Thursday, June 27, 2019 Last Updated 46 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.23 AM

എലിപ്പനി: പത്തു ദിവസത്തിനിടെ മരിച്ചത്‌ 17 പേര്‍ , രോഗഭീഷണിയിലും മരുന്നുകള്‍ക്ക്‌ ഗുണനിലവാര പരിശോധനയില്ല

uploads/news/2018/09/247659/bft2.jpg

സംസ്‌ഥാനത്ത്‌ പ്രളയശേഷം എലിപ്പനി, ഡെങ്കിപ്പനി ഭീഷണിയേറുമ്പോഴും സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്ല. വന്‍തോതില്‍ വിതരണം ചെയ്യുന്ന വിവിധ ബ്രാന്‍ഡുകളിലുള്ള പ്രതിരോധമരുന്നുകള്‍ അടക്കം വേണ്ടത്ര മുന്‍കൂട്ടി പരിശോധനകള്‍ക്കു വിധേയമാക്കുന്നില്ല. കഴിഞ്ഞ പത്ത്‌ ദിവസത്തിനിടെമാത്രം സംസ്‌ഥാനത്ത്‌ 1,021 പേര്‍ക്കു എലിപ്പനി ബാധിച്ചതായാണ്‌ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്‌. ഇതില്‍ 521 പേര്‍ക്ക്‌ രോഗം സ്‌ഥിരീകരിച്ചു. 17 പേര്‍ മരണമടഞ്ഞു. 31 പേരുടെ മരണകാരണം എലിപ്പനിയാണെന്ന സംശയവുമുണ്ട്‌.
ഇതേകാലയളവില്‍ 335 പേര്‍ക്ക്‌ ഡെങ്കിപ്പനി പിടിപെട്ടതായും സംശയിക്കുന്നു. 90 പേരില്‍ രോഗം സ്‌ഥിരീകരിക്കുകയും ഒരു മരണം റിപ്പോര്‍ട്ട്‌ ചെയ്യുകയുമുണ്ടായി. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിച്ചവര്‍ക്കു പോലും രോഗം പിടിപെട്ടതായി അറിവായിട്ടുണ്ട്‌. ഇതിന്‌ ചില കമ്പനികളുടെ മരുന്നുകളിലെ ഗുണമേന്മകുറവ്‌ ഉള്‍പ്പടെയുള്ള കാണങ്ങളാണ്‌ ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. വിവിധ കമ്പനികള്‍ രാസനാമത്തോടൊപ്പം ചേര്‍ക്കുന്ന അസംസ്‌കൃത പദാര്‍ഥങ്ങള്‍ പല നിലവാരത്തിലുള്ളതാണ്‌. സാധാരണ ഗുളികകളില്‍ 92 മുതല്‍ 102 ശതമാനം വരെ പ്രവര്‍ത്തിക്കുന്ന രാസനാമം അടങ്ങിയിരിക്കണം. ഇതിന്‌ മുകളിലോ താഴെയോ ആണെങ്കില്‍ ആ ഗുളിക ഉപയോഗ യോഗ്യമല്ല. രണ്ട്‌ ലക്ഷത്തിലേറെ ഗുളികകളുള്ള ഒരു ബാച്ചിലെ അഞ്ചോ ആറോ സ്‌ട്രിപ്പുകള്‍ പരിശോധനാ വിധേയമാക്കിയാലും ഗുണമേന്മ ഉറപ്പാക്കാനാകും.
എലിപ്പനി പരത്തുന്ന ലെപ്‌റ്റോസ്‌പൈറ ബാക്‌ടീരിയയുടെ പ്രഹരശേഷി, വ്യാപന ശേഷി എന്നിവ കൃത്യമായി കണക്കാക്കാനാകാത്തതും പ്രതിസന്ധിക്കിടയാക്കുന്നതായി അഭിപ്രായം ഉയരുന്നുണ്ട്‌. അതിനിടെ ഡോക്‌സിസൈക്ലിന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കാനുള്ള നടപടിയും സര്‍ക്കാര്‍ തിടുക്കത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. കേരളാ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്‍ പൊതുമേഖലാ സ്‌ഥാപനമായ കേരളാ സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സിനോട്‌ ഒരാഴ്‌ചയ്‌ക്കകം ഒരു കോടി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍മ്മിച്ചു നല്‍കാനാണ്‌ അടിയന്തര ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്‌.
സാധാരണ ടെന്‍ഡര്‍ വിളിച്ചാണു കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്‍ മരുന്നുകള്‍ വാങ്ങുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിതരണം നടത്തുന്ന ഈ മരുന്നുകള്‍ ഗുണനിലവാര പരിശോധന നടത്താതെയാണ്‌ എത്തിക്കുന്നത്‌. മരുന്നുകള്‍ കഴിച്ചതിനുശേഷം രോഗിക്ക്‌ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാലോ പരാതി ഉണ്ടായോലോ മാത്രമേ പരിശോധന നടത്തിയിരുന്നുള്ളൂ. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌
60 എം.എല്‍ പാരസെറ്റമോള്‍ സിറപ്പ്‌, സര്‍ജിക്കല്‍ ആവശ്യത്തിനുപയോഗിക്കുന്ന മോണോഫിലാമെന്റ്‌ പോളിയമൈഡ്‌, മൈക്രോപോയിന്റ്‌ സ്‌പാചുലേറ്റഡ്‌ ഡബിള്‍ നീഡില്‍ തുടങ്ങിയവയ്‌ക്ക്‌ ഗുണനിലവാരമില്ലെന്നു പരാതി ഉയര്‍ന്നപ്പോള്‍ ഗുണനിലവാര പരിശോധന നടത്തുകയും അത്‌ വ്യക്‌തമാകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഇവയുടെ വിതരണവും നിലവിലുണ്ടായിരുന്ന സ്‌റ്റോക്കിന്റെ ഉപയോഗവും നിരോധിച്ചുകൊണ്ട്‌ കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്‍ ഉത്തരവ്‌ ഇറക്കുകയായിരുന്നു.
ഇപ്പോള്‍ വ്യാപകമായ എലിപ്പനി ആരംഭദിശയില്‍ ചികിത്സിച്ചില്ലെങ്കില്‍ വളരെ ഗുരുതരമാകാന്‍ സാധ്യതയേറെയുണ്ട്‌.
വെള്ളപ്പൊക്കത്തെ തുടര്‍ന്നു മലിനജലത്തില്‍ ഇറങ്ങിയവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധ മരുന്നായ 100 ഗ്രാമിന്റെ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആഴ്‌ചയില്‍ രണ്ട്‌ എണ്ണം ഭക്ഷണത്തിനുശേഷം കഴിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്‌.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Tuesday 11 Sep 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW