Monday, November 19, 2018 Last Updated 26 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

21 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച്‌ ആറെണ്ണമാക്കും

തൃശൂര്‍ : ബാങ്കിങ്‌ മേഖലയില്‍ ത്രിതലസംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ കര്‍ഷകരെയും ചെറുകിട-ഇടത്തരം വ്യാപാരികളെയും ഗുരുതരമായി ബാധിക്കുമെന്ന്‌ ആശങ്ക. 21 പൊതുമേഖലാ ബാങ്കുകളെ ഘട്ടംഘട്ടമായി ലയിപ്പിച്ച്‌, ആറു വന്‍കിട ബാങ്കുകളാക്കി മാറ്റാനാണു റിസര്‍വ്‌ ബാങ്കിനുള്ള സര്‍ക്കാര്‍ നിര്‍ദേശം.
ബാങ്കുകളുടെ ആസ്‌തി ഉള്‍പ്പെടെ പരിഗണിച്ച്‌ മൂന്നുതലത്തില്‍ വിഭജിക്കാനാണു നീക്കം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിനു പരിഹാരം കാണുകയാണു ലക്ഷ്യം. എന്നാല്‍, ഈ നീക്കം സാമ്പത്തികമേഖലയില്‍ ദൂരവ്യാപകപ്രത്യാഘാതം സൃഷ്‌ടിക്കുമെന്നു സാമ്പത്തികവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌.ബി.ടി. ഉള്‍പ്പെടെ ആറ്‌ അസോസിയേറ്റ്‌ ബാങ്കുകളെ എസ്‌.ബി.ഐയില്‍ ലയിപ്പിച്ച മാതൃകയില്‍ മറ്റ്‌ 21 പൊതുമേഖലാ ബാങ്കുകളെയും ലയിപ്പിക്കാനാണു നീക്കം. ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌, അലഹബാദ്‌ ബാങ്ക്‌, കോര്‍പറേഷന്‍ ബാങ്ക്‌, ഇന്ത്യന്‍ ബാങ്ക്‌ എന്നിവയെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ (പി.എന്‍.ബി) ലയിപ്പിക്കും. ഇതിലൂടെ 1,50,000 ജീവനക്കാരും 2,60,000 കോടി രൂപ ആസ്‌തിയുമുള്ള ബാങ്കായി പി.എന്‍.ബി. മാറും. യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയേയും പഞ്ചാബ്‌ ആന്‍ഡ്‌ സിന്ധ്‌ ബാങ്കിനെയും ബാങ്ക്‌ ഓഫ്‌ ബറോഡയില്‍ ലയിപ്പിക്കും. ആന്ധ്രാ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, വിജയ ബാങ്ക്‌ എന്നിവയെ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും യൂക്കോ ബാങ്ക്‌, സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ എന്നിവയെ കനറാ ബാങ്കിലും ഐ.സി.ബി.ഐ, ദേനാ ബാങ്ക്‌, സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയെ യൂണിയന്‍ ബാങ്ക്‌ ഇന്ത്യയിലും ലയിപ്പിക്കും.
പൊതുകടം ഘട്ടംഘട്ടമായി കുറയ്‌ക്കാനാണു ബാങ്കുകളുടെ ലയനമെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,95,601 കോടി രൂപയാണ്‌. ഇപ്രകാരം സാമ്പത്തികപ്രതിസന്ധി നേരിടുന്ന 11 പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിന്റെ നിരീക്ഷണത്തിലാണ്‌. പുതിയ വന്‍കിടവായ്‌പകള്‍ അനുവദിക്കാന്‍ ഇവയ്‌ക്കു റിസര്‍വ്‌ ബാങ്കിന്റെ പ്രത്യേകാനുമതി വേണം.
കിട്ടാക്കടം പെരുകിയതിന്റെ ബാധ്യത കര്‍ഷകരുടെയും ചെറുകിടവ്യാപാരികളുടെയും സാധാരണക്കാരുടെയും തലയില്‍ കെട്ടിവയ്‌ക്കാനാണു നീക്കമെന്നും ആരോപണമുണ്ട്‌. കോര്‍പറേറ്റ്‌ ഭീമന്മാര്‍ക്കു മതിയായ ഈടില്ലാതെ കോടികള്‍ വായ്‌പ നല്‍കിയതാണു കിട്ടാക്കടം പെരുകാന്‍ കാരണം. ഇതു മറച്ചുവച്ച്‌, ബാങ്ക്‌ ലയനത്തിലൂടെ സാധാരണക്കാര്‍ക്കുള്ള വായ്‌പകള്‍ ഗണ്യമായി വെട്ടിക്കുറയ്‌ക്കാനാണു കേന്ദ്രനീക്കമെന്നു വിമര്‍ശകര്‍ ആരോപിക്കുന്നു. സ്വര്‍ണപ്പണയത്തില്‍ 4-4.5% പലിശനിരക്കില്‍ നല്‍കിയിരുന്ന കാര്‍ഷികവായ്‌പ ഇനി നല്‍കേണ്ടതില്ലെന്നും തീരുമാനമുണ്ട്‌. ലയനം പൂര്‍ത്തിയായാല്‍ പൊതുമേഖലാ ബാങ്കുകള്‍ ശാഖകളും എ.ടി.എമ്മുകളും വെട്ടിക്കുറയ്‌ക്കും. ജീവനക്കാരെ തല്‍ക്കാലം പിരിച്ചുവിടില്ലെങ്കിലും പുതിയ നിയമനസാധ്യതകള്‍അടയും.

ജോയ്‌ എം. മണ്ണൂര്‍

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW