തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്ക് പോയി രണ്ടാമത്തെ ആഴ്ചയും മന്ത്രിസഭായോഗം ചേരാനാകാത്ത അസാധാരണ സാഹചര്യമുണ്ടായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ ഭരണഘടനാപ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. അജന്ഡകളൊന്നുമില്ലാത്തു കൊണ്ടാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗമുണ്ടാകാത്തതെന്നു മന്ത്രി ഇ.പി. ജയരാജന് പറഞ്ഞത്. ഈ ആഴ്ചയും യോഗമുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി ചുമതല പകരം നല്‍കാതെ ചികിത്സയ്ക്കു പോയതു കൊണ്ടാണ് ഈ അസാധാരണ സാഹചര്യമുണ്ടായത്. മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കുന്നില്ല. മന്ത്രിസഭാ യോഗം ചേരാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടേണ്ടി വരുന്ന സ്ഥിതിയായെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുളള ചുമതല മാത്രമാണു മുഖ്യമന്ത്രി ഇ.പി. ജയരാജനു നല്‍കിയത്. അതിനാല്‍ അദ്ദേഹത്തിനു മന്ത്രിസഭായോഗ തീരുമാനങ്ങളുടെ മിനിട്ട്സില്‍ ഒപ്പിടാന്‍ കഴിയില്ല. പകരം ചുമതല നിയമപ്രകാരം നല്കിയാല് മാത്രമേ ഒപ്പിടാന്‍ കഴിയുയെന്നാണു നിയമവിദഗ്ധരുടെ നിലപാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു പലകാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതുകൊണ്ടാണു പ്രത്യേക അക്കൗണ്ട് വേണമെന്ന് പറയുന്നത്. ഒരു ഉത്തരവ് ആദ്യം ഇറക്കിയിട്ടു പിന്നീടു പിന്‍വലിച്ചതു ദുരൂഹമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.