Sunday, November 18, 2018 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.23 AM

നദീബന്ധനം: വീണ്ടും സമ്മര്‍ദവുമായി തമിഴ്‌നാട്‌

uploads/news/2018/09/247658/bft3.jpg

കേരളത്തിന്റെ സമ്മതമില്ലാതെ നദീബന്ധനപദ്ധതി നടപ്പാക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും പ്രളയം മുതലാക്കി വീണ്ടും പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദം തുടങ്ങി. ഇത്‌ സംബന്ധിച്ച തമിഴ്‌നാട്‌ ജലസേചന വകുപ്പ്‌ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ചതായാണു സൂചന. പമ്പയിലെയും അച്ചന്‍കോവിലാറ്റിലേയും പ്രളയജലം മധ്യതിരുവിതാംകൂറില്‍ സൃഷ്‌ടിച്ച കൊടുതികള്‍ ചൂണ്ടിക്കാട്ടിയാണു റിപ്പോര്‍ട്ട്‌. പ്രളയം സംബന്ധിച്ച്‌ കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇവര്‍ ആയുധമാക്കുന്നു. പമ്പയിലും അച്ചന്‍കോവിലാറ്റിലും അധികജലം ഇല്ലെന്നുള്ള കേരളത്തിന്റ മുന്‍ വാദത്തെയാണ്‌ തമിഴ്‌നാട്‌ ഇപ്പോള്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നത്‌.
പ്രളയം ഡാം തുറന്നുവിട്ടതുമൂലമല്ലെന്നും അച്ചന്‍കോവിലാറ്റില്‍ പ്രളയനിയന്ത്രണത്തിന്‌ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്നുള്ള കേന്ദ്രഞ ജലക്കമ്മിഷന്റെ അഭിപ്രായം നദീബന്ധന പദ്ധതി നടപ്പാക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്നുള്ള മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിഗമനം ശരിവയ്‌ക്കുന്നതാണു തമിഴ്‌നാടിന്റെ പുതിയ നീക്കം.
ദേശീയ ജലവിഭവ വികസന ഏജന്‍സി നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്ത്യയിലെ ജല ലഭ്യതയുള്ള നദികളില്‍നിന്നും കുറഞ്ഞ നദികളിലേക്ക്‌ വെള്ളം എത്തിക്കുക എന്ന ലക്ഷ്യവുമായി 2002-ല്‍ വിപുലമായ പദ്ധതി തയ്യാറാക്കിയത്‌. ഇതനുസരിച്ച്‌ ഇന്ത്യയിലെ 37 നദികളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പദ്ധതി ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അംഗീകരിച്ചു. കേരളത്തിലെ പമ്പാ കല്ലറിലും അച്ചന്‍കോവിലാറ്റിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ ജലം മിച്ചമുണ്ടെന്നും അതിന്റെ 20% ജലംമായ 634 ദശലക്ഷം ഘനമീറ്റര്‍ ജലം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക്‌ ഗതിമാറ്റി കൊണ്ടുപോകണമെന്നുമായിരുന്നു ദേശീയ ജലവികസന ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍പ്പെട്ട മേക്കരയിലെ ഹനുമാന്‍ തോടിനു കുറുകെ തമിഴ്‌നാട്‌ 15 വര്‍ഷം മുമ്പ്‌ അണക്കെട്ട്‌ നിര്‍മ്മിച്ചുകഴിഞ്ഞു. അവിടെനിന്നു വൈപ്പാര്‍ നദിയിലേക്കു കനാല്‍ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇനി നടപ്പാക്കാനുള്ളത്‌ പമ്പാ-കല്ലാറില്‍ പുന്നമേട്‌ എന്ന സ്‌ഥലത്ത്‌ 150 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടും അച്ചന്‍കോവില്‍ കല്ലാറിലെ ചിറ്റാര്‍മൂഴിയില്‍ 160 മീറ്റര്‍ ഉയരമുള്ള അണക്കെട്ടും അതോടൊപ്പം അച്ചന്‍കോവിലില്‍ 35 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ടിന്റെ നിര്‍മാണവും മാത്രമാണ്‌. പുന്നമൂട്ടിലെയും ചിറ്റാര്‍ മൂഴിയിലേയും അണക്കെട്ടുകളെ എട്ട്‌ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം വഴി ബന്ധിപ്പിച്ചശേഷം അച്ചന്‍കോവിലിലെ ജലം പമ്പുചെയ്‌ത്‌ ചിറ്റാര്‍മൂഴി ജലസംഭരണിയിലെത്തിക്കാനാണ്‌ ലക്ഷ്യം. അവിടെ നിന്നും ഒമ്പത്‌ കിലോ മീറ്റര്‍ നീളമുള്ള തുരങ്കംവഴി ജലം മേക്കര ഡാമിലേക്കും തുടര്‍ന്ന്‌ കനാല്‍വഴി വൈപ്പാര്‍ നദിയിലേക്കും ജലം എത്തുന്നതോടെ നദീബന്ധനം പൂര്‍ത്തിയാകും.
തമിഴ്‌നാട്ടിലെ വിരുതനഗര്‍, തൂത്തുക്കുടി, തിരുനല്‍വേലി, കാമരാജാര്‍ ജില്ലകളിലെ 91,400 ഹെക്‌ടര്‍ സ്‌ഥലത്ത്‌ ജലസേചനം നടത്തുക എന്നതാണ്‌ പദ്ധതികൊണ്ട്‌ തമിഴ്‌നാട്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. അച്ചന്‍കോവിലാറ്റില്‍ പദ്ധതികള്‍ ഒന്നുമില്ലാത്തതിനാല്‍ കേരളത്തിലെ ജലം പാഴാവുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 മുതല്‍ കേരളത്തിലുണ്ടായ പ്രളയവും തുടര്‍ന്നുള്ള നാശനഷ്‌ടവും ചൂണ്ടിക്കാട്ടി കേരളം സമര്‍പ്പിച്ച കണക്കും തമിഴ്‌നാട്‌ പദ്ധതി നടപ്പിനായി കേന്ദ്രത്തെ ധരിപ്പിക്കുമെന്നാണ്‌ അറിയുന്നത്‌.
കേരളം പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. കൂടാതെ പമ്പയിലും അച്ചന്‍കോവിലാറ്റിലും അധികജലം ഇല്ലെന്ന്‌ സമര്‍ഥിക്കുന്ന സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ ബദല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. നദീബന്ധന പദ്ധതി നടപ്പാക്കണമെന്ന്‌ വ്യക്‌തമാക്കി 2012 ഫെബ്രുവരി 27ന്‌ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. 2016 ഡിസംബര്‍ 31ന്‌ മുമ്പ്‌ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന്‌ കാട്ടിയാണ്‌ ഒന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ സമയ വിവരപട്ടിക സമര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ നദികളുടെ കാര്യം തീരുമാനിക്കുന്നത്‌ സംസ്‌ഥാനങ്ങള്‍ ആയതിനാല്‍ കേന്ദ്രത്തിന്‌ ഒന്നും ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ കേരളത്തിന്റെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കില്ലെന്ന്‌ കേന്ദ്രം ഇതിനോടകം വ്യക്‌തമാക്കിയിട്ടുമുണ്ട്‌.
എന്നാല്‍ അച്ചന്‍കോവിലാറ്റില്‍ അണക്കെട്ടുകള്‍ ഇല്ലാത്തതാണ്‌ അവിടെ പ്രളയത്തിന്‌ കാരണമെന്ന്‌ കേന്ദ്ര ജലകമീഷന്‍ അടുത്തിടെ വ്യക്‌തമാക്കിയിരുന്നു. ഇതിന്‌ പിന്നില്‍ വൈപ്പാര്‍ പദ്ധതിയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ്‌ ജലവിഭവവകുപ്പ്‌ മുന്‍ മന്ത്രി എം.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചത്‌. കേരളത്തിന്റെ സംശയത്തെ സാധൂകരിക്കുന്നതാണ്‌ ഇപ്പോഴത്തെ തമിഴ്‌നാടിന്റെ നീക്കം.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Tuesday 11 Sep 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW