Monday, November 19, 2018 Last Updated 53 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 06.44 PM

വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം നല്‍കിയിരുന്നു; രഘുറാം രാജന്റെ വെളിപ്പെടുത്തല്‍

 Reghuram Rajan

ന്യുഡല്‍ഹി: വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. പാര്‍ലമെന്ററി സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് രഘുറാം രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വന്‍കിട തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും രഘുറാം രാജന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്കാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വന്‍കിട വായ്പാ തട്ടിപ്പുകള്‍ക്ക് ബാങ്കും സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന് രഘുറാം രാജന്‍ വെളിപ്പെടുത്തി. മൊത്തം നിഷ്‌ക്രിയ ആസ്തിയുമായി താരതമ്യം ചെയ്താല്‍ തട്ടിപ്പ് തുക കുറവാണെങ്കിലും പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഗവര്‍ണറായിരിക്കെ തട്ടിപ്പുകാരെ നിരീക്ഷിക്കുന്നതിന് ഒരു സെല്‍ രൂപീകരിച്ചിരുന്നു. അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതിനാണ് സെല്‍ രൂപീകരിച്ചത്. സെല്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും രഘുറാം രാജന്‍ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

നിഷ്‌ക്രിയ ആസ്തികളെ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനയുടെ ഭാഗമായാണ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് തേടിയത്. പി.എന്‍.ബിയിലെ വായ്പാ തട്ടിപ്പും വ്യവസായി വിജയ് മല്യയുടെ തട്ടിപ്പും രാജ്യത്ത് രാഷ്ട്രീയ വിവാദമായിരിക്കെ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW