ഓവല്‍: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിയോടെ അരങ്ങേറിയ അലിസ്റ്റര്‍ കുക്ക് സെഞ്ചുറിയോടെ തന്നെ ബാറ്റ് താഴെ വച്ചു. തന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ മുന്‍ നായകന് കുക്കിന്റെ ബലത്തില്‍ ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്.
ഓവലില്‍ നടക്കുന്ന ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ 464 റണ്‍സിന്റെ വിജയലക്ഷ്യം വച്ചു നീട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്. 46 റണ്‍സുമായി കെ.എല്‍. രാഹുലും 10 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. ശിഖര്‍ ധവാന്(1), ചേതേശ്വര്‍ പൂജാര(0), നായകന് വിരാട് കോഹ്ലി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
വിരമിക്കല്‍ മത്സരം കളിക്കുന്ന കുക്കായിരുന്നു ഇന്നലത്തെ താരം. 2005-ല്‍ നാഗ്പ്പൂരില്‍ ഇന്ത്യക്കെതിരേ രണ്ടാമിന്നിങ്സില്‍ സെഞ്ചുറി നേടിയാണ് കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു.
13 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യക്കെതിരേ ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറിയും രണ്ടാമിന്നിങ്സില്‍ സെഞ്ചുറിയും നേടി കുക്ക് വിരമിക്കുമ്പോള്‍ സമയമായില്ല, അല്പം കൂടി തുടരാമായിരുന്നില്ലേ എന്നു ചിന്തിക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ വിരളം.
കുക്കിനൊപ്പം പിന്‍ഗാമിയും നിലവിലെ നായകനുമായ ജോ റൂട്ടും സെഞ്ചുറിയുമായി കളം നിറഞ്ഞതോടെ ഇന്ത്യ ചിത്രത്തിലേ ഇല്ലാതെ പോയി. ഇന്നലെ രണ്ടിന് 114 എന്ന നിലയില്‍ ഇന്നിങ്സ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിനു വേണ്ടി കുക്കും റൂട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ആദ്യ സെഷനില്‍ പൂര്‍ണമായും ഇന്ത്യന്‍ ബൗളിങ്ങിനു മേല്‍ ആധിപത്യം സ്ഥാപിച്ച ഇരുവരും ലഞ്ചിനു ശേഷം അധികം വൈകാതി വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തി. മൂന്നാം വിക്കറ്റില്‍ 259 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
ഇംഗ്ലണ്ട് സ്കോര്‍ 225-ല്‍ നില്‍ക്കെ കരിയറിലെ 33-ാമത്തെയും അവസാനത്തെയും ശതകം കുക്ക് പൂര്‍ത്തിയാക്കി. 210 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 100 റണ്‍സ് തികച്ച കുക്കിനെ നിറഞ്ഞ കരഘോഷത്തോടെയാണ് ഓവലിലെ ഗാലറി അഭിനന്ദിച്ചത്. അരങ്ങേറ്റത്തിലും വിടവാങ്ങല്‍ മത്സരത്തിലും സെഞ്ചുറി തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് കുക്ക്.
പിന്നാലെ 151 പന്തില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്സറും സഹിതം റൂട്ടും മൂന്നക്കം പിന്നിട്ടതോടെ ഇംഗ്ലണ്ട് ഗിയര്‍ മാറ്റി. പിന്നീട് ക്ഷണത്തില്‍ റണ്‍സ് അടിച്ചു കൂട്ടാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. മൂര്‍ച്ചയില്ലാത്ത ഇന്ത്യന്‍ ബൗളിങ്ങിന് ഇവരുടെ കടന്നാക്രമണം ചെറുക്കാനായില്ല.
ഒടുവില്‍ അരങ്ങേറ്റക്കാരന്‍ ഹനുമ വിഹാരിയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. റണ്‍ നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വിഹാരിയെ ഉയര്‍ത്തിയടിച്ച റൂട്ട് ബൗണ്ടറിയില്‍ സബ്സ്റ്റിറ്റ്യൂട്ട് താരം ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പുറത്താകുമ്പോള്‍ 190 പന്തില്‍ നിന്ന് 12 ബൗണ്ടറികളും ഒരു സിക്സറും സഹിതം 125 റണ്‍സാണ് ഇംഗ്ലീഷ് നായകന് നേടിയത്.
തൊട്ടടുത്ത പന്തില്‍ കുക്കിന്റെ രാജ്യാന്തര ടെസ്റ്റ് കരിയറിനും വിഹാരി അന്ത്യം കുറിച്ചു. കുത്തിത്തിരിഞ്ഞ പന്തില്‍ വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് കുക്ക് പുറത്തായത്. 286 പന്തില്‍ നിന്ന് 14 ബൗണ്ടറികളോടെ 147 റണ്‍സ് നേടിയ കുക്കിനെ കരഘോഷത്തോടെയാണ് കാണികള്‍ മടക്കിയയച്ചത്.
പിന്നീടെത്തിയവരില്‍ ജോണി ബെയര്‍സ്റ്റോ(18), ജോസ് ബട്ലര്(0) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയെങ്കിലും ബെന്‍ സ്റ്റോക്സ്(36 പന്തില്‍ 37), സാം കുറാന്(30 പന്തില്‍ 21), ആദില്‍ റഷീദ്(14 പന്തില്‍ 20 നോട്ടൗട്ട്) എന്നിവരുടെ വമ്പനടികള്‍ ഇംഗ്ലണ്ടിനെ 400 കടത്തി.
അരങ്ങേറ്റത്തിലും വിടവാങ്ങല്‍ മത്സരത്തിലും സെഞ്ചുറി നേടിയവര്‍
റെഗ്ഗി ഡഫ്:- ഇംഗ്ലണ്ടിനെതിരേ 1902-ല്‍ അരങ്ങേറ്റത്തില്‍ 104, ഇംഗ്ലണ്ടിനെതിരേ 1905-ല്‍ വിരമിക്കല്‍ ടെസ്റ്റില്‍ 146
വില്യം പോണ്‍സ്ഫോര്‍ഡ്:- ഇംഗ്ലണ്ടിനെതിരേ 1924-ല്‍ അരങ്ങേറ്റത്തില്‍ 110, ഇംഗ്ലണ്ടിനെതിരേ 1934-ല്‍ വിരമിക്കല്‍ ടെസ്റ്റില്‍ 266
ഗ്രെഗ് ചാപ്പല്‍:- ഇംഗ്ലണ്ടിനെതിരേ 1970-ല്‍ അരങ്ങേറ്റത്തില്‍ 108, പാകിസ്താനെതിരേ 1984-ല്‍ വിരമിക്കല്‍ ടെസ്റ്റില്‍ 182
മുഹമ്മദ് അസ്ഹറുദ്ദീന്:- ഇംഗ്ലണ്ടിനെതിരേ 1984-ല്‍ അരങ്ങേറ്റത്തില്‍ 110, ദക്ഷിണാഫ്രിക്കയ്ക്കെതിരേ 2004-ല്‍ അവസാന ടെസ്റ്റില്‍(102) ഠ അസ്ഹര്‍ അതിനു ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല
അലിസ്റ്റര്‍ കുക്ക്:- ഇന്ത്യക്കെതിരേ 2006-ല്‍ അരങ്ങേറ്റത്തില്‍ 104, ഇന്ത്യക്കെതിരേ 2018-ല്‍ വിരമിക്കല്‍ ടെസ്റ്റില്‍ 147