Saturday, November 17, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

കന്യാസ്‌ത്രീകളുടെ സമരം ദേശീയശ്രദ്ധയില്‍

uploads/news/2018/09/247914/k12.jpg

കൊച്ചി : കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന്‌ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എറണാകുളത്തു നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരു ബിഷപ്പിനെതിരേ, അനുസരണാ വ്രതമെടുത്ത കന്യാസ്‌ത്രീകള്‍ സമരത്തിനിറങ്ങിയതു റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ദേശീയ മാധ്യമപ്രവര്‍ത്തകരുടെ വന്‍ സംഘമാണു കൊച്ചിയിലുള്ളത്‌. നടപടി വൈകുന്നതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന സാഹചര്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.
കന്യാസ്‌ത്രീകള്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി നല്‍കിയെന്ന സൂചന നിലനില്‍ക്കെ ബി.ജെ.പി. സജീവ ഇടപെടല്‍ നടത്തുമെന്നു സൂചനയുണ്ട്‌. ഇതോടെ പ്രശ്‌നത്തിനു രാഷ്‌ട്രീയമാനവും കൈവരും. ഷൊര്‍ണൂര്‍ എം.എല്‍.എ: പി.കെ. ശശിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ത്തന്നെ സി.പി.എം. പോളിറ്റ്‌ ബ്യൂറോ സര്‍ക്കാര്‍ നിലപാടില്‍ അസംതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു ബിഷപ്‌ കേസും ഉയരുന്നത്‌. ബി.ജെ.പിയും മഹിളാമോര്‍ച്ചയും ഉള്‍പ്പടെയുള്ള സംഘടനകള്‍ പിന്തുണയറിയിച്ച്‌ സമരവേദിയില്‍ എത്തിയിരുന്നു. ജനങ്ങള്‍ക്കു വിശ്വാസയോഗ്യമായ നടപടി ഉണ്ടാകാതിരിക്കുന്നതു സര്‍ക്കാരിന്റെ വീഴ്‌ചയായി വിലയിരുത്തപ്പെടുമെന്നതാണു സാഹചര്യം.
ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യേണ്ടിവന്നാല്‍ത്തന്നെ, അത്‌ എങ്ങനെ വേണമെന്നത്‌ അടക്കമുള്ള പ്രശ്‌നങ്ങള്‍ പോലീസിനു മുന്നിലുണ്ട്‌. ജലന്ധര്‍ പോലീസ്‌ അറസ്‌റ്റിനു സഹകരിക്കുമോ എന്ന്‌ അറിയില്ല. വിളിച്ചുവരുത്തിയുള്ള അറസ്‌റ്റ്‌ പ്രായോഗികമോ എന്നു വ്യക്‌തവുമല്ല.
സമരം തുടര്‍ന്നാല്‍ പ്രശ്‌നം ജനകീയ പ്രക്ഷോഭമായി മാറുമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കന്യാസ്‌ത്രീകളും പുരോഹിതരും സമരരംഗത്തേക്ക്‌ എത്തുമെന്നും സൂചനയുണ്ട്‌. സെക്രട്ടേറിയേറ്റ്‌ പടിക്കലേക്ക്‌ സമരം നീട്ടാനാണു ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം.
ഇതിനിടെ പിന്തുണ അര്‍പ്പിക്കാനെന്ന പേരില്‍ ചിലര്‍ സമരത്തിലേക്കു കടന്നുകയറാന്‍ നീക്കം നടത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ സമരപ്പന്തലിന്റെ പരിസരത്ത്‌ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കന്യാസ്‌ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇന്ന്‌ അഞ്ചാം ദിവസത്തിലേക്കു കടക്കും.

എം.എസ്‌. സന്ദീപ്‌

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW