Wednesday, September 12, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

പ്രളയശേഷം കടലില്‍ മത്സ്യസമൃദ്ധി; കായല്‍മീനുകള്‍ക്കു രോഗബാധ

uploads/news/2018/09/247910/k8.jpg

തിരുവനന്തപുരം : സംസ്‌ഥാനത്തെ പ്രളയബാധിതരെ കരകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്കു കടലമ്മയുടെ വക വലനിറയെ സമ്മാനം. പ്രളയശേഷം കടലില്‍ മത്സ്യസമൃദ്ധിയാണെങ്കിലും കായലുകള്‍ ദരിദ്രമായി; കിട്ടുന്നതു ചെറുമീനുകള്‍ മാത്രം. ഉള്ളവയ്‌ക്കു രോഗബാധയും.
വേമ്പനാട്‌, അഷ്‌ടമുടി, ശാസ്‌താംകോട്ട കായലുകളില്‍ മത്സ്യലഭ്യത വന്‍തോതില്‍ കുറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങള്‍ക്കു പ്രളയശേഷം രോഗബാധയും കണ്ടെത്തി. കൊല്ലത്തെ മണ്‍റോത്തുരുത്ത്‌, എറണാകുളത്തെ വൈപ്പിന്‍, കോട്ടയത്തെ കുമരകം എന്നിവിടങ്ങള്‍ക്കു പുറമേ വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും രോഗബാധയുള്ള മത്സ്യങ്ങളെ കണ്ടെത്തി. എപ്പിസൂട്ടിക്‌ അള്‍സറേറ്റീവ്‌ സിന്‍ഡ്രോം (ഇ.വി.എസ്‌) എന്ന ഫംഗസ്‌ രോഗമാണു മത്സ്യങ്ങളെ പിടികൂടിയത്‌. കേരളാ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്‍ഡ്‌ ഓഷ്യന്‍ സ്‌റ്റഡീസി(കുഫോസ്‌)ലെ ആനിമല്‍ ഹെല്‍ത്ത്‌ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം മത്സ്യങ്ങളില്‍ വ്രണങ്ങള്‍ കണ്ടെത്തി.
പ്രധാനമായും കരിമീന്‍, മാലാന്‍, കണമ്പ്‌, തിരുത മത്സ്യങ്ങളെയാണു രോഗം ബാധിച്ചത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചാണു പരിശോധന നടത്തിയത്‌. ആനിമല്‍ ഹെല്‍ത്ത്‌ ലബോറട്ടറി മേധാവി ഡോ. ദേവികാ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രളയജലം കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണു ഫംഗസ്‌ രോഗം പടരാന്‍ കാരണമെന്നാണു നിഗമനം.
പ്രളയത്തേത്തുടര്‍ന്ന്‌ ഉള്‍നാടന്‍ മത്സ്യക്കര്‍ഷകര്‍ക്കു വന്‍നഷ്‌ടമുണ്ടായി. വളര്‍ത്തുമീനുകള്‍ പ്രളയത്തില്‍ ചത്തുപൊങ്ങുകയും ഒഴുകിപ്പോകുകയും ചെയ്‌തു. രോഗം പടരുന്നതു തടയാന്‍ ആദ്യപടിയായി കുളങ്ങളില്‍ കുമ്മായമിട്ട്‌ പി.എച്ച്‌. തോത്‌ ഉയര്‍ത്തണമെന്നു കുഫോസിലെ ആനിമല്‍ ഹെല്‍ത്ത്‌ വിഭാഗം അറിയിച്ചു. തുടര്‍ന്ന്‌, ഒരേക്കറിനു 10 കിലോഗ്രാം അഗ്രിലൈമോ ഡോളമെറ്റോയും 250 ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റും ചേര്‍ത്ത്‌ 10 ദിവസത്തില്‍ ഒരിക്കല്‍ പ്രയോഗിക്കണം. ഇപ്രകാരം ഒരുപരിധിവരെ രോഗം തടയാം.
പ്രളയാനന്തരം കടലില്‍നിന്നു വന്‍തോതില്‍ മത്സ്യം ലഭിക്കുന്നതായി നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്‌സ്‌ ഫോറം ദേശീയ സെക്രട്ടറി ടി. പീറ്റര്‍ മംഗളത്തോടു പറഞ്ഞു. സംസ്‌ഥാനത്തെ 44 നദികളില്‍ നാല്‍പത്തൊന്നും ഒഴുകിയെത്തുന്നത്‌ അറബിക്കടലിലാണ്‌. പ്രളയജലത്തിനൊപ്പം വന്‍തോതില്‍ എക്കലും ജൈവസമ്പത്തും കടലിലെത്തിയതാണു മത്സ്യം കൂടാന്‍ കാരണമെന്നു പീറ്റര്‍ അഭിപ്രായപ്പെട്ടു.

ജി. അരുണ്‍

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW