Thursday, June 13, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.02 AM

ശ്വാസം മുട്ടരുത്‌, മണ്ണിനും ചെടികള്‍ക്കും , പ്രളയാനന്തരം കര്‍ഷകര്‍ ചെയ്യേണ്ടത്‌; മാര്‍ഗനിര്‍ദേശങ്ങളുമായി കൃഷിവകുപ്പ്‌

uploads/news/2018/09/247944/bft3.jpg

പ്രളയം കാര്‍ഷിക മേഖലയില്‍ സൃഷ്‌ടിച്ച പ്രതിസന്ധികള്‍ മറികടക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൃഷിവകുപ്പ്‌. കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥരും വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞരും കൃഷി വിജ്‌ഞാന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥരും അടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമാണ്‌ കര്‍ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്‌.

1. പ്രളയം മൂലം അടിഞ്ഞുവന്ന ചെളി കട്ടപിടിച്ച്‌ മണ്ണിലെ വായു സഞ്ചാരം തടസപ്പെടുത്തും. അവ കൃഷി സ്‌ഥലത്ത്‌ തടങ്ങള്‍ കൊത്തിക്കിളച്ചു പഴയ മണ്ണുമായി ഇളക്കി ചേര്‍ക്കണം.
2. സെന്റ്‌ ഒന്നിന്‌ ഒരു കിലോ കുമ്മായമോ ഡോളമൈറ്റോ ചേര്‍ത്തു കൊടുക്കണം. കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണു പരിശോധനഫലത്തില്‍ മഗ്‌നീഷ്യം കുറവായി കണ്ടെത്തിയതിനാല്‍ ഡോളമൈറ്റ്‌ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌.
3. ബഹുവര്‍ഷ വിളകളായ തെങ്ങ്‌, ജാതി എന്നിവയ്‌ക്ക്‌ ഒരു കിലോഗ്രാം ഡോളമൈറ്റ്‌ നല്‍കണം. ഇലകളില്‍ പറ്റിയിരിക്കുന്ന മണ്ണ്‌/ചെളി ചെടിക്ക്‌ ശ്വാസതടസം ഉണ്ടാക്കുന്നതിനാല്‍ വെള്ളം ശക്‌തിയായി ഇലകളില്‍ വീഴുന്നവിധം പമ്പ്‌ ചെയ്യണം.
4. പൊട്ടാഷ്‌ പ്രളയം മൂലം ഒലിച്ചുപോയിട്ടുണ്ട്‌. എങ്കിലും വന്നുകയറിയ മണ്ണില്‍ പൊട്ടാഷിന്റെ അംശം ഉളളതായി പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നു. ഈ മണ്ണ്‌ പഴയ മണ്ണുമായി ഇളക്കി ചേര്‍ക്കുന്നതോടൊപ്പം അതതു വിളകള്‍ക്ക്‌ അനുയോജ്യമായ അളവില്‍ സള്‍ഫേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ ഇലകളില്‍ തളിക്കുന്നതു ഗുണകരമാണ്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ വാഴയ്‌ക്ക്‌ 20 ഗ്രാമും ജാതിക്ക്‌ 30 ഗ്രാമും പച്ചക്കറികള്‍ക്ക്‌ അഞ്ചു ഗ്രാമും ആവശ്യമാണ്‌.
5. മണ്ണ്‌ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ മാത്രമേ വിളകള്‍ക്കു വളപ്രയോഗം നടത്താന്‍ പാടുളളൂ.
6. അമിത മഴമൂലം കുമിള്‍ രോഗസാധ്യത കൂടുതലായതിനാല്‍ രോഗം ബാധിച്ചതും ഉണങ്ങിയതുമായ ചെടികള്‍ പിഴുതുമാറ്റി മണ്ണിലിട്ടു കത്തിച്ചുകളയണം. സ്യൂഡോമോണാസ്‌ തളിക്കലും ട്രൈക്കോഡെര്‍മ ചാണകപ്പൊടിയോടൊപ്പം മണ്ണില്‍ ചേര്‍ക്കുന്നതും രോഗങ്ങള്‍ തടയാന്‍ സഹായിക്കും.

നെല്ല്‌

നെല്‍പാടങ്ങളില്‍ ബാക്‌ടീരിയ മൂലമുള്ള ഇലകരിച്ചില്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചാണകവെള്ളത്തിന്റെ തെളി (50 ഗ്രാം പച്ച ചാണകം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ) തളിച്ചുകൊടുക്കണം. ഏക്കറൊന്നിന്‌ 10 കിലോ പൊട്ടാഷും 20 കിലോ യൂറിയയും ചേര്‍ക്കണം. ടീഫോളിയാര്‍ വളം അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചിനപ്പ്‌ പൊട്ടുമ്പോഴും കതിരിടുമ്പോഴും തളിച്ചുകൊടുക്കണം. പോളചീയല്‍ രോഗം കാണുന്നുണ്ടെങ്കില്‍ ടെബുകോണസോള്‍ 0.4 മി.ലി. ഒരു ലിറ്റര്‍ വെളളത്തില്‍ തളിച്ചുകൊടുക്കണം.

കുരുമുളക്‌

അരകിലോഗ്രാം വീതം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ്‌ നല്‍കണം. ഒരാഴ്‌ചയ്‌ക്കുശേഷം 10 കിലോ ജൈവവളം തൈ ഒന്നിനു നല്‍കണം. കുമിള്‍ബാധയെ ചെറുക്കാന്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ്‌ 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചുവട്ടില്‍ ഒഴിക്കുകയും 1 % വീര്യമുളള ബോര്‍ഡോമിശ്രിതം ഇലകളില്‍ തളിക്കുകയും വേണം.

വാഴ

നശിച്ചുപോകാത്തതും ഭാഗികമായി മുങ്ങിയതുമായ വാഴയ്‌ക്ക്‌ 13.0.45 എന്ന തളിക്കുന്ന വളം 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച്‌ തളിക്കണം. ബാക്‌ടീരിയ കാരണമുണ്ടാകുന്ന മാണചീയല്‍ രോഗം വരുവാന്‍ സാധ്യതയുള്ളതിനാല്‍ ബ്ലീച്ചിങ്‌ പൗഡര്‍ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിയ്‌ക്കണം. അടിഞ്ഞുകൂടിയ മണ്ണ്‌ ഇളക്കി ചേര്‍ക്കുകയും വേണം.

ജാതി

ഇലകളില്‍ പറ്റിയിരിക്കുന്ന ചെളി ശക്‌തിയായി വെള്ളം തളിച്ച്‌ കഴുകി വൃത്തിയാക്കണം. ചുവട്ടില്‍ 300 ഗ്രാം ഡോളമൈറ്റ്‌ നല്‍കണം. അടിഞ്ഞുകൂടിയ മണ്ണ്‌ ഇളക്കിച്ചേര്‍ക്കുകയും വേണം.

പച്ചക്കറി

കൃഷിയിടങ്ങളില്‍ മണ്ണിളക്കി കുമ്മായം ചേര്‍ത്തതിനു രണ്ടാഴ്‌ചയ്‌ക്കുശേഷം പുതിയ തൈകള്‍ വച്ചുപിടിപ്പിക്കാം.

തെങ്ങ്‌, കമുക്‌

ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യത്തില്‍ തളിക്കുന്നത്‌, ഇല ചീയല്‍, കൂമ്പ്‌ ചീയല്‍, മഹാളി മുതലായ രോഗങ്ങള്‍ തടയാന്‍ സഹായിക്കും.
പ്രളയത്തിനുശേഷം എലി ശല്യം കൂടുതലായി ഉണ്ടാകും. കൂട്ടായ സമൂഹ നിയന്ത്രണ മാര്‍ഗത്തിലൂടെ എലിയെ നശിപ്പിക്കണം.

Ads by Google
Wednesday 12 Sep 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW