Tuesday, September 11, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 04.37 PM

നെഞ്ചെരിച്ചില്‍ ശരീരം നല്കുന്ന അപായ സൂചന

''നെഞ്ചെരിച്ചില്‍ നിസാരമാക്കരുത്. ഇത് പലപ്പോഴും ശരീരം നല്‍കുന്ന അപായസൂചനയാകാം. നെഞ്ചെരിച്ചിലിന് കാരണങ്ങള്‍ പലതാണ്. അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചിലിന് കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. ഇതേക്കുറിച്ച് ഡോ. ജി.എന്‍. രമേഷ്''
uploads/news/2018/09/247746/nejarichal110918a.jpg

ഭക്ഷണം കഴിച്ച് അല്‍പം കഴിയുന്നതോടെ നെഞ്ചിനുള്ളില്‍ നുരഞ്ഞുപൊങ്ങുന്ന അനുഭവം. ചിലപ്പോള്‍ പുളിരസം പോലെ വയറിനുള്ളില്‍ നിന്നും വായിലേക്ക് കടന്നുവരുന്നു. നിത്യജീവിതത്തില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തവരായി ആരും ഉണ്ടാവില്ല.

ഇത്തരത്തിലുള്ള പുളിച്ചുതികട്ടല്‍, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ നമ്മുടെ ശരീരം നല്കുന്ന വ്യത്യസ്തമായ സൂചനകളാണ്. പുളിച്ചുതികട്ടല്‍ (അസിഡിറ്റി) സാധാരണയായി പലരിലും കണ്ടുവരുന്ന പ്രശ്‌നമാണ്.

പ്രായപൂര്‍ത്തിയെത്തിയ 60 ശതമാനം പേരിലും അസിഡിറ്റി കണ്ടുവരുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണിത്. ഏത് പ്രായത്തിലും പുളിച്ചുതികട്ടല്‍ അനുഭവപ്പെടാം. മധ്യവയസിലാണ് സാധാരണയായി ഈ രോഗാവസ്ഥ കാണുന്നത്.

സ്ത്രീകളില്‍ ഗര്‍ഭകാലത്തും ആര്‍ത്തവചക്രത്തിന്റെ കാലത്തും ഹോര്‍മോണ്‍ അളവില്‍ മാറ്റങ്ങളുണ്ടാകുമ്പോഴും ആര്‍ത്തവവിരാമത്തിന്റെ കാലത്തും പുളിച്ചുതികട്ടല്‍ സാധാരണമാണ്. മിക്ക സ്ത്രീകളും ഇതിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍ അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴും കൂടുതല്‍ സങ്കീര്‍ണമായ ആസിഡ് റിഫ്‌ളക്‌സിന് വഴിതെളിച്ചേക്കാം.

ലക്ഷണങ്ങള്‍ അവഗണിക്കരുത്


വളരെ അസുഖകരമായ രീതിയില്‍ നെഞ്ചില്‍ എരിച്ചില്‍ അനുഭവപ്പെടുന്നതാണ് ആസിഡ് റിഫ്‌ളക്‌സിന്റെ ആദ്യ സൂചനകള്‍. കൂടാതെ, വയറിന്റെ മുകള്‍ഭാഗം നിറഞ്ഞതായി തോന്നും. ഹൃദയവുമായി യാതൊരു ബന്ധവുമില്ലെങ്കിലും നെഞ്ചെരിച്ചിലിന് ഹാര്‍ട്ട്‌ബേണ്‍ എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്.

അന്നനാളത്തിന്റെ ഏറ്റവും താഴ്‌വശത്തായി കാണുന്ന വൃത്തപേശി അയയുന്നതുമൂലം ആമാശയത്തിലെ ഘടകങ്ങള്‍ അന്നനാളത്തിലേക്ക് കടന്നുവരുന്നതുമൂലമാണ് ഇതുണ്ടാകുന്നത്. ഇതേത്തുടര്‍ന്ന് അസ്വസ്ഥതയും എരിച്ചിലും അനുഭവപ്പെടും.

സാധാരണഗതിയില്‍ വൃത്തപേശി വളരെ മുറുകിയ അവസ്ഥയിലാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ അവ ഭക്ഷ്യവസ്തുക്കളും അണ്ടവും ആമാശയത്തില്‍നിന്ന് പിന്നോട്ട് ഒഴുകുന്നതും അന്നനാളത്തിലേക്ക് കടക്കുന്നതും തടയുന്നു. ആഹാരം വിഴുങ്ങുന്ന ഏതാനും സെക്കന്‍ഡു നേരത്തേക്ക് മാത്രമാണ് വൃത്തപേശി തുറക്കുന്നത്.

ചിലരില്‍ ആഹാരം വിഴുങ്ങാന്‍ പ്രയാസം തോന്നുകയും ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുകയും ചെയ്യാം. ആസിഡ് റിഫ്‌ളക്‌സിന് ഗാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് (ജിഇആര്‍ഡി) എന്നും പേരുണ്ട്. ഈ രോഗാവസ്ഥയ്ക്ക് ഡോക്ടറുടെ ഉപദേശം തേടുന്നതിന് പകരം പല സ്ത്രീകളും സ്വയം ചികിത്സയ്ക്കായി ശ്രമിക്കാറുണ്ട്.

അവര്‍ താത്കാലിക ആശ്വാസത്തിനായി അന്റാസിഡും മറ്റ് ഗുളികകളും കഴിക്കും. എന്നാല്‍, വൈദ്യോപദേശമില്ലാതെ ഇങ്ങനെ ഗുളികകള്‍ കഴിക്കുന്നത് ശരീരം നല്കുന്ന സൂചനകളെ മറയ്ക്കുന്നതിനും അതുവഴി പുളിച്ചുതികട്ടലിന്റെയും ദഹനക്കേടിന്റെയും ശരിയായ കാരണങ്ങള്‍ കണ്ടെത്തുന്നതിനും സാധ്യമാകാതെ വരികയും ചെയ്യും.

നെഞ്ചെരിച്ചിലിന് കാരണങ്ങള്‍


സാധാരണയിലും അധികം ആഹാരം കഴിക്കുമ്പോഴും വയറിന് പിടിക്കാത്ത ആഹാരം കഴിക്കുമ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. എന്നാല്‍, ഇടയ്ക്കിടെയോ തുടര്‍ച്ചയായോ പുളിച്ചുതികട്ടല്‍ ഉണ്ടാകുകയാണെങ്കില്‍ ജിഇആര്‍ഡി രോഗാവസ്ഥയുണ്ടോയെന്ന് ഉറപ്പുവരുത്തണം.

നെഞ്ചെരിച്ചില്‍ അഥവാ നെഞ്ചിലെയോ വയറിന്റെ മുകള്‍ഭാഗത്തെയോ അസ്വസ്ഥത എന്നിവയ്ക്കു പുറമെ തൊണ്ടയില്‍ അസ്വസ്ഥത, വായില്‍ പുളിരുചി, വായ്‌നാറ്റം, സ്വനപേടകത്തിന് വീക്കം, ശക്തമായ ചുമ, ആഹാരം വിഴുങ്ങാന്‍ പ്രയാസം, മനംപിരട്ടല്‍, തികട്ടിവരിക അല്ലെങ്കില്‍ ഏമ്പക്കമുണ്ടാകുക എന്നിവയും കണ്ടേക്കാം.

ആസിഡ് റിഫ്‌ളക്‌സിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്. കാലം കഴിയുന്തോറും അവ വളരെ ഗുരുതരമായ പ്രശ്‌നമായി മാറാം. വയറിനുള്ളിലെ അണ്ടാംശം തികട്ടി അന്നനാളത്തിലേക്ക് ഒഴുകുന്നതുമൂലം അന്നനാളത്തിലെ ഉള്‍ഭിത്തികള്‍ക്ക് കേടുവരുത്തുകയും മുറിവും വീക്കവും ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. ചിലപ്പോള്‍ ഇതുമൂലം പല്ലിന്റെ ഇനാമലിന് കേടുവരും. ഏറ്റവും തീവ്രമായ അവസ്ഥയില്‍ ആമാശയ കാന്‍സറിന് തന്നെ കാരണമാകാം.

uploads/news/2018/09/247746/nejarichal110918a1.jpg

ആഹാരക്രമവും ജീവിതശൈലിയും


ആഹാരക്രമവും ജീവിതശൈലിയും പുളിച്ചുതികട്ടലിന് കാരണമാകാറുണ്ട്. ഉദരത്തെയും നെഞ്ചറയെയും വേര്‍തിരിക്കുന്ന മാംസസ്തരത്തിലെ വിടവിലൂടെ അന്നനാളിയിലെ വൃത്തപേശിയുടെ ഭാഗവും ആമാശയഭാഗവും കടന്നുകയറുന്നതുമൂലമുള്ള ഹിയാറ്റല്‍ ഹെര്‍ണിയ ഇതിന് ചിലപ്പോള്‍ കാരണമാകുന്നുണ്ടോ എന്നത് ഉറപ്പുവരുത്തണം.

ഭക്ഷ്യവസ്തുക്കളോടുള്ള അലര്‍ജി, അസഹനീയത എന്നിവയും പുളിച്ചുതികട്ടലിന് കാരണമാകുന്നതിനോ വര്‍ദ്ധിപ്പിക്കുന്നതിനോ സാധ്യതയുണ്ട്. ആമാശയരസങ്ങള്‍ക്ക് അത്തരം ഭക്ഷ്യവസ്തുക്കളിലെ പോഷകങ്ങളും പഞ്ചസാരയും വേര്‍തിരിക്കാനും ഉപയോഗിക്കാനും സാധിക്കാതെ വരുന്നത് മൂലമാണിത്. വ്യായാമം കുറയുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്താലും പുളിച്ചുതികട്ടല്‍ ഉണ്ടാകാം.

പ്രായം കൂടുന്തോറും പേശികളുടെ ശക്തി കുറയുമ്പോള്‍ ആമാശയത്തിലെ വസ്തുക്കള്‍ തിരികെ കയറിവരാനുള്ള സാധ്യതയും കൂടുതലാണ്. ഗര്‍ഭപാത്രത്തില്‍ ഭ്രൂണം വളരുന്നതുമൂലം ആമാശയത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം മൂലമാണ് ഗര്‍ഭകാലത്ത് പുളിച്ചുതികട്ടലും റിഫ്‌ളക്‌സും ഉണ്ടാകുന്നത്.

മരുന്നുകളുടെ ഉപയോഗം


ചിലതരം മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ ജിഇആര്‍ഡിക്ക് കാരണമാകാം. സ്ത്രീകളില്‍ ആര്‍ത്തവവിരാമം, ഹോര്‍മോണ്‍ റീപ്ലേയ്‌സ്‌മെന്റ് ചികിത്സ എന്നിവ മൂലം ഗാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യം, പുകയില എന്നിവയുടെ ഉപയോഗം ജിഇആര്‍ഡി വര്‍ധിക്കാന്‍ കാരണമാകും. ജീവിതശൈലിയിലെ ഘടകങ്ങള്‍ പുളിച്ചുതികട്ടലിന് കാരണമാകാം.

ജോലിയിലെയോ മറ്റ് കാരണങ്ങളാലോ ഉള്ള മാനസികസമ്മര്‍ദം പുളിച്ചുതികട്ടലിന് കാരണമാകാവുന്ന ഘടകമാണ്. മാനസികസമ്മര്‍ദം ശരീരത്തെ വിവിധരീതിയില്‍ ബാധിച്ചേക്കാം. ദഹനത്തെയും പ്രതിരോധസംവിധാനങ്ങളെയും ബാധിക്കുന്നതുമൂലം അവ ആസിഡ് റിഫ്‌ളക്‌സിന് കാരണമാകാം.

സമ്മര്‍ദത്തിന് കാരണമാകാവുന്ന കോര്‍ട്ടിസോളിന്റെ ഉത്പാദനം ദഹനത്തെ തടസപ്പെടുത്തുന്നു. അതുപോലെ മാനസികസമ്മര്‍ദമുണ്ടാകുന്ന അവസരങ്ങളില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തമായിരിക്കില്ല. ഇത് അണുബാധയ്ക്കും മറ്റും കാരണമായേക്കാം. ഇവ രണ്ടും ആസിഡ് റിഫ്‌ളക്‌സിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

അടിസ്ഥാന ജീവിതശൈലിയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സന്തുലിതമായ ആഹാരവും ശരിയായ സമയത്ത് ആഹാരം കഴിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. വളരെ നേരത്തെയും കുറഞ്ഞ അളവിലുമുള്ള അത്താഴമാണ് ഇത്തരത്തിലുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നത്. ഫാസ്റ്റ് ഫുഡുകളും അധിക കൊഴുപ്പടങ്ങിയ ആഹാരവസ്തുക്കളും കടുപ്പം കൂടിയ ചായയും കാപ്പിയും അധികതോതില്‍ നാരകവര്‍ഗത്തിലുള്ള പഴങ്ങളും ഒഴിവാക്കണം.

മദ്യം, പുകവലി, എയ്‌റേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. മൂന്ന് നേരം ആഹാരം കഴിക്കുന്നതിനു പകരം അഞ്ച് നേരം ചെറിയ അളവില്‍ ആഹാരം കഴിക്കുന്നത് ആമാശയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കും. അധികതോതില്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത് ആമാശത്തിലെ സൂക്ഷ്മവര്‍ഗങ്ങള്‍ക്ക് ഹിതകരമാകുകയും വിസര്‍ജ്ജനത്തിന് സഹായിക്കുകയും ചെയ്യും.

സങ്കീര്‍ണാവസ്ഥകള്‍ ഒഴിവാക്കാം


ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന അസിഡിറ്റിമൂലം ആമാശയസ്തരങ്ങളില്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവ ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ആമാശയഭിത്തിയില്‍ ദ്വാരങ്ങളോ രക്തസ്രാവമോ ഉണ്ടാകാം. അതുകൊണ്ടുതന്നെ എന്‍ഡോസ്‌കോപ്പിയിലൂടെ അള്‍സര്‍ ഇല്ലെന്ന് ഉറപ്പാക്കണം.

അള്‍സര്‍ ഉണ്ടെങ്കില്‍ അതിനുള്ള ചികിത്സ തുടങ്ങണം. ശരിയായ ചികിത്സയിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും അസിഡിറ്റി കുറച്ചുകൊണ്ടുവരണം. ത്രീവമായ അസിഡിറ്റി, ആമാശയ അള്‍സര്‍, ഹെലികോബാക്ടര്‍ പൈലോറി എന്ന രോഗാണുമൂലമുള്ള അണുബാധ എന്നിവ തിരിച്ചറിയാന്‍ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്. വൈദ്യശാസ്ത്ര ഉപദേശവും എത്രയും വേഗം ചികിത്സയും ലഭ്യമാക്കിയാല്‍ ആസിഡ് റിഫ്‌ളക്‌സ് മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയും.

ഡോ. ജി.എന്‍. രമേഷ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്,
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

Ads by Google
Tuesday 11 Sep 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW