Sunday, November 18, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.24 AM

2+2 കരാറില്‍ വ്യക്‌തത വേണം

uploads/news/2018/09/247661/editorial.jpg

ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പ്രതിരോധ കരാര്‍ രാജ്യവ്യാപകമായ ചര്‍ച്ചയ്‌ക്കു വിധേയമാക്കേണ്ടതാണ്‌. ടു പ്ലസ്‌ ടു എന്നുപേരിട്ട ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരാണ്‌ യു.എസ്‌. വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ്‌ മറ്റിസ്‌ എന്നിവരുമായി ചര്‍ച്ച നടത്തിയത്‌. അമേരിക്കയില്‍നിന്ന്‌ പ്രതിരോധ സാങ്കേതികവിദ്യകളും ആയുധങ്ങളും ഇന്ത്യയ്‌ക്ക്‌ ലഭിക്കും എന്നതാണു കരാറിലെ നേട്ടമായി പറയുന്നത്‌. ഇന്ത്യയുടെ പ്രതിരോധശേഷിയും തയാറെടുപ്പുകളും ശക്‌തമാകുന്നതാണു കരാര്‍ എന്നാണു നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്‌.

അതീവ സുരക്ഷയുള്ള യു.എസ്‌. ആശയ വിനിമയ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്‌ എത്താന്‍ ഈ കരാര്‍ വഴി സാധിക്കും എന്നാണ്‌ ഇന്ത്യയുടെ കണക്കുകൂട്ടല്‍. കമ്മ്യൂണിക്കേഷന്‍സ്‌ കോംപാറ്റിബിലിറ്റി സെക്യൂരിറ്റി (കോംകാസ) എന്ന കരാര്‍ ഇന്ത്യ-യു.എസ്‌. ബന്ധത്തില്‍ നാഴികക്കല്ലാണെന്നാണ്‌ മൈക്ക്‌ പോംപിയോ അഭിപ്രായപ്പെട്ടത്‌. ചൈനയുമായുള്ള ബലാബലത്തില്‍ ഇന്ത്യക്ക്‌ മേല്‍ക്കൈ നല്‍കുന്ന നല്‍കുന്നതാണു കോംകാസ കരാര്‍ എന്നാണ്‌ ഇന്ത്യയുടെ വിലയിരുത്തല്‍. ഇതുവഴി അമേരിക്കയുടെ പ്രതിരോധ സംവിധാനവുമായി നേരിട്ട്‌ ബന്ധപ്പെടാന്‍ ഇന്ത്യക്ക്‌ സാധിക്കും. ഇന്ത്യന്‍ സമുദ്രം, ചൈനീസ്‌ അതിര്‍ത്തി എന്നിവിടങ്ങളില്‍നിന്ന്‌ അമേരിക്ക ശേഖരിക്കുന്ന രഹസ്യന്വേഷണ വിവരങ്ങള്‍ ഇന്ത്യക്ക്‌ ലഭിക്കും. നിലവില്‍ ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍ വൈകിയാണു ലഭിക്കുന്നത്‌. ഇതു മാറി ഉടനടിയുള്ള വിവര കൈമാറ്റത്തിനു കളമൊരുങ്ങുന്നു എന്നതാണ്‌ ഇന്ത്യ എടുത്തുപറയുന്ന മേന്മ .

എന്നാല്‍, ഇന്ത്യയുടെ പ്രതിരോധ, വിദേശനയ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതാണ്‌ ഈ കരാര്‍ എന്ന ആരോപണം ഉയരുന്നുണ്ട്‌. ഇറാനില്‍നിന്നുള്ള ഇന്ധന ഇറക്കുമതി, റഷ്യയുമായുള്ള പ്രതിരോധ സഹകരണം എന്നിവ അമേരിക്കയ്‌ക്ക്‌ താല്‍പര്യമുള്ളതല്ല. പ്രതിരോധരംഗത്ത്‌ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി റഷ്യയാണ്‌. അവിടെനിന്ന്‌ ആധുനിക മിസൈല്‍വേധ സംവിധാനങ്ങള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ്‌ ഇന്ത്യ. റഷ്യയുമായി പ്രതിരോധ സഹകരണമുള്ള രാജ്യങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ ഇന്ത്യക്ക്‌ അമേരിക്ക ഇളവ്‌ നല്‍കും എന്നു സൂചനയുണ്ട്‌, പക്ഷേ വ്യക്‌തതയില്ല.

ഇന്ത്യയുമായി വലിയൊരു കച്ചവടമാണ്‌ അമേരിക്കയുടെ ലക്ഷ്യം. എണ്ണ, ആയുധങ്ങള്‍ എന്നിവ ഇന്ത്യ തങ്ങളില്‍നിന്നു വാങ്ങണമെന്ന്‌ അമേരിക്ക ആഗ്രഹിക്കുന്നു. ഇറാനില്‍നിന്നുള്ള എണ്ണ ഉപേക്ഷിച്ച്‌ പൂര്‍ണമായും അമേരിക്കയെ ആശ്രയിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയ്‌ക്ക്‌ വലിയതോതില്‍ ചെലവേറും എന്നു വ്യക്‌തമാണ്‌. കോംകാസ കരാറിന്റെ വ്യവസ്‌ഥകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. പ്രതിരോധ കരാര്‍ ഇന്ത്യയെ ദോഷകരമായി ബാധിക്കുമോ എന്നത്‌ അതിനാല്‍ വ്യക്‌തവുമല്ല. ഇതേ രീതിയിലുള്ള ഒരു കരാര്‍ അമേരിക്ക ദക്ഷിണ കൊറിയയുമായി വച്ചിട്ടുള്ളത്‌ കൊറിയയെ പലതരത്തില്‍ നിയന്ത്രിക്കുന്നതാണ്‌. കരാര്‍ പ്രകാരം ലഭിക്കുന്ന എല്ലാ സൈനിക സംവിധാനവും വന്‍തോതില്‍ നിരീക്ഷിക്കാന്‍ അവസരം നല്‍കുന്നതാണു കൊറിയയുമായുള്ള കരാര്‍. കോംകാസയില്‍ ഈ വ്യവസ്‌ഥ ഉണ്ടോ എന്നത്‌ വ്യക്‌തമല്ല. അമേരിക്കന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്‌ ഇന്ത്യന്‍ സൈനിക വാര്‍ത്താവിനിമയ സംവിധാനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നും വ്യക്‌തമല്ല. ഇക്കാര്യമൊക്കെ സര്‍ക്കാര്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്‌.

Ads by Google
Tuesday 11 Sep 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW