ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ പരാജയപ്പെട്ടതിനു പിന്നാലെ സെറീനാ വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയന്‍ പത്രം ഹെറാള്‍ഡ് സണ്‍.
ഫൈനലിനിടെ അമ്പയറോടു കയര്‍ത്ത് സെറീന റാക്കറ്റ് എറിഞ്ഞുടച്ചിരുന്നു. ഇത് സൂചിപ്പിച്ച് കോര്‍ട്ടില്‍ അലറി വിളിക്കുന്ന രൂപത്തിലുള്ള കാര്‍ട്ടൂണാണ് ഹെറാള്‍ഡ് സണ്‍ പ്രസിദ്ധീകരിച്ചത്. ഫൈനലില്‍ സെറീനയുടെ എതിരാളിയായിരുന്നു ജപ്പാന് താരം നവോമി ഒസാക്കയോട് അമ്പയര്‍ സെറീനയെ ജയിക്കാന്‍ അനുവദിച്ചു കൂടേയെന്ന് ചോദിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
അലറിവിളിച്ച് റാക്കറ്റ് ഉടയ്ക്കുന്ന സെറീനയെ കറുത്ത വര്ഗക്കാരിയായും ഒസാക്കയെയും അമ്പയറിനെയും വെള്ളക്കാരായുമാണ് കാര്‍ട്ടൂണിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതു പ്രസിദ്ധീകരിച്ചതോടെ ലോകമെമ്പാടും നിന്നും കനത്ത പ്രതിഷേധമാണ് മാധ്യമ ഭീമന് റുപര്‍ട് മര്‍ഡോക്കിനു കീഴിലുള്ള ടാബ്ലോയിഡ് പത്രമായ ഹെറാള്‍ഡ് സണ്ണിനെതിരേ ഉയരുന്നത്.
നോവലിസ്റ്റ് ജെ.കെ. റൗളിങ്, അമേരിക്കന്‍ സിവില്‍ റൈറ്റ് ആക്ടിവിസ്റ്റ് ജെസ്സി ജാക്സണ് എന്നിവര്‍ ട്വിറ്ററില്‍ കാര്‍ട്ടൂണിനെതിരേ പ്രതിഷേധം രേഖപെടുത്തിയിട്ടുണ്ട്.
അതേസമയം കാര്‍ട്ടണിസ്റ്റ് മാര്‍ക്ക് നൈറ്റ് കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ തയാറല്ല, കാര്‍ട്ടൂണിനെ മോശമായി ചിത്രീകരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കാര്‍ട്ടൂണില്‍ വംശീയതയില്ലെന്നാണ് ഹെറാള്‍ഡ് സണ്‍ അവകാശപ്പെടുന്നത്. കാര്‍ട്ടൂണിനെതിരേ വംശിയ അധിക്ഷേപം ആരോപിക്കപ്പെട്ടതില്‍ പത്രം ശക്തമായി പ്രതിഷേധിച്ചു. ജിമ്മി കൊണേഴ്സും മെക്കന്റോയും ഓസ്ട്രേലിയന്‍ കളിക്കാരും ഇതുപോലെ റാക്കറ്റ് തല്ലിപ്പൊട്ടിച്ചപ്പോള്‍ പ്രതികരിച്ചതും ഇത് പോലായിരുന്നു എന്നാണവരുടെ നിലപാട്
സെറീനയ്ക്കു പിന്തുണയുമായി ഡബ്ല്യു.ടി.എ.
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലിനിടെ അരങ്ങേറിയ വിവാദ സംഭവങ്ങളില്‍ സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നീസ് അസോസിയേഷന്(ഡബ്ല്യു.ടി.എ.) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് സൈമണും യു.എസ് ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് കത്രീന ആഡംസും രംഗത്ത്.
ടെന്നീസ് കോര്‍ട്ടുകളില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രടിപ്പിക്കാം. അസോസിയേഷന് താരങ്ങളെ തുല്യരായാണ് കാണുന്നതെന്ന് സൈമണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സെറീനയുടെ ടെന്നീസിലെ മികവും കായിക താരമെന്ന നിലയിലുള്ള ഇടപെടലുകളും മികച്ചതാണെന്നായിരുന്നു യു.എസ് ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് കത്രീന ആഡംസിന്റെ പ്രതികരണം.