Tuesday, November 20, 2018 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

നൈസാം മ്യൂസിയക്കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

ഹൈദരാബാദ്‌: പ്രശസ്‌തമായ നൈസാം മ്യൂസിയത്തില്‍നിന്ന്‌ അമൂല്യമായ പുരാവസ്‌തുക്കള്‍ കടത്തിയ രണ്ടു പേര്‍ അറസ്‌റ്റില്‍. രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണപ്പാത്രം ഉള്‍പ്പെടെയുള്ള "തൊണ്ടിമുതലുകള്‍" ഇവരില്‍നിന്നു കണ്ടെടുത്തു. മുഹമ്മദ്‌ ഘൗസ്‌ പാഷ (23), ബന്ധുവായ മുഹമ്മദ്‌ മുബീന്‍ (24) എന്നിവരെയാണു ഹൈദരാബാദ്‌ നഗരത്തിലെ ഹിമായത്‌സാഗര്‍ മേഖലയില്‍നിന്നു പോലീസ്‌ പിടികൂടിയത്‌.
സ്വര്‍ണത്തില്‍ നിര്‍മിച്ച്‌, രത്‌നങ്ങള്‍ പതിപ്പിച്ച മൂന്നു തട്ടുള്ള ഭക്ഷണപ്പാത്രം, രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണക്കപ്പും സോസറും, ഏഴാം നിസാം നവാബ്‌ മിര്‍ ഉസ്‌മാന്‍ അലിഖാന്‍ ബഹാദുര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ സ്‌പൂണ്‍ തുടങ്ങിയ പുരാവസ്‌തുക്കള്‍ രാജേന്ദ്രനഗറിനു സമീപം കുഴിച്ചിട്ട നിലയിലാണു കണ്ടെത്തിയത്‌. കഴിഞ്ഞ രണ്ടിനാണു നൈസാം മ്യൂസിയത്തില്‍ കവര്‍ച്ച നടന്നത്‌.
പിടിയിലായ പാഷ 15 കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്‌. സൗദി അറേബ്യയില്‍ ജോലി തേടിപ്പോയ മുബീനെ നാലുമാസം മുമ്പു നാട്ടിലേക്കു മടക്കിയയച്ചു. ഒരു പാകിസ്‌താന്‍ പൗരനെ ഉപദ്രവിച്ചതിനേത്തുടര്‍ന്ന്‌ ഇയാള്‍ സൗദിയില്‍ തടവിലായിരുന്നു. സൗദിയില്‍നിന്നു മടങ്ങിയെത്തിയശേഷം നൈസാം മ്യൂസിയത്തിലെ കോടികള്‍ വിലമതിക്കുന്ന പുരാവസ്‌തുക്കള്‍ കൊള്ളയടിക്കാന്‍ പാഷയുമായിച്ചേര്‍ന്ന്‌ മുബീന്‍ പദ്ധതി തയാറാക്കുകയായിരുന്നു.
ഇതിനായി സി.സി. ടിവി ക്യാമറകളുടെ സ്‌ഥാനം ഉള്‍പ്പെടെ വിശദമായി മനസിലാക്കി. കഴിഞ്ഞ രണ്ടിന്‌ ഇവര്‍ മ്യൂസിയത്തിലെത്തി. കയറിന്റെ ഒരറ്റം പാരപ്പറ്റ്‌ ഭിത്തിയിലും മറ്റേയറ്റം മുബീന്റെ അരയിലും കെട്ടി. തുടര്‍ന്ന്‌ മ്യൂസിയത്തിന്റെ മൂന്നാം ഗ്യാലറിയിലേക്കു മുബീനെ പാഷ വെന്റിലേറ്ററിലൂടെ കെട്ടിയിറക്കുകയായിരുന്നു. മ്യൂസിയത്തിനുള്ളിലെത്തിയ മുബീന്‍ സി.സി. ടിവി ക്യാമറകള്‍ നശിപ്പിച്ചശേഷം അമൂല്യവസ്‌തുക്കള്‍ ചാക്കിലാക്കി. തുടര്‍ന്ന്‌ പാഷ ഇയാളെ കയറുപയോഗിച്ച്‌ വലിച്ചുയര്‍ത്തി. ഇരുവരും മുഖംമൂടികളും കൈയുറകളും ധരിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ മ്യൂസിയത്തിന്റെ പുറത്തുണ്ടായിരുന്ന സി.സി. ടിവി ക്യാമറകളില്‍ കവര്‍ച്ചക്കാര്‍ ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. കുഴിച്ചിട്ട പുരാവസ്‌തുക്കള്‍ വില്‍ക്കുന്നതിനായി മുംബൈയിലും വിദേശത്തുമുള്ള ചിലരുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ്‌ കമ്മിഷണര്‍ പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW