ പാടാനായത് വലിയ ഭാഗ്യം.
ഡേര്‍ട്ടി പിക്ചറിന്റെ സംഗീതസംവിധായകരില്‍ ഒരാളായ വിശാല്‍ സാറിന്റെ മുന്നില്‍ ഹൂലല്ലാ എന്ന പാട്ട് മെയില്‍-ഫീമെയില്‍ വോയിസില്‍ പാടാനായത് അനുഗ്രഹമായി. ഒരു ഗായികയെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം.
മുമ്പും മുംബൈ എനിക്ക് ഭാഗ്യങ്ങള്‍ തന്നിട്ടുണ്ട്്. അനില്‍ കപൂര്‍ അതിഥിയായി വന്ന ഒരു ഷോയില്‍ പാട്ടു പാടാനും അദ്ദേഹത്തെ സ്റ്റേജില്‍ വിളിച്ച് കയറ്റി ഒപ്പം ഡാന്‍സ് ചെയ്യാനും കഴിഞ്ഞു. കരിയറില്‍ ഒരുപാട് സന്തോഷങ്ങള്‍ തന്ന സ്ഥലമാണ് മുംബൈ.
എനിക്ക് ചെറുപ്പം മുതല്‍ കലാതാല്പര്യമുണ്ടായിരുന്നു. ഞായറാഴ്ചയിലായിരുന്നു എനിക്കേറ്റവും തിരക്ക്. പാട്ടും ഡാന്‍സും വാദ്യോപകരണങ്ങളുമൊക്കെ പഠിച്ചു. അച്ഛനുമമ്മയും പൂര്‍ണ്ണ പിന്തുണ തന്നു. മിക്ക കോമ്പറ്റീഷനുകളിലും ഞാന്‍ പങ്കെടുത്തു. മോശമായി പാടിയാലും അച്ഛന് എനിക്കൊപ്പം നില്ക്കുമായിരുന്നു. പരാജയപ്പെട്ടാലും വിഷമം വരാന്‍ അമ്മയും സമ്മതിച്ചിരുന്നില്ല. വയലിനും പാട്ടുമായിരുന്നു എനിക്ക് ഏറ്റവും പ്രിയം.
സ്കൂളിലാണെങ്കിലും തബലയും മൃദംഗവുമൊക്കെ പഠിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം കലയും കൊണ്ടുപോകാന്‍ കഴിഞ്ഞു. എല്‍.കെ.ജി മുതല്‍ പ്ലസ് ടൂ വരെ ഞാന്‍ പഠിച്ച ഹോളി ഏയ്ഞ്ചല്‍സ് സ്കൂളാണ് എന്നിലെ കലാകാരിയെ വളര്‍ത്തിയത്. അതിന് ശരിക്കും പങ്കു വഹിച്ചത് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലൂയിസയാണ്.
അക്കാലത്ത് ഏഷ്യാനെറ്റിലെ സ്വരമഞ്ജരിയിലും കൈരളിയിലെ ഗന്ധര്വ്വസംഗീതത്തിലും ഞാനെത്തിയതോടെ ഗാനമേള ടീമുകളില്‍ നിന്ന് വിളി വന്നു. ഞാനന്ന് ഒന്‍പതില്‍ പഠിക്കുകയാണ്, റിമി ടോമിയൊക്കെ തിളങ്ങി വരുന്ന സമയം. ഒരിക്കല്‍ ടാഗോര്‍ തിയേറ്ററില്‍ സമ്മാനം വാങ്ങാന്‍ നില്ക്കുമ്പോള് റിമി അവിടെ പാടാനെത്തി. അത്രയടുത്ത് ഒരു പ്രൊഫഷണല്‍ ഗായികയെ കാണുന്നത് അന്നാണ്.
പിന്നീട് ഗാനമേളകളില്‍ സജീവമായപ്പോള്‍ ഞാനറിയാതെ റിമി എന്നെ സ്വാധീനിച്ചു. ഒരുക്കത്തിലും വേദിയിലെ പെര്‍ഫോമന്‍സിലും ഡ്രസ്സിംഗിലുമൊക്കെ ഞാനൊരു കൊച്ചു റിമിയായി. കൈ നിറയെ വേദികളും കിട്ടിത്തുടങ്ങി. പക്ഷേ പത്താം ക്ലാസിലെത്തിയപ്പോള്‍ അമ്മയെന്നോട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു. ഞാന്‍ വേദികളോടങ്ങനെ താത്കാലികമായി ഗുഡ്ബൈ പറഞ്ഞു.
എന്റേത് മെലഡിക്കു പറ്റിയ ശബ്ദമാണെങ്കിലും പെര്ഫോമന്സുള്ളത് കൊണ്ട് അടിച്ചുപൊളി പാട്ടുകളാണധികം പാടിയിരുന്നത്. മെലഡിയും അടിച്ചുപൊളിയും പാടിയെങ്കിലേ പ്രോഗ്രാമില്‍ ഇംപാക്ട് ഉണ്ടാവൂൂ എന്നെന്നോടൊരു പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞത് മനസ്സില്‍ തൊട്ടു. അങ്ങനെ ഡോക്ടറെ കണ്ട് വോയിസ് ക്ലിയറാക്കി മെലഡിയും പാടിത്തുടങ്ങി. ശരിക്കുമതൊരു തിരിച്ചു വരവ് തന്നെയായി.
അതുപോലെ കന്യാകുമാരിയില്‍ നടന്ന പുതുവര്‍ഷ പരിപാടിയില്‍ ഒപ്പമുള്ള ഗായകന് പാടാന്‍ പറ്റാതെ വന്നതും മറ്റൊരു വഴിത്തിരിവായി. അന്ന് ഒരാള്‍ പിന്തുണ തന്നെങ്കിലും ഞാനറിയാതെ ഹൂലല്ലാ രണ്ടു വോയിസില്‍ പാടി. അന്നെനിക്ക് സോഷ്യല്‍ മീഡിയ പ്രൊമോഷനില്ല, മാര്ക്കറ്റിംഗില്ല, ആരോടും ചെന്ന് പരിപാടി ആവശ്യപ്പെടാറില്ല.
രണ്ടു വോയിസില്‍ പാടുമെന്ന് ശ്രദ്ധിക്കപ്പെട്ടത് മൗത്ത് പബ്ലിസിറ്റി വഴി മാത്രമാണ്. ഒരു വേദിയില്‍ നിന്ന് അടുത്ത വേദിയിലേക്ക് ഞാനങ്ങനെ പാഞ്ഞു. ഇതിനിടെ വിവാഹമെന്ന കടമ്പയും കടന്നു. അത് പിന്നീട് പറയാം.
ഇതിനിടയില്‍ അവിചാരിതമായി ഒരു ഷോക്ക് വന്നു, അച്ഛന്റെ മരണം. അത് ശരിക്കുമെന്നെ തകര്‍ത്തു. എന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് അച്ഛനാണ്. പേയ്മെന്റും, ഷോ കോ-ഓര്ഡിനേഷനുമൊക്കെ. അച്ഛനില്ലാതായപ്പോ ള്‍ നിര്‍ണ്ണായകമായൊരു വഴിത്തിരിവെന്റെ ജീവിതത്തില്‍ വന്നു. മരിക്കും മുന്‍പ് അച്ഛന് ആകെ ആവശ്യപ്പെട്ടത് മോളെ, നീ ഒരിക്കലും പാട്ട് നിര്‍ത്തരുത്. എത്രയൊക്കെ ബുദ്ധിമുട്ടിയാലും നീ അത് കൂടെ കൂട്ടണം.എന്നാണ്. ഗര്‍ഭിണിയായ എന്റെ ആരോഗ്യസ്ഥിതിയെക്കാള് അച്ഛന് പാട്ടായിരുന്നു പ്രധാനം.
സത്യത്തില്‍ പാട്ടില്‍ തന്നെ നില്‍ക്കണമെന്നും അച്ഛനില്ലാതായെങ്കിലും ആ ആഗ്രഹം സാധിച്ചു കൊടുക്കണമെന്നതു എന്റെ കടമയായി മാറി. അതിനൊക്കെ കാരണമായത് സംഗീത വേദികളാണ്. ജയാ ടിവിയില്‍ സൂപ്പര്‍ സിംഗര്‍ സൗത്ത് ഇന്ത്യയില്‍ മത്സരിച്ചത് അക്കാലത്താണ്. എന്റെ മകന് ഒരു വയസ്സുള്ളപ്പോള്‍ ആ പരിപാടിയില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടി. ഞാന്‍ വിചാരിച്ചതിലും പ്രശസ്തി അതു തന്നു.
എങ്കിലും അച്ഛന് പോയതോടെ എന്റെ കാര്യങ്ങള്‍ ഉത്തരവാദിത്തതോടെ ചെയ്യാന്‍ എനിക്ക് ആളില്ലാതായി. സ്വന്തം രീതിയില്‍ പ്രൊമോഷന് ആവശ്യമായതോടെ സോഷ്യല്‍ മീഡിയയില്‍ രണ്ടു ശബ്ദത്തില്‍ പാടി ഫെയ്സ്ബുക്കിലൂടെയും മറ്റും ഞാന്‍ പ്രൊമോഷന് ചെയ്തു.
ജയാ ടിവി ഓഡിഷന് ചെന്നൈയില്‍ കൊണ്ടുപോയത് അദ്ദേഹമാണ്. സമ്മാനം വാങ്ങും വരെ പ്രസന്നമായിട്ടിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. സമ്മാനം വാങ്ങിയപ്പോള്‍ അദ്ദേഹം ഡെസ്പായി. അതിന്റെ കാരണമിന്നും എനിക്കറിയില്ല.
ആ മത്സരത്തിന് ശേഷം അദ്ദേഹമെന്നെ പിന്നോട്ട് വലിച്ചു തുടങ്ങി. പിന്നീട് എന്നില്‍ നിന്ന് പതിയെ അകന്നു. വേറെ ജോലിയൊന്നും എനിക്കറിയാത്തതു കൊണ്ടും മകന്റെ ഉത്തരവാദിത്തവും കുടംബ കാര്യവും എന്റെ തലയിലായതോടെയും വീണ്ടും വേദികളില്‍ സജീവമായേ പറ്റൂ എന്ന അവസ്ഥ വന്നു.
പക്ഷേ അദ്ദേഹത്തിന്റെ അകല്‍ച്ച കാരണം സംഗീതം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അപ്രതീക്ഷിതമായി ഫ്ളവേഴ്സ് ടിവിയില്‍ എത്തിയതോടെ ഞാന്‍ വിചാരിച്ചതിന്റെ ഇരട്ടി പ്രശസ്തിയായി. പിന്നീടെനിക്ക് ഒരു മിനിറ്റ് നില്‍ക്കാനാവാത്തത്ര തിരക്കായി.
ഭര്‍ത്താവിന്റെ പിന്തുണയില്ലെന്ന് പറയുമ്പോഴും എന്റെ എല്ലാ വിജയത്തിനും കാരണം അദ്ദേഹമാണ്. പലപ്പോഴും അദ്ദേഹം തന്ന ചലഞ്ചുകളാണ് എന്നെ വീണ്ടും വീണ്ടും ഉയര്‍ത്തിയത്. ഞങ്ങള്‍ പിണങ്ങിയിരുന്നപ്പോള് ഡിപ്രഷന് വരാതിരിക്കാന്‍ 10 വര്‍ഷത്തിനു ശേഷം ഞാന്‍ വയലിന് വീണ്ടും വായിച്ചു തുടങ്ങി, ആനയെപ്പോലിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വണ്ണം കുറച്ചു... അങ്ങനെ എല്ലാം അദ്ദേഹത്തിന്റെ വാക്കുകളുടെ സ്വാധീനം കൊണ്ടാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ നന്മയ്ക്കു വേണ്ടിയായിരുന്നോ?, എനിക്കിന്നുമറിയില്ല. പലപ്പോഴും ഭാര്യമാര്‍ ഭര്ത്താക്കന്മാരെ കൂടുതല്‍ ആശ്രയിക്കുന്നതു കൊണ്ടാണ് ജീവിതത്തില്‍ എങ്ങുമെത്താത്തത്. പെട്ടെന്ന് ഒരു ദിവസം ഭര്‍ത്താവെന്ന ആശ്രയം ഇല്ലാതെ വരുമ്പോള്‍ അവരൊക്കെ എന്തു ചെയ്യും. അതു വച്ചു നോക്കുമ്പോള്‍ എനിക്ക് ഇന്നത്തെ ഈ ലക്ഷ്മിയായി മാറാന്‍ സഹായിച്ചത് അദ്ദേഹമാണ്. പോസിറ്റീവായി ഇന്ഡിപെന്റഡായി എന്നെ മാറ്റിയത് അദ്ദേഹമാണ്.
എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹത്തിന് ആകെയുള്ള പ്രശ്നം ഞാന്‍ വേദികളില്‍ പെര്‍ഫോം ചെയ്യുന്നതാണ്. ഏതൊരു പുരുഷനെയും പോലെ അദ്ദേഹുമത് എതിര്‍ക്കുന്നു. ഇതാണ് പ്രശ്നമെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ കള്ളത്തരം കാണിക്കില്ല.
യഥാര്‍ത്ഥ സ്വഭാവം മറച്ചുവയ്ക്കാന്‍ എനിക്കറിയില്ല. എനിക്കിന്നും അദ്ദേഹത്തോട് സ്നേഹം തന്നെയാണ്. പലപ്പോഴും ദൈവം എന്നിലേക്കെത്തിക്കേണ്ട കാര്യങ്ങള്‍ ഭര്‍ത്താവെന്ന മീഡിയത്തില്‍ കൂടിയാണ് എത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്നു കാണുന്ന ഞാനായി എന്നെ മാറ്റിയതില്‍ ഒരു കാരണം അദ്ദേഹമാണ്.
2008 മുതല്‍ സൂര്യ ടി.വി, കൈരളി വി, ദൂരദര്ശന്, ഏഷ്യാനെറ്റ്, എ.സി.വി എന്നിവയിലടക്കം അവതാരകതാരകയായത്, ഐഡിയ സ്റ്റാര്‍ സിംഗര്‍, ഗാനമേളകള്‍, ജയാ ടിവി പ്രോഗ്രാം, ഫ്ളവേഴ്സ് ടിവിയിലെ പരിപാടി അവസാനം ഏതൊരു ഗായികയും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഐഡള്‍... അങ്ങനെ എല്ലാം എന്നിലേക്ക് വന്നതാണ്.
ഇന്ത്യന്‍ ഐഡള്‍ വേദിയില്‍ വച്ച് ഭര്‍ത്താവ് അകന്നു നില്‍ക്കുകയാണെന്ന് പറഞ്ഞതോടെ അദ്ദേഹം തിരിച്ചു വന്നു. അങ്ങനെ എല്ലാം സംഗീതം തന്നതാണ്. പിന്നെ എല്ലാമെല്ലാമായ അച്ഛന്റെ അനുഗ്രഹവുമുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ അച്ഛന് എന്റെ ഭര്‍ത്താവിനോട് ആകെ ആവശ്യപ്പെട്ടത് എന്റെ പേരിനൊപ്പമുള്ള ജയന് മാറ്റരുത് എന്നാണ്. അതദ്ദേഹം അനുസരിക്കുകയും ചെയ്തു.
പലപ്പോഴും ത്രോട്ട് ഇന്ഫക്ഷന് കാരണം എനിക്ക് പാടാന്‍ പറ്റാതാകുമോ എന്നൊക്കെ സംശയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അതിനെ മറി കടന്നത് ഈശ്വര കടാക്ഷം കൊണ്ടാണ്.
എന്റെ കര്‍മ്മഫലം കൊണ്ടാണ്, അച്ഛനും അമ്മയും ചെയ്ത നല്ല പ്രവൃത്തികള്‍ കൊണ്ടാണ് എനിക്കിത്രയും അനുഗ്രഹങ്ങള്‍ കിട്ടിയത്. അച്ഛന് എന്നെ ഏല്‍പ്പിച്ചു പോയ അമ്മയെ പൊന്നുപോലെ നോക്കണം, മൂന്നരവയസ്സുള്ള മകന് ആര്.എല്‍ ആരോഹിനെ നന്നായി വളര്‍ത്തണം. അറിയപ്പെടുന്ന പിന്നണി ഗായികയാകണം. സംഗീതമയമായി ജീവിതം എന്നും നിലനിര്‍ത്തണം... ഇതാണ് ആഗ്രഹം...