Wednesday, November 21, 2018 Last Updated 54 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.24 AM

രാമനില്‍നിന്ന്‌ മോഡിയിലേക്ക്‌

uploads/news/2018/09/247660/bft1.jpg

കഴിഞ്ഞ ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ ആദ്യമായി രാമനെ മാറ്റി നിര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണത്തിനു തുടക്കം. രാമനും രാമരാജ്യത്തിനും പകരം മോഡിയും വികസന വിഷയങ്ങളും ഇടം പിടിച്ച തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നാലില്‍ മൂന്ന്‌ ഭൂരിപക്ഷംനേടി വിജയിച്ചു. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ സ്വാധീനമുള്ള മണ്ഡലങ്ങള്‍ പോലും ബി.ജെ.പി. കൈപ്പിടിയിലൊതുക്കി. ഇരുപക്ഷമായി തിരിഞ്ഞ്‌ എതിര്‍ത്തവര്‍ക്ക്‌ ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായതുമില്ല. മോഡി- അമിത്‌ ഷാ കൂട്ടുകെട്ടില്‍ വിരിഞ്ഞ വിജയപുഷ്‌പങ്ങളില്‍ എതിരാളികളെ പോലും അമ്പരപ്പിച്ചത്‌ ഉത്തര്‍പ്രദേശിലെ ഈ നേട്ടം തന്നെയായിരുന്നു.
വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിര്‍ണായക പൊതുതെരഞ്ഞെടുപ്പിന്‌ ഒരുങ്ങുമ്പോഴും ബി.ജെ.പിയുടെ പ്രചാരണ വായ്‌ത്താരിയില്‍ രാമനും അയോധ്യയുമില്ല. അങ്കം മോഡി നയിക്കുമെന്നു നേരത്തെ തന്നെ വ്യക്‌തമായിരുന്നെങ്കിലും വികസന നേട്ടം മാത്രമായിരിക്കും പ്രചാരണായുധമെന്ന്‌ തീരുമാനിച്ചത്‌ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ച ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗമാണ്‌. മൂന്ന്‌ മാസം കൂടുമ്പോഴാണ്‌ നിര്‍വാഹക സമിതി യോഗം നടക്കേണ്ടതെങ്കിലും വിവിധ കാരണങ്ങളാല്‍ ഒരു വര്‍ഷമായി നടന്നിരുന്നില്ല. നടന്നപ്പോള്‍ തന്നെ രാജ്യത്തേയും കേന്ദ്ര സര്‍ക്കാരിനേയും ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതുമില്ല. സര്‍ക്കാരില്‍ മോഡിയും പാര്‍ട്ടിയില്‍ അമിത്‌ ഷായും അവസാനവാക്കെന്ന നിലയില്‍ മാറ്റമില്ലാത്തിടത്തോളം ഇതിന്റെ ആവശ്യവുമില്ലെന്നാണു നേതാക്കളുടെ അടക്കം പറച്ചില്‍.
മോഡിക്ക്‌ മുമ്പ്‌ രാമന്‍ തന്നെയായിരുന്നു ബി.ജെ.പിയുടെ പ്രധാന പ്രചരണായുധം. രണ്ടില്‍നിന്ന്‌ എണ്‍പതിലേക്ക്‌ ബി.ജെ.പിയുടെ ലോക്‌സഭാ സീറ്റ്‌ വര്‍ധിപ്പിച്ചതും രാമന്‍ അടക്കമുള്ള ആശയങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടേയും. എന്നാല്‍ മോഡി പ്രഭാവത്തില്‍ പഴയ വിഷയങ്ങള്‍ അണിയറയിലൊതുങ്ങി. പൊതുതരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രചാരണ തന്ത്രം ഉത്തര്‍പ്രദേശിന്‌ സമാനമായിരിക്കുമെന്നും ഇതോടെ ഉറപ്പായി.മുന്നില്‍നിന്നു മോഡി നയിക്കും. വ്യക്‌തിപ്രഭാവവും വികസനനേട്ടവും സമം ചേര്‍ത്ത്‌ അമിത്‌ ഷാ തന്ത്രമൊരുക്കും. അതേ സമയം തന്നെ ആര്‍.എസ്‌.എസിന്റെ നേതൃത്വത്തില്‍ അടിസ്‌ഥാന തലത്തില്‍ (ഗ്രാസ്‌റൂട്ട്‌) തീവ്രഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തി പ്രചാരണം ശക്‌തിപ്പെടുത്തും. ഇതിനായി മുഴുവന്‍ പരിവാര്‍ പ്രസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗവും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പരിവാര്‍ നേതാക്കള്‍ക്ക്‌ ആര്‍.എസ്‌.എസ്‌. നേതൃത്വം നേരിട്ട്‌ നിര്‍ദേശം നല്‍കും.
മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മുത്തലാഖ്‌ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ മോഡി നേരിട്ട്‌ പ്രചാരണം നടത്തി പുരോഗമന ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കുമ്പോള്‍ ആര്‍.എസ്‌.എസ്‌. നേതൃത്വത്തില്‍ ഹിന്ദുത്വ അജന്‍ഡയിലൂന്നിയ പ്രചാരണം ശക്‌തമാക്കി പരമ്പരാഗത വോട്ടുബാങ്ക്‌ നിലനിര്‍ത്തുകയും ചെയ്യുകയെന്ന തന്ത്രമാണു നിലവില്‍ ആവിഷ്‌ക്കരിച്ചത്‌. ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച്‌ വിജയിച്ച ഈ തന്ത്രം പൊതുതെരഞ്ഞെടുപ്പില്‍ അധികാര തുടര്‍ച്ചയ്‌ക്കും ഇടയാക്കുമെന്ന പ്രതീക്ഷയിലാണ്‌ സംഘപരിവാര്‍.
കൈലാസ യാത്രയടക്കം നടത്തി, ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്‌ സമാനമായി മൃദു ഹിന്ദുത്വം പുണരുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുലിനും മതേതര ബിംബങ്ങള്‍ ഉയര്‍ത്തി പിടിച്ച്‌ പ്രകടനപത്രിക തയ്യാറാക്കുന്ന കോണ്‍ഗ്രസിനും ഈയൊരു തന്ത്രത്തിലൂടെ പ്രതിരോധം തീര്‍ക്കാനാകുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ. പ്രധാനമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, പാര്‍ട്ടിക്ക്‌ വോട്ട്‌ ശേഖരിക്കുന്ന സംവിധാനമായ നരേന്ദ്ര മോഡിക്ക്‌ ഈ അര്‍ത്ഥത്തില്‍ പ്രതിപക്ഷത്ത്‌ പകരക്കാരനില്ലാത്തതും ബി.ജെ.പിയുടെ പ്രതീക്ഷ വളര്‍ത്തുന്നു. പതിറ്റാണ്ട്‌ കാലം പാര്‍ട്ടിയെ വളര്‍ത്തിയ രാമനില്‍നിന്നു മോഡിയിലേക്കുള്ള ദൂരം കൂടിയാകും അഞ്ച്‌ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പരിശോധിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പെന്നും വ്യക്‌തം.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 11 Sep 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW