Thursday, June 27, 2019 Last Updated 27 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.04 AM

ഭാരത്‌ ബന്ദ്‌ നല്‍കുന്ന സൂചനകള്‍

uploads/news/2018/09/247947/editorial.jpg

ഇന്ധനവില വര്‍ധനയില്‍ രാജ്യമൊന്നാകെ പ്രതിഷേധത്തിലാണെന്നതിന്റെ സൂചനയാണു തിങ്കളാഴ്‌ച നടന്ന ഭാരത്‌ ബന്ദിനോട്‌ രാജ്യവ്യാപകമായുണ്ടായ പ്രതികരണം. അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നില്‍ക്കുമ്പോഴും ഇന്ത്യയില്‍ എണ്ണവില ഉയരുന്ന പ്രതിഭാസം ജനങ്ങളെ ഒന്നടങ്കം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌. ഭാരത്‌ ബന്ദ്‌ നടന്ന തിങ്കളാഴ്‌ചയും ഇന്ധന വില ഉയര്‍ന്നു. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു എന്നറിഞ്ഞിട്ടും ഇന്ധനവില കുറയ്‌ക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കുകയും ചെയ്‌തു. ഇതിനുപിന്നാലെ ഇന്നലെയും ഇന്ധന വില ഉയര്‍ന്നു. മഹാരാഷ്‌്രടയില്‍ പെട്രോള്‍ വില 90 രൂപ കടന്നു. മറ്റു സംസ്‌ഥാനങ്ങള്‍ ഈ നിലയിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ദേശവ്യാപകമായി നടന്ന ബന്ദിനോടുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്‌. കോണ്‍ഗ്രസാണു ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌. 21 രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യമെമ്പാടും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികളായ ആം ആദ്‌മി പാര്‍ട്ടിയും ഇതിനെ പിന്തുണച്ചു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ബി.ജെ.പിയുടെ ശക്‌തികേന്ദ്രമായ മധ്യപ്രദേശിലെ വിവിധ സ്‌ഥലങ്ങളിലും ഭാരത്‌ ബന്ദില്‍ പ്രതിഷേധമിരമ്പി എന്നത്‌ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും ജനങ്ങളുടെ മനസിലിരിപ്പ്‌ സംബന്ധിച്ച്‌ മുന്നറിയിപ്പു നല്‍കുന്നതാണ്‌. സാധാരണ ഹര്‍ത്താലും ബന്ദും ബാധിക്കാത്ത ഝാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌, ബിഹാര്‍, മണിപ്പൂര്‍, മഹാരാഷ്‌്രട, പോണ്ടിച്ചേരി തുടങ്ങിയ സംസ്‌ഥാനങ്ങളിലും ജനം ബന്ദിനൊപ്പം നിന്നു. പ്രതിപക്ഷപാര്‍ട്ടികളുടെ ഏകീകരണത്തിനു വേദി കൂടിയായി ദേശീയ ബന്ദ്‌. കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ബന്ദിന്‌ ഡി.എം.കെ, എം.ഡി.എം.കെ, സമാജ്‌ വാദി പാര്‍ട്ടി, ജെ.ഡി.എസ്‌, ആര്‍.ജെ.ഡി, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്‌, മുസ്ലിം ലീഗ്‌, ആര്‍.എസ്‌.പി, ജെ.എം.എം, ജെ.വി.എം, എം.എല്‍.എസ്‌ തുടങ്ങിയ പാര്‍ട്ടികളാണു പിന്തുണ പ്രഖ്യാപിച്ചത്‌. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകം പ്രതിഷേധം നടത്തുകയും ചെയ്‌തിരുന്നു. പശ്‌ചിമബംഗാളിലും തമിഴ്‌നാട്ടിലും ഇടത്‌ കക്ഷികളും കോണ്‍ഗ്രസും ഒന്നിച്ചു പ്രകടനം നടത്തി. ആം ആദ്‌മി പാര്‍ട്ടി ഇടതുപാര്‍ട്ടികളുടെ പ്രതിഷേധത്തിലും പങ്കെടുത്തു. ഈ വര്‍ഷം അവസാനം വിവിധ സംസ്‌ഥാനങ്ങളിലും ഏതാനും മാസങ്ങള്‍ക്കുശേഷം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ പ്രതിപക്ഷകക്ഷികളുടെ ഈ ഐക്യം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമാണ്‌. ഇന്ധന വിഷയത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ അതിശക്‌തമായ സമരം നടത്താനാണ്‌ പ്രതിപക്ഷ തീരുമാനം. ഈ സ്‌ഥിതിവിശേഷത്തെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിനു സുപ്രധാനമാണ്‌.

ഇന്ധനവിലയില്‍ പകുതിയിലധികവും വിവിധ നികുതികളാണ്‌. നികുതി കുറച്ച്‌ ജനങ്ങളുടെ ഭാരം ലഘൂകരിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്‌. ഈ നടപടി ധനക്കമ്മി ഉണ്ടാക്കുമെന്നും അത്‌ വികസനത്തിന്‌ തടസമാകുമെന്നുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്‌. കഴിഞ്ഞയാഴ്‌ച നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തിലും ഇന്ധനവില ചര്‍ച്ചാവിഷയമായില്ല. സംസ്‌ഥാനങ്ങള്‍ നികുതി കുറയ്‌ക്കട്ടെ എന്നാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. രാജസ്‌ഥാന്‍, ആന്ധ്രാപ്രദേശ്‌, പശ്‌ചിമ ബംഗാള്‍ തുടങ്ങിയ സംസ്‌ഥാനങ്ങള്‍ നികുതി കുറച്ചു. എന്നാല്‍, കേരളമടക്കമുള്ള സംസ്‌ഥാനങ്ങള്‍ അതിനു തയാറാകുന്നില്ല. കൊടും പ്രളയത്തിനുശേഷം നവകേരളം കെട്ടിപ്പടുക്കാന്‍ ഒരുങ്ങുന്ന സംസ്‌ഥാനത്തിന്‌ നികുതി കുറയ്‌ക്കാനാവില്ലെന്നു വാദിക്കാം. പക്ഷേ, കേരളം കെട്ടിപ്പടുക്കാന്‍ ഇനിയും പോക്കറ്റില്‍ നിന്നും പണം കൊടുക്കേണ്ട ജനം ഇന്ധനവില അടിക്കടി കൂടുന്നതോടെ ആകെ വലയുകയാണ്‌. ജനങ്ങളെ ഈ വിഷമവൃത്തത്തില്‍നിന്ന്‌ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു.

Ads by Google
Wednesday 12 Sep 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW