Thursday, July 04, 2019 Last Updated 50 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.02 AM

സമരവേദിയിലെ കന്യാസ്‌ത്രീകള്‍ പറയുന്നു... "സെമിത്തേരി പോലെ മൂകമാകില്ല"

uploads/news/2018/09/247945/bft2.jpg

ക്രൈസ്‌തവ സഭയിലെ ഒരു ബിഷപ്പിനെതിരേ കന്യാസ്‌ത്രീകള്‍ പരസ്യമായി പ്രതികരിക്കുക! അസംഭവ്യമെന്നു കരുതിയതു സംഭവിച്ചിരിക്കുന്നു. തങ്ങള്‍ക്കു നീതി ലഭിക്കണമെന്ന്‌ അവര്‍ സര്‍ക്കാരിനോടു മാത്രമല്ല, പൊതുസമൂഹത്തോടു വിളിച്ചുപറയുകയാണ്‌. അവര്‍ക്കു പരാതികളുണ്ട്‌. അതു പറയാന്‍ ഇടം വേണം.
ഇതു ബിഷപ്പില്‍നിന്നു ദുരനുഭവമുണ്ടായെന്നു പരാതിപ്പെട്ട കന്യാസ്‌ത്രീയുടെ മാത്രം കാര്യമല്ല; പ്രാര്‍ഥനയും സേവനവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സന്യാസിനികള്‍ക്കു ശബ്‌ദമുണ്ടാകുകയാണ്‌. "നിങ്ങള്‍ സെമിത്തേരി പോലെ മൗനം പാലിക്കണം" എന്നു പഠിപ്പിച്ചുവച്ചതു ഗ്രന്ഥങ്ങളല്ല, മേലധികാരികളാണെന്ന്‌ ഉച്ചത്തില്‍ പറയുന്നു. കര്‍ത്താവിന്റെ മണവാട്ടിമാര്‍ എന്ന നിര്‍മലമായ വിശേഷണം പേറുമ്പോഴും സഭയില്‍ കന്യാസ്‌ത്രീകള്‍ നിരവധി പീഡനങ്ങള്‍ അനുഭവിക്കുന്നു. ഹൈക്കോടതി വഞ്ചി സ്‌ക്വയറിലെ സമരവേദിയിലിരുന്ന്‌ സിസ്‌റ്റര്‍ അനുപമ, സിസ്‌റ്റര്‍ ജോസഫൈന്‍, സിസ്‌റ്റര്‍ ആല്‍ഫി, സിസ്‌റ്റര്‍ ലീന റോസ്‌ എന്നിവര്‍ പലതും തുറന്നുപറയുകയാണ്‌.

? എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു സമരം

ഞങ്ങളുടെ സഹോദരിക്കുണ്ടായ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകാന്‍ പാടില്ല. സഭയില്‍ കന്യാസ്‌ത്രീകള്‍ നിരവധി പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്‌്. ഇക്കാര്യം പക്ഷേ, സഭയ്‌ക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കുകയാണു പതിവ്‌. പരാതിപ്പെടുന്ന കന്യാസ്‌ത്രീകളെ പുറത്താക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണു സഭ ചെയ്ുന്നയത്‌. മഠങ്ങളില്‍ പല കന്യാസ്‌ത്രീകളും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. നിരവധി പേര്‍ സഭ വിട്ടിട്ടുണ്ട്‌. കന്യാസ്‌ത്രീകള്‍ക്കു പരാതികള്‍ പറയാനും കേള്‍ക്കാനും ഒരു സംവിധാനം വേണം. അതിനു വേണ്ടിയാണ്‌ ഈ പോരാട്ടം.
വിശുദ്ധപാതയില്‍ ജീവിക്കുന്ന ഒട്ടേറെ വൈദികരുണ്ട്‌. തിന്മയുള്ളവരുമുണ്ട്‌. അത്തരക്കാരെ സഭ സംരക്ഷിക്കരുതെന്നാണു ഞങ്ങളുടെ ആവശ്യം. അവര്‍ക്ക്‌ തക്കതായ ശിക്ഷ നല്‍കണം. നേരത്തേ സിസ്‌റ്റര്‍ അഭയയ്‌ക്കുണ്ടായ അനുഭവത്തില്‍നിന്നു സഭ പാഠംപഠിച്ച്‌ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഉചിതമായ ശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു.

? മഠം നിങ്ങള്‍ക്കെതിരായ നിലപാടിലാണല്ലോ

മിഷനറീസ്‌ ഓഫ്‌ ജീസസ്‌ ഉള്‍പ്പെടെ ഞങ്ങളുടെ സമരത്തെ തള്ളിപ്പറയുന്നതില്‍ വിഷമമുണ്ട്‌. ബിഷപ്പിന്റെ സമ്മര്‍ദമായിരിക്കാം കാരണം. രാഷ്‌ട്രീയ, സാമ്പത്തിക സ്വാധീനമുപയോഗിച്ച്‌ കേസ്‌ ഇല്ലാതാക്കാനാണു ബിഷപ്പിന്റെ ശ്രമം. നീതിക്കുവേണ്ടി പോരാടും. ആരോപണങ്ങള്‍ വാസ്‌തവവിരുദ്ധമെന്ന മിഷനറീസ്‌ ഓഫ്‌ ജീസസിന്റെ വാദം ദുരനുഭവമുണ്ടായ കന്യാസ്‌ത്രീയെ വല്ലാതെ വേദനിപ്പിച്ചു. സമരം കഴിഞ്ഞ്‌ തിരിച്ചുചെന്നാല്‍ മഠത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്‌. ആരുമായും ബന്ധമില്ല.

? പീഡനവിവരം രണ്ടു വര്‍ഷം പുറത്തു പറയാതിരുന്നത്‌

ബിഷപ്പില്‍നിന്നു നേരിട്ട ദുരനുഭവം ഇത്രനാളും കന്യാസ്‌ത്രി പുറത്തുപറയാതിരുന്നതു ഭയന്നിട്ടാണ്‌. പുറത്തു പറഞ്ഞാല്‍ ഏതു വിധത്തിലായിരിക്കും പൊതുസമൂഹത്തിന്റെ പ്രതികരണമെന്ന്‌ ആശങ്കയുണ്ടായിരുന്നു. സിസ്‌റ്ററിനു ധൈര്യമില്ലായിരുന്നു, അതിനാലാണ്‌ പുറത്തുപറയാന്‍ വൈകിയത്‌. താന്‍ നേരിട്ട അനുഭവം കന്യാസ്‌ത്രീ സഹോദരനെയും തുടര്‍ന്നു മാര്‍പാപ്പയെയും സഭയിലെ പത്തോളം ബിഷപ്പുമാരെയും അറിയിച്ചു. ഞങ്ങള്‍ രണ്ടു മൂന്നു കന്യാസ്‌ത്രീകള്‍ പിന്തുണ നല്‍കിയതോടെയാണ്‌ അവര്‍ പുറത്തുപറയാന്‍ തയാറായത്‌.

? കന്യാസ്‌ത്രീക്കെതിരേ ഇവര്‍ ഇപ്പോള്‍
ഉയര്‍ത്തുന്ന ആരോപണങ്ങള്‍

ആരോപണങ്ങള്‍ ബിഷപ്‌ ഫ്രാങ്കോ മുളയക്കലിനെതിരേയുള്ള കേസ്‌ വഴിമാറ്റാനൂള്ള തന്ത്രത്തിന്റെ ഭാഗമാണ്‌. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനാണു സഭാ നേതൃത്വം എപ്പോഴും ശ്രമിക്കുന്നത്‌ അതിന്റെ ഭാഗമാണു പരാതി നല്‍കിയ കന്യാസ്‌ത്രീക്കെതിരേ നടക്കുന്ന നീക്കങ്ങള്‍. പരാതി പിന്‍വലിക്കാന്‍ സഹായിച്ചാല്‍ പത്തേക്കര്‍ സ്‌ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. പണവും സ്വാധീനവും ഉപയോഗിച്ചാണു ബിഷപ്‌ ഞങ്ങളെ നേരിടുന്നത്‌.

? പി.സി. ജോര്‍ജിന്റെ പ്രതികരണത്തെ എങ്ങനെ കാണുന്നു

പി.സി. ജോര്‍ജിന്റെ പ്രതികരണത്തില്‍ കന്യാസ്‌ത്രീ കടുത്ത സമ്മര്‍ദത്തിലാണ്‌. ബന്ധുക്കളുടെയും ഞങ്ങളുടെയുമൊക്കെ പിന്തുണയിലാണ്‌ അവര്‍ പിടിച്ചുനില്‍ക്കുന്നത്‌. ജോര്‍ജിന്റെ പല നിലപാടുകളിലും ഞങ്ങള്‍ക്കു സംശയമുണ്ട്‌. ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ അദ്ദേഹത്തിന്റേത്‌. വായില്‍ വരുന്നതു വിളിച്ചുപറയുന്നതാണ്‌ അദ്ദേഹത്തിന്റെ രീതി. പി.സി. ജോര്‍ജിനെതിരേ ഹൈക്കോടതിയെ സമീപിക്കും.

? സഭയില്‍നിന്നു പുറത്താക്കിയാല്‍

ഈ വിഷയത്തിന്റെ പേരില്‍ സഭയില്‍നിന്നു പുറത്താക്കില്ലെന്നാണു കരുതുന്നത്‌. ശിക്ഷാനടപടികള്‍ ഉണ്ടായാലും സമരവുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ല. സംസാരിക്കാന്‍ ഞങ്ങള്‍ക്കും ഒരിടമുണ്ടാകണം. സഭയിലെ മേലധികാരികള്‍ക്കു കീഴില്‍ നില്‍ക്കാനും പ്രതികരിക്കാതിരിക്കാനുമാണു കന്യാസ്‌ത്രീകളെ പഠിപ്പിക്കുന്നത്‌. വരുമാനമുണ്ടെങ്കില്‍ അതു സഭയെ ഏല്‍പ്പിക്കണം. നിങ്ങള്‍ സെമിത്തേരി പോലെ മൗനം പാലിക്കണമെന്നാണു പഠിപ്പിച്ചുവയ്‌ക്കുന്നത്‌. ഇതു പുസ്‌തകങ്ങളില്‍ ഉള്ളതല്ല, മേലധികാരികള്‍ പഠിപ്പിക്കുന്നതാണ്‌. സമരത്തിനു ലഭിക്കുന്ന പിന്തുണയാണു ഞങ്ങളുടെ ശക്‌തി.

? സമരം എത്രനാള്‍ മുന്നോട്ടു കൊണ്ടുപോകും

പരാതി നല്‍കിയ കന്യാസ്‌ത്രീക്കു നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. സെക്രട്ടേറിയറ്റ്‌ പടിക്കലേക്കു സമരം നീട്ടും. ആരുടെയും പ്രേരണയിലല്ല ഞങ്ങള്‍ സമരത്തിനിറങ്ങിയത്‌. ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യുന്നതുവരെ സമരം തുടരും.

Ads by Google
Wednesday 12 Sep 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW