Sunday, November 18, 2018 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പ്‌ : അടിമാലിയില്‍ കെ.എസ്‌.യു-എസ്‌.എഫ്‌.ഐ. സംഘര്‍ഷം

uploads/news/2018/09/247912/k10.jpg

അടിമാലി: കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ ടൗണില്‍ സംഘര്‍ഷം. പോലീസുകാരും നേതാക്കളും അടക്കം നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. നിരവധി വാഹനങ്ങളും സ്‌ഥാപനങ്ങളും അക്രമത്തില്‍ തകര്‍ന്നു. കോണ്‍ഗ്രസ്‌ ഓഫീസ്‌ കെട്ടിടത്തിനു മുകളില്‍ നിന്നും കുപ്പികളും കല്ലും ഉപയോഗിച്ച്‌ സംഘര്‍ഷസ്‌ഥലത്തേയ്‌ക്ക്‌ എറിഞ്ഞത്‌ പ്രശ്‌നം സങ്കീര്‍ണമാക്കി. തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടക്കം എറിഞ്ഞുടച്ചു. തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ കരിക്കുളംപുത്തന്‍പുരയില്‍ കെ.എസ്‌. മൊയ്‌തുവി (47) നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. കോണ്‍ഗ്രസ്‌ നേതാവ്‌ ഒ.ആര്‍. ശശി, സി.പി.എം. ഏരിയാ സെക്രട്ടറി ടി.കെ. ഷാജി ഉള്‍പ്പടെയുള്ളവര്‍ക്കാണ്‌ സംഘര്‍ഷത്തില്‍ പരുക്കേറ്റത്‌.
ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെയാണ്‌ ടൗണില്‍ സംഘര്‍ഷത്തിന്‌ തുടക്കം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാര്‍മല്‍ഗിരി കോളജില്‍ കെ.എസ്‌.യുവും മോര്‍ ബസേലിയോസ്‌ കോളജില്‍ എസ്‌.എഫ്‌.ഐയും വിജയിച്ചു. തുടര്‍ന്ന്‌ ഇരു വിഭാഗവും വൈകിട്ട്‌ നാലരയോടെ ടൗണില്‍ പ്രകടനം ആരംഭിച്ചു.
നൂറു മീറ്റര്‍ അകലത്തിലായിരുന്നു ഇരുവിഭാഗവും. എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരുടെ പിന്നിലായി സി.പി.എമ്മിലെ ചില നേതാക്കളും പിന്നാലെയെത്തിയ കെ.എസ്‌.യു പ്രകടനത്തിന്റെ മുന്‍നിരയില്‍ ഏതാനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും അണി നിരന്നിരുന്നു. ഇരു പ്രകടനങ്ങളും ടൗണിലെ സെന്‍ട്രല്‍ ജംങ്‌ഷനിലെത്തി. കെ.എസ്‌.യു പ്രവര്‍ത്തകര്‍ ഇവിടെ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മൂന്നാര്‍ ഭാഗത്തേയ്‌ക്ക്‌ പോവുകയായിരുന്ന എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരും പിന്നാലെയുണ്ടായിരുന്ന മറുവിഭാഗവും തമ്മില്‍ പോര്‍വിളികളും വാക്കേറ്റങ്ങളും ഉണ്ടായി. പോലീസ്‌ ഇരു വിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നില വഷളായി.
കൈകളിലുണ്ടായിരുന്ന കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച്‌ പരസ്‌പരം ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ്‌ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ ഓഫീസിനു സമീപത്തു നിന്നും ചില്ലുകുപ്പികള്‍കൊണ്ട്‌ റോഡിലേക്ക്‌ വ്യാപകമായ തോതില്‍ ഏറുണ്ടായത്‌. ഇതോടെ സംഘര്‍ഷം രൂക്ഷമായി. വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന മാടവന എം.പി. തോമസിന്റെയും സമീപത്തെ ബേക്കറി ഉടമയുടെയും കാറുകള്‍, ടാക്‌സി ഓടുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ബെലേറോ ജീപ്പ്‌ അടക്കമുള്ള വാഹനങ്ങള്‍, നിരവധി ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു.
ഇതിനിടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ഒരുവിഭാഗം ഓഫീസില്‍ കയറി നിലയുറപ്പിച്ചതോടെ കോണ്‍ഗ്രസ്‌ ഓഫീസ്‌ ജനല്‍ചില്ലുകള്‍ അടക്കം എതിര്‍ വിഭാഗം എറിഞ്ഞുടച്ചു. സംഘര്‍ഷത്തില്‍ സി.ഐ: പി.കെ. സാബു അടക്കം നിരവധി പോലിസുകാര്‍ക്കും മര്‍ദനമേറ്റു. മറയൂരിലെ കോളജില്‍ സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട്‌ സി.ഐ അടക്കമുള്ള ഇരുപതോളം പോലീസുകാരം ഇവിടെ നിന്നു മാത്രം മറയൂരിലേക്ക്‌ അയച്ചിരുന്നു. ഇതു മൂലം സംഘര്‍ഷ സ്‌ഥലത്ത്‌ എസ്‌.ഐ: അബ്‌ദുള്‍ സത്താറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സേനയുടെ ശക്‌തി കുറവായിരുന്നത്‌ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായി.
വെള്ളത്തൂവല്‍ എസ്‌.ഐ: എസ്‌. ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസും ആറുമണിയോടെ സ്‌ഥലത്തെത്തിയിരുന്നു. എട്ടരയോടെ കൂടുതല്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തിയാണ്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ നിന്നും ഡി.സി.സി ഭാരവാഹികള്‍ അടക്കമുള്ള എട്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്ത്‌ സ്‌റ്റേഷനിലേക്കു മാറ്റിയത്‌. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌ഥലത്ത്‌ വന്‍ പോലിസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ഇതിനിടെ കോണ്‍ഗ്രസ്‌ ഓഫീസില്‍ നിന്നും അക്രമത്തില്‍ പങ്കെടുത്ത നിരവധി പ്രവര്‍ത്തകര്‍ കെട്ടിടത്തിനു പിന്‍ഭാഗത്തു കൂടി രക്ഷപെട്ടിരുന്നതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ്‌ പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW