Wednesday, September 12, 2018 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ഒരു മാസത്തില്‍ കുറഞ്ഞ ശമ്പളം വേണ്ടാ , പിരിവില്‍ പിടിമുറുക്കി സര്‍ക്കാര്‍

uploads/news/2018/09/247915/k1.jpg

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു ഫണ്ട്‌ കണ്ടെത്താനായി സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന്‌ ഈ മാസം മുതല്‍ ശമ്പളം പിടിച്ചുതുടങ്ങും. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറുള്ളവരില്‍നിന്നു മാത്രമേ പണം പിടിക്കുകയുള്ളു. നിര്‍ബന്ധപൂര്‍വം ശമ്പളം പിടിക്കില്ല. എന്നാല്‍ ഒരു മാസത്തില്‍ കുറഞ്ഞ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു വാങ്ങില്ലെന്നു ധനവകുപ്പ്‌ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്‌തമാക്കി. ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെട്ടതുപോലെ ഇഷ്‌ടമുള്ള തുക സംഭാവന ചെയ്യാന്‍ അനുമതിയില്ല. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിമുഖതയുള്ളവര്‍ ഈ മാസം 22 നു മുമ്പ്‌ ഡി.ഡി.ഒമാരെ അറിയിക്കണം. ഉത്തരവിന്‌ അനുബന്ധമായുള്ള നിര്‍ബന്ധ ഫോമിലാണ്‌ ഇക്കാര്യം അറിയിക്കേണ്ടത്‌.
ഈ മാസം വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്‌ഥാനത്തിലാകും ഒരു മാസത്തെ തുക കണക്കാക്കുക. പരമാവധി 10 ഗഡുക്കളായി തുക സംഭാവന ചെയ്യാം. ഇതിനു മുമ്പ്‌ ജീവനക്കാരില്‍നിന്നും ദുരിതാശ്വാസനിധിയിലേക്കു പിടിച്ചിട്ടുള്ള തുക കുറവു ചെയ്‌തുകൊടുക്കും. അതിനായി നേരത്തെ തുക നല്‍കിയപ്പോള്‍ ലഭിച്ച രസീത്‌ സഹിതം ഡി.ഡി.ഒമാര്‍ക്ക്‌ അപേക്ഷ നല്‍കണം.
ശമ്പളം നല്‍കുന്നവര്‍ക്ക്‌ ആദായനികുതി ഇളവ്‌ ലഭ്യമാക്കും. ഒരു മാസത്തെ ശമ്പളത്തിനു പകരമായി ജീവനക്കാര്‍ക്കു സെപ്‌റ്റംബര്‍ മാസത്തെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തില്‍ 30 ദിവസത്തെ ആര്‍ജിത അവധി സറണ്ടര്‍ ചെയ്‌ത്‌ ആ തുക ദുരിതാശ്വാസനിധിയിലേക്ക്‌ അടയ്‌ക്കുകയും ചെയ്യാം. ഈ സാമ്പത്തികവര്‍ഷം 30 ദിവസത്തെ ആര്‍ജിതാവധി എടുത്തുകഴിഞ്ഞിട്ടുള്ള ജീവനക്കാരുടെ അക്കൗണ്ടില്‍ 30 ദിവസത്തെ അവധി കൂടിയുണ്ടെങ്കില്‍ ഈ സാമ്പത്തികവര്‍ഷംതന്നെ ഒരിക്കല്‍ക്കൂടി അത്‌ സറണ്ടര്‍ ചെയ്യാന്‍ അനുവദിക്കും. പ്രോവിഡന്റ്‌ ഫണ്ടില്‍നിന്നു സെപ്‌റ്റംബറിലെ ശമ്പളത്തിന്‌ തുല്യമായ തുകയെടുത്ത്‌ ദുരിതാശ്വാസനിധിയിലേക്കു നല്‍കുകയും ചെയ്യാം.
പത്തു മാസം കൊണ്ട്‌ ശമ്പളം സംഭാവനചെയ്യാന്‍ ബുദ്ധിമുട്ടുള്ള ജീവനക്കാര്‍ക്ക്‌ 2018ലെ ശമ്പളം മുതല്‍ പത്തുമാസത്തേക്ക്‌ പി.എഫ്‌. അടയ്‌ക്കുന്നതിനും അവധി അനുവദിക്കും. അതേസമയം കാലാവധിക്ക്‌ മുമ്പ്‌ വിരമിക്കുന്ന ജീവനക്കാര്‍ക്ക്‌ തിരിച്ചടവില്‍ ബാക്കിയുള്ള തുക അവരുടെ ഡി.ഡി.ജി.ആറില്‍ ക്രമീകരിക്കും. ഇതിന്‌ വേണ്ടി പി.എഫ്‌. ചട്ടങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്‌. ശമ്പള പരിഷ്‌കരണ കുടിശികയ്‌ക്ക്‌ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക്‌ കുടിശികത്തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാം. ബാക്കിത്തുക ഒരു തവണയോ പത്തുതവണയോ ആയി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക്‌ 30,000 കോടി രൂപ ആവശ്യമായി വരുമെന്നാണു കണക്ക്‌. ഇതില്‍ 10,000 കോടി രൂപ റവന്യു വരുമാനത്തിലൂടെ കണ്ടെത്താനാണു ശ്രമം. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരുമാസത്തെ ശമ്പളം, പെന്‍ഷന്‍ എന്നിവയിലൂടെ 3,800 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും ഉത്തരവ്‌ വ്യക്‌തമാക്കുന്നു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW