Thursday, June 13, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 12 Sep 2018 02.03 AM

കേരളം ഇനിയും പഠിക്കേണ്ട സ്വാമി വിവേകാനന്ദന്‍

uploads/news/2018/09/247946/bft1.jpg

സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. അമേരിക്കയിലെ സഹോദരീ, സഹോദരന്‍മാരെ എന്നു തുടങ്ങിയ വിഖ്യാതമായ ആ പ്രസംഗം 1893 സെപ്‌റ്റംബര്‍ 11 നായിരുന്നു. വേദാന്ത തത്ത്വശാസ്‌ത്രത്തിന്റെ ഏറ്റവും ശക്‌തനായ വക്‌താവായിരുന്നു സ്വാമി വിവേകാനന്ദന്‍.
ഭാരതത്തിലെമ്പാടും സഞ്ചരിച്ച്‌ നാടിനേയും നാട്ടുകാരെയും അടുത്തറിഞ്ഞ്‌, പോയിടത്തെല്ലാം ജനതയുടെ സ്‌നേഹവാത്സല്ല്യങ്ങള്‍ നേടാന്‍കഴിഞ്ഞ ആധുനികകാലത്തെ ആത്മീയ ഗുരുവാണു സ്വാമി. യു.എസിലെ ഷിക്കാഗോയില്‍ 125 വര്‍ഷം മുമ്പ്‌ നടന്ന ആ സര്‍വമത സമ്മേളനം ഭാരതീയര്‍ക്ക്‌ ഉള്‍പ്പുളകത്തോടെയെ അനുസ്‌മരിക്കാന്‍ കഴിയു. മിഷിഗണ്‍ അവന്യുവിലെ പുതുതായി പണികഴിപ്പിച്ച ആര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഷിക്കാഗോ ആയിരുന്നു സമ്മേളന വേദി.
ലോക കൊളംബിയന്‍ എക്‌സ്‌പോസിഷന്റെ ഭാഗമായാണ്‌ പാര്‍ലമെന്റ്‌ ഓഫ്‌ റിലിജിയന്‍സ്‌ സംഘടിപ്പിച്ചത്‌. ഏറെ പ്രയാസങ്ങള്‍ക്കു ശേഷമാണു സ്വാമിക്കു സമ്മേളന വേദി കണ്ടുപിടിക്കാനായത്‌. ഷിക്കാഗോ സ്‌റ്റേഷനില്‍ വച്ച്‌ പോകാനുള്ള സ്‌ഥലംകുറിച്ച തുണ്ട്‌ കടലാസ്‌ നഷ്‌ടപ്പെട്ടത്‌ അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചു. എങ്ങോണ്ടു പോകണമെന്നറിയാതെ അവിടെ ഏറെനേരം വിഷമിച്ചുനിന്നു. സംശയം ചോദിച്ച വഴിപോക്കരെല്ലാം അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. സ്വാമിയുടെ കാവി വസ്‌ത്രധാരണം അമേരിക്കക്കാര്‍ക്ക്‌ അപരിചിതമായിരുന്നു. വഴിതെറ്റിഅലയുന്ന യാചകന്‍ എന്നാണു മിക്കവരും ധരിച്ചത്‌.
വൈദ്യുതദീപപ്രഭയില്‍ മിന്നി നില്‍ക്കുന്ന ഷിക്കാഗോ നഗരം തികച്ചും അന്യമായിരുന്നു. നിസഹായതയും അനിശ്‌ചിതത്വവും നിറഞ്ഞ മനസുമായി സ്വാമി അന്ന്‌ രാത്രി സ്‌റ്റേഷനില്‍ സ്വന്തം പെട്ടി കിടക്കയാക്കി (ചില ശിഷ്യന്‍മാര്‍ സ്വാമി ഒഴിഞ്ഞ ഗുഡ്‌സ്‌ വാഗണിലാണ്‌ ഉറങ്ങിയതെന്ന്‌ എഴുതിയിട്ടുണ്ട്‌). രാവിലെ പെട്ടിയും തൂക്കി നഗരത്തിലേക്കിറങ്ങിയ സ്വാമി എങ്ങോട്ട്‌ പോകണമെന്നറിയാതെ കുഴങ്ങി. വിശപ്പും ദാഹവും മൂലം പലവീടുകളിലും മുട്ടിവിളിച്ചു. ചെളിപുരണ്ട വസ്‌ത്രവും ധരിച്ച്‌ സമ്പന്നനഗരമായ ലേക്‌ഷോര്‍ ഡ്രൈവിലൂടെ നടന്ന പലരും പരിഹസിച്ചു. അലഞ്ഞു ക്ഷീണിതനായ അദ്ദേഹം തെരുവോരത്തെ ഒരു മരച്ചുവട്ടില്‍ തളര്‍ന്നിരുന്നു. ഇതെല്ലാം എതിര്‍വശത്തെ ഒരു വീട്ടിലിരുന്ന്‌ ഒരു സ്‌ത്രീ കാണുന്നുണ്ടായിരുന്നു. ദയനീയാവസ്‌ഥ മനസിലാക്കിയ അവര്‍ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടു പോയി. വിശന്നു വലഞ്ഞ സ്വാമിക്കു മുന്നില്‍ ദൈവം എലന്‍ ജോര്‍ജ്‌ ഹെയിന്‍ എന്ന വനിതയുടെ രൂപത്തിലാണെത്തിയത്‌. അവര്‍ സ്വാമിക്ക്‌ ഭക്ഷണം, വസ്‌ത്രം തുടങ്ങിയവ നല്‍കി. തന്റെ മുന്നിലുള്ള മനുഷ്യന്‍ അസാധാരണ ശക്‌തിവിശേഷമുള്ള ആളാണെന്ന്‌ ഹെലനു കുറച്ചു നിമിഷങ്ങള്‍ കൊണ്ടു ബോധ്യമായി.
ഏറ്റവും അദ്‌ഭുതകരമായ വസ്‌തുത അവര്‍ ലോകമത സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്നു എന്നതാണ്‌. അവര്‍ സ്വാമിയെ നടത്തിപ്പുകാരില്‍ പ്രധാനി ഡോ. ജെ.എച്ച്‌. ബാരോസിന്റെ മുന്നിലെത്തിച്ചു. മുന്നിലെത്തിയ വ്യക്‌തി അപാരമായ പാണ്ഡിത്യമുള്ളയാളാണെന്നു ബാരോസിന്‌ അല്‍പ്പനേരം കൊണ്ടു മനസിലായി. അങ്ങനെയാണ്‌ സ്വാമി വിവേകാനന്ദന്‌ പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്‌. കേരളം ഒരു ഭ്രാന്താലയമാണെന്ന വിവേകാനന്ദന്റെ പരാമര്‍ശം വിഖ്യാതമാണ്‌. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്‌, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചുചെയ്‌ത ഭാരതത്തിന്റെ ഭാവി എന്ന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അന്നത്തെ കേരളത്തില്‍ സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി അധഃസ്‌ഥിതര്‍ക്കു സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. വാസ്‌തവത്തില്‍ അന്നത്തെ മലബാറിലൂടെയല്ല, കൊച്ചിയിലൂടെയും തിരുവിതാംകൂറിലൂടെയുമാണ്‌ സ്വാമിജി യാത്ര ചെയ്‌തത്‌. ആ നിലയ്‌ക്ക്‌ മലബാര്‍ എന്ന സൂചനയ്‌ക്ക്‌ കേരളം എന്നും മലബാറുകാരെല്ലാം ഭ്രാന്തന്മാരാണെന്നുമുള്ള പരാമര്‍ശത്തിന്‌ കേരളം ഭ്രാന്താലയമാണെന്നും പില്‍ക്കാലത്ത്‌ അര്‍ഥയോജന ചെയ്യുകയായിരുന്നു. മലബാര്‍ നാട്ടില്‍ കണ്ട ഭ്രാന്തന്‍ സമ്പ്രദായം ലോകത്ത്‌ മറ്റെവിടെയെങ്കിലും കാണുമോ. മലബാറില്‍ മേല്‍ജാതിക്കാരന്‍ നടക്കുന്ന അതേ വഴിയിലൂടെ കീഴാളന്‍ പേരുമാറ്റി ഒരു ഇംഗ്ലീഷ്‌ പേരിട്ടു നടന്നാല്‍ അയിത്തം മാറി. അല്ലെങ്കില്‍ മാര്‍ഗം കൂടിയാല്‍ മതി.
യാദൃശ്‌ചികമായാണു സ്വാമി വിവേകാനന്ദന്‍ കേരളത്തിലെത്തിയത്‌. ബാംഗ്ലൂരില്‍ വച്ചു ഡോ. പല്‍പ്പുവും സ്വാമിയുമായുള്ള കൂടിക്കാഴ്‌ചയാണ്‌ അതിന്‌ വഴിതെളിച്ചത്‌. ഡോ. പല്‍പ്പുവുമായുള്ള സമാഗമമായിരുന്നു കേ.രളത്തിലെത്താന്‍ സ്വാമിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. വിവേകാനന്ദനും ഡോ. പല്‍പ്പുവുമായുണ്ടായ സമാഗമത്തെക്കുറിച്ച്‌ മലയാളത്തില്‍ ആദ്യമായി എഴുതുന്നത്‌ ആര്‍. സുഗതനാണ്‌. ശ്രീരാമകൃഷ്‌ണ പരമഹംസരുടെ മഹാസമാധിക്കുശേഷം 1890 -ാമാണ്ടിന്റെ മദ്ധ്യത്തില്‍ ബംഗാളില്‍നിന്ന്‌ ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.
ചതുര്‍ധാമങ്ങളില്‍പ്പെട്ട രാമേശ്വരം സന്ദര്‍ശിച്ച്‌ തന്റെ പരിവ്രജനം പൂര്‍ണമാക്കണമെന്നായിരുന്നു ഉദ്ദേശ്യം. ബാംഗ്ലൂരില്‍ (ഇന്നത്തെ ബംഗളുരു) നിന്നു ഷൊര്‍ണൂരിലേക്കാണ്‌ അദ്ദേഹമെത്തിയത്‌. വരുന്ന വഴി 1892 നവംബര്‍ 27 ന്‌ പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനിലെത്തി വണ്ടിയിറങ്ങിയ സ്വാമിയെ കൊല്ലങ്കോട്ടു രാജാവായ വാസുദേവ രാജായുടെ സേവകനായ ഒരു ബ്രാഹ്‌മണന്‍ പരിചയപ്പെട്ടു. സ്വാമിയില്‍ ആകൃഷ്‌ടനായ അദ്ദേഹം പത്തു രൂപ ദക്ഷിണ നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ഒരു നേരത്തെ ഊണിനു വേണ്ട രണ്ടണ അതില്‍ നിന്നെടുത്ത്‌ ബാക്കി തിരിച്ചു നല്‍കി. ഷൊര്‍ണൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തെ കാവിന്റെ കിഴക്കേനടയിലുള്ള കോവിലകത്തേക്ക്‌ സ്വാമി ക്ഷണിച്ചെന്നും അവിടുത്തെ ഗോസായി ചാവടിയില്‍ ഉപവിഷ്‌ടനായിരിക്കുമ്പോള്‍ തമ്പുരാട്ടിമാര്‍ പ്രായഭേദമന്യേ അകത്തളത്തില്‍ സംസ്‌കൃതത്തില്‍ സംസാരിക്കുന്നതു സ്വാമി കേട്ടെന്നു ശ്രീരാമകൃഷ്‌ണ സംഘസന്ന്യാസിയും ശിഷ്യനുമായിരുന്ന മൈത്രാനന്ദസ്വാമി രേഖപ്പെടുത്തി. അവരുടെ ശുദ്ധ, സ്‌പഷ്‌ട സംസ്‌കൃതം സ്വാമിയെ അത്‌ഭുതപ്പെടുത്തി. വിവേകാനന്ദ സ്വാമി ന്യൂയോര്‍ക്കിലെ (വിവേകാനന്ദ ഹൗസ്‌) തൗസന്റ്‌ ഐലന്റ്‌ പാര്‍ക്കിലെ ഒരു കെട്ടിടത്തില്‍ പന്ത്രണ്ട്‌ ശിഷ്യരോടൊത്തു രണ്ടു മാസം താമസിച്ചിരുന്നു. ഇവിടെവച്ചാണു സ്വാമി കൊടുങ്ങല്ലൂരിലെ വിദുഷികളുടെ സംസ്‌കൃത പാണ്ഡിത്യത്തെക്കുറിച്ച്‌ ആദ്യമായി സംസാരിച്ചത്‌. കേരളത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും അറിയാവുന്ന വിവേകാനന്ദ സ്വാമി കേരളത്തെ നന്നായി സ്‌നേഹിച്ചിരുന്നു.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 12 Sep 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW