Wednesday, September 12, 2018 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.56 AM

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്‌: കോഴിക്കോട്‌ സ്വദേശി അറസ്‌റ്റില്‍

uploads/news/2018/09/247933/c2.jpeg

കോഴിക്കോട്‌: കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയായ കോഴിക്കോട്ടുകാരന്‍ ഇരുപതു വര്‍ഷത്തിനുശേഷം അറസ്‌റ്റില്‍. പന്നിയങ്കര യമുന ഹൗസില്‍ എന്‍.പി. നൂഹു എന്ന മാങ്കാവ്‌ റഷീദിനെ(44)യാണ്‌ തമിഴ്‌നാട്‌ സി.ബി.സി.ഐ.ഡി. പ്രത്യേകാന്വേഷണ സംഘം തിങ്കളാഴ്‌ച ചെന്നൈ വിമാനത്താവളത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌ഫോടനത്തിനുശേഷം ദുബായിലേക്കു കടന്ന ഇയാള്‍ മടങ്ങിവരുമ്പോഴായിരുന്നു അറസ്‌റ്റ്‌. 1998 ല്‍ കോയമ്പത്തൂര്‍ സിറ്റി ബീവണ്‍ ബസാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്‌. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വധശ്രമം, ആയുധങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌.
1998 ഫെബ്രുവരി 14-ന്‌ അന്നത്തെ ബി.ജെ.പി. പ്രസിഡന്റ്‌ എല്‍.കെ അദ്വാനി കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനു തൊട്ടുമുമ്പാണു സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയത്‌. 11 കേന്ദ്രങ്ങളിലായി നടന്ന 12 സ്‌ഫോടനങ്ങളില്‍ 58 പേര്‍ മരിച്ചു. 200 പേര്‍ക്ക്‌ പരുക്കേറ്റു. ഈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയെ തമിഴ്‌നാട്‌ പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഒമ്പതു വര്‍ഷം വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മദനിയെ 2007 ഓഗസ്‌റ്റ്‌ ഒന്നിനാണ്‌ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വിട്ടയച്ചത്‌. സ്‌ഫോടന സമയത്ത്‌ മഅദനിക്കൊപ്പം റഷീദ്‌ ഉണ്ടായിരുന്നുവെന്നാണ്‌ തമിഴ്‌നാട്‌ സി.ബി.സി.ഐ.ഡി. സംഘം കണ്ടെത്തിയിട്ടുള്ളത്‌. സംഭവത്തിനുശേഷം ദുബായിലേക്കു കടന്ന റഷീദിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദുബായില്‍ ബന്ധുവിന്റെ ഹോട്ടലില്‍ ജോലിക്കു നിന്ന ഇയാള്‍ ഇതുവരെ നാട്ടില്‍ വന്നിരുന്നില്ല.
1998 ഫെബ്രുവരി 14-ന്‌ നാലുമണിക്കാണ്‌ എല്‍.കെ അദ്വാനി പ്രസംഗിക്കുന്ന തെരഞ്ഞെടുപ്പുയോഗം സംഘടിപ്പിച്ചിരുന്നത്‌. 3.50 നായിരുന്നു ആദ്യ സ്‌ഫോടനം. പിന്നീട്‌ തുടര്‍ച്ചയായി കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഉന്തുവണ്ടികളിലുംവച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചു. ജലാസ്‌റ്റിനും ടൈമറും ഘടിപ്പിച്ചാണ്‌ സ്‌ഫോടനം നടത്തിയത്‌. അദ്വാനിക്കു പ്രസംഗിക്കാന്‍ വേദിയൊരുക്കിയ ഷണ്‍മുഖാനന്ദം റോഡിലും സ്‌ഫോടനം നടന്നിരുന്നു. കേസില്‍ അല്‍ഉമ സ്‌ഥാപകന്‍ എസ്‌.എ ബാഷ, മകന്‍ സിദ്ദിഖ്‌ അലി, സഹോദരന്‍ നവാബ്‌ഖാന്‍ എന്നിവരടക്കമുള്ളവരെ കോടതി ശിക്ഷിച്ചിരുന്നു. മദനിയടക്കം 14 പേരെയാണു കുറ്റക്കാരല്ലെന്നു കണ്ട്‌ വിട്ടയത്‌.

Ads by Google
Wednesday 12 Sep 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW