Friday, June 28, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 07.32 AM

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത് ; സമരത്തിനു പിന്നില്‍ ബാഹ്യശക്തികളെന്നു മിഷനറീസ് ഓഫ് ജീസസ്

uploads/news/2018/09/247665/nun.jpg

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം ശക്തി പ്രാപിക്കുന്നു. സമരം മൂന്നുദിവസം പിന്നിട്ടതോടെ കൂടുതലാളുകളാണ് സമരപ്പന്തലിലേക്ക് എത്തുന്നത്. കുറവിലങ്ങാട്ടെ മഠത്തില്‍നിന്നു സമരവുമായി തെരുവിലേക്കെത്തിയ അഞ്ചു കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി ഒരു കന്യാസ്ത്രീ കൂടി രംഗത്തെത്തി. എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്റ്റര്‍ ടീനയാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.

പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീക്ക് സഭയില്‍നിന്നും നീതി കിട്ടാത്തതിനെത്തുടര്‍ന്നാണു തങ്ങള്‍ക്കു തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതെന്നു സിസ്റ്റര്‍ ടീന പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്കുണ്ടായ ദുരനുഭവം സഭയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇന്നലെ സമരപ്പന്തലിലെത്തിയ എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്റ്റര്‍ ടീന പറഞ്ഞു. ഇത്തരത്തില്‍ ചെറുതും വലുതുമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അപ്പോഴൊക്കെ സിസ്റ്റര്‍മാര്‍ സഭയില്‍നിന്നും പുറത്താക്കപ്പെടുകയും വേട്ടക്കാരായ വ്യക്തികള്‍ സഭയില്‍ തുടരുകയും കുര്‍ബാന ചൊല്ലി നടക്കുകയും ചെയ്യുന്നു. മോശം അനുഭവം ഉണ്ടാകുമ്പോള്‍ പ്രതികരിച്ചാല്‍ അതിനേക്കാള്‍ മോശമായ അനുഭവമാണ് ഉണ്ടാകുക.

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട വിഷയത്തില്‍ സഭയില്‍നിന്നും കാര്യമായ ഇടപെടലില്ല. മറ്റൊരിടവും ഇല്ലാതെ വന്നതിനെത്തുടര്‍ന്നാണ് പൊതുജനത്തിനു മുന്നിലേക്കു വന്നതും പോലീസിനെയും കോടതിയെയും സമീപിച്ചതും. സംസ്ഥാന സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ വേണ്ടവിധത്തിലുളള നടപടി സ്വീകരിക്കാന്‍ തടസം നില്‍ക്കുകയാണെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.-സിസ്റ്റര്‍ ടീന പറഞ്ഞു. സമരം കൂടുതല്‍ വിപുലപ്പെടുത്താനാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം.

സെക്രട്ടറിയേറ്റ് പടിക്കലേക്കു ജനകീയ മാര്‍ച്ച് നടത്തുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. എറണാകുളം ഐ.ജി. ഓഫീസിനു മുമ്പിലേക്ക് മാര്‍ച്ച് നടത്താനും നീക്കമുണ്ട്. വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണയുമായി ഇന്നലെ വേദിയിലെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുക എന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.

അറസ്റ്റ് െവെകുന്നതില്‍ പ്രതിഷേധിച്ച് നാളെ െഹെക്കോടതിയില്‍ കന്യാസ്ത്രീയുടെ കുടുംബം ഹര്‍ജി നല്‍കുമെന്നും സുചനയുണ്ട്. ഇതിനിടെ സമരപ്പന്തലില്‍ നിരാഹാരമനുഷ്ടിച്ചിരുന്ന അഡ്വ. ജോര്‍ജ് ജോസഫിനെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കള്ളമെന്ന് മിഷനറീസ് ഓഫ് ജീസസ്. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സന്യാസിനീ സമൂഹം കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞത്.

കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ ബാഹ്യശക്തികളാണെന്നും പ്രസ്താവനയില്‍ മിഷനറീസ് ഓഫ് ജീസസ് ആരോപിച്ചു. നേരത്തേ, അന്വേഷണ സംഘം തെളിവെടുത്ത സമയത്ത് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കെതിരേ പറഞ്ഞ അതേ ആരോപണങ്ങളാണു മൂന്നു പേജുള്ള പ്രസ്താവനയിലുള്ളത്. 2014 മേയ് അഞ്ചു മുതല്‍ രണ്ടു വര്‍ഷം താന്‍ ബലാത്സംഗം ചെയ്‌തെന്നാണു പരാതിയെന്നും അതിനു ശേഷം താനും കന്യാസ്ത്രീയും ഒരുമിച്ച് ചില പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അങ്ങനെ നടക്കുമോ എന്നുമായിരുന്നു ബിഷപ്പിന്റെ വാദം.

ഇതേ വാദമാണു പ്രസ്താവനയിലും ഉന്നയിക്കുന്നത് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരേ ചില വിഷയങ്ങളില്‍ ബിഷപ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്. ഇതെല്ലാം എല്ലാവരും മനസിലാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. കൂടാതെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍, എ.ഐ.െവെ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. അരുണ്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ ടി. ആസിഫലി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു, മഹിള മോര്‍ച്ച സംസ്ഥാന െവെസ് പ്രസിഡന്റ് ഒ.എം. ശാലീന, അഡ്വ. ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ ഇന്നലെ സമരപ്പന്തലിലെത്തി. ഇവര്‍ക്ക് പുറമേ ആം ആദ്മി പാര്‍ട്ടി, ഫോര്‍വേഡ് ബ്ലോക്ക്, എ.ഐ.െവെ.എഫ്, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരും വനിത സംഘടന നേതാക്കളും പൊതുപ്രവര്‍ത്തകരും വിവിധ തൊഴില്‍ മേഖലകളിലുള്ളവരും സമരപ്പന്തലിലെത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW