Tuesday, June 18, 2019 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

''കഴുകന്‍ കണ്ണുകളായിരുന്നു ബിഷപ്പിന്‌..." കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വത്തിക്കാനു കന്യാസ്‌ത്രീയുടെ കത്ത്‌

uploads/news/2018/09/247917/k3.jpg

കോട്ടയം: താന്‍ അംഗമായ മിഷനറീസ്‌ ഓഫ്‌ ജീസസിലെ ചില കന്യാസ്‌ത്രീകള്‍ക്കു നേരേ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെതു കഴുകന്‍ കണ്ണുകളായിരുന്നെന്ന്‌ അദ്ദേഹത്തിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീ കത്തോലിക്കാ സഭാ നേതൃത്വത്തിനു കത്തയച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി ജംബത്തിസ്‌താ ദിക്വോത്രോയ്‌ക്കും ഇന്ത്യയിലെ പ്രധാന ബിഷപ്പുമാര്‍ക്കും അയച്ച കത്തില്‍ ബിഷപ്പിനെതിരേ ഗുരുതരമായ കൂടുതല്‍ വെളിപ്പെടുത്തലുകളാണുള്ളത്‌.
ബിഷപ്പിന്‌ ആകര്‍ഷണം തോന്നുന്ന ഏതൊരു കന്യാസ്‌ത്രീയെയും ബലം പ്രയോഗിച്ചോ അവരുടെ ദൗര്‍ബല്യം മുതലെടുത്തോ കെണിയില്‍ വീഴ്‌ത്തിയിരുന്നെന്നു കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ ഒരു സംഭവം ചൂണ്ടിക്കാട്ടി അവര്‍ വിവരിക്കുന്നു. "ബിഷപ്പിനോട്‌ അടുത്ത ബന്ധമുണ്ടായിരുന്ന ഒരു കന്യാസ്‌ത്രീ അവരുടെ സേവനസ്‌ഥലത്തു ഗുരുതരമായ വീഴ്‌ച വരുത്തിയതായി കണ്ടെത്തി. ഈ കന്യാസ്‌ത്രീയെ മറ്റൊരു സംസ്‌ഥാനത്തേക്ക്‌ അയയ്‌ക്കാന്‍ മഠത്തിലെ സുപ്പീരിയര്‍മാര്‍ക്കു ബിഷപ്‌ നിര്‍ദേശം നല്‍കി. ആ ആഴ്‌ച തന്നെ ബിഷപ്‌ അവിടേക്കു പ്രത്യേക സന്ദര്‍ശനം നടത്തി. രാത്രി അവിടെ തങ്ങി. "ആത്മീയ മാര്‍ഗനിര്‍ദേശത്തിനു" വേണ്ടി അര്‍ധരാത്രി വരെയും ഈ കന്യാസ്‌ത്രീ ബിഷപ്പിന്റെ മുറിയില്‍ തനിച്ചായിരുന്നു."
ബിഷപ്‌ മുളയ്‌ക്കലില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ മൂലം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 കന്യാസ്‌ത്രീകള്‍ മഠം ഉപേക്ഷിച്ചുപോയി. അവരുടെ പ്രശ്‌നങ്ങള്‍ക്കു മഠം അധികാരികളുടെ പക്കല്‍ പരിഹാരമുണ്ടായിരുന്നില്ലെന്ന്‌ ഇതില്‍നിന്നു വ്യക്‌തം.
കഴിഞ്ഞ വര്‍ഷം സഭ വിടാന്‍ താനും തീരുമാനിച്ചിരുന്നു. തനിക്കൊപ്പം ജലന്ധര്‍ രൂപത വിട്ടുപോരാന്‍ നിരവധി കന്യാസ്‌ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചു. താന്‍ മൂലം സന്യാസിനീസമൂഹത്തിനു തകര്‍ച്ച ഉണ്ടാകരുതെന്നു കരുതി തീരുമാനം മാറ്റുകയായിരുന്നു.
സഭ അമ്മയാണെന്നാണു ചെറുപ്പത്തില്‍ പറഞ്ഞുപഠിപ്പിച്ചത്‌. എന്നാല്‍ സ്‌ത്രീകള്‍ക്കും വിശ്വാസികള്‍ക്കും സഭ ചിറ്റമ്മയാണെന്ന്‌ അനുഭവങ്ങളിലൂടെ ചിന്തിച്ചുപോകുന്നു. ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണനയുള്ളൂവെന്നതാണ്‌ അനുഭവം. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി കന്യാസ്‌ത്രീകള്‍ സഭയിലുണ്ടെന്നും ഇടപെട്ടില്ലെങ്കില്‍ സഭയില്‍ സമൂഹത്തിനുള്ള വിശ്വാസം നഷ്‌ടപ്പെടുമെന്നും കന്യാസ്‌ത്രീ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്‌തവ സഭയില്‍ അധികാരമുള്ള പലരില്‍നിന്നും കന്യാസ്‌ത്രീകള്‍ക്ക്‌ ലൈംഗിക പീഡനമേല്‍ക്കേണ്ടി വരുന്നു. പക്ഷേ ഇവര്‍ക്ക്‌ അധികാരികളെ നേരിടാനാവാത്ത അവസ്‌ഥയാണ്‌. താന്‍ പറയുന്ന സത്യങ്ങള്‍ സഭ ഇപ്പോഴും അവിശ്വാസത്തോടെയാണു കാണുന്നത്‌. പലരും ശത്രുവിനെപ്പോലെ കാണുന്നു. 13 പ്രാവശ്യം പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട്‌ മിണ്ടാതിരുന്നു എന്നാണ്‌ ചോദ്യം. ഭയവും മാനഹാനിയുണ്ടാകുമെന്ന ആശങ്കയുമായിരുന്നു കാരണം. സന്യാസി സമൂഹത്തെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്‌ ഭയപ്പെട്ടിരുന്നു. ബിഷപ്പിനെ തടഞ്ഞുനിര്‍ത്താന്‍ താന്‍ ധൈര്യം സമാഹരിച്ചിട്ടും സത്യത്തിനു നേരേ സഭ കണ്ണടയ്‌ക്കുന്നത്‌ ആശ്‌ചര്യപ്പെടുത്തുന്നുവെന്നും കന്യാസ്‌ത്രീ പറയുന്നു.
സഭയുടെ മൗനമാണു തന്നെ അവഹേളിക്കാനും സ്വഭാവഹത്യ ചെയ്യാനും പലര്‍ക്കും പ്രേരണയാകുന്നത്‌. വിശുദ്ധ കുര്‍ബാന നല്‍കാനായി താന്‍ അംഗമായ സമൂഹത്തിലേക്കു വരാന്‍ വൈദികര്‍ മടിക്കുന്നു. സ്‌ത്രീകള്‍ക്കും കന്യാസ്‌ത്രീകള്‍ക്കും നേരേ സഭ വിവേചനം കാട്ടുന്നു. അവര്‍ക്കായി സഭാനിയമത്തില്‍ പ്രത്യേക വ്യവസ്‌ഥയുണ്ടോ എന്ന ചോദ്യവും നീതി തേടി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഇരയെന്ന നിലയിലുള്ള ഏഴു പേജ്‌ കത്തില്‍ കന്യാസ്‌ത്രീ ഉന്നയിക്കുന്നു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW