Friday, June 21, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

കന്യാസ്‌ത്രീയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

uploads/news/2018/09/247636/k5.jpg

പത്തനാപുരം(കൊല്ലം): കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ കോണ്‍വെന്റിലെ കന്യാസ്‌ത്രീ സിസ്‌റ്റര്‍ സി.ഇ. സൂസമ്മ(56)യുടേതു മുങ്ങിമരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. കൈത്തണ്ടയിലെ മുറിവിലൂടെ ഏറെ രക്‌തം വാര്‍ന്നെങ്കിലും മരണം സംഭവിച്ചതു വെള്ളം ശ്വാസനാളത്തില്‍ ചെന്നതിനെത്തുടര്‍ന്നാണെന്നാണു പരിശോധനാ ഫലം. അന്നനാളത്തില്‍നിന്നു നാഫ്‌ത്തലിന്‍ ഗുളികയും കണ്ടെത്തി. ഗുളിക വേദന അറിയാതിരിക്കാന്‍ കഴിച്ചതാണെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്‌. നടപടികളുടെ ദൃശ്യങ്ങള്‍ പോലീസ്‌ ചിത്രീകരിച്ചു.
പത്തനാപുരം സെന്റ്‌ സ്‌റ്റീഫന്‍സ്‌ സ്‌കൂളിലെ അധ്യാപികയായിരുന്ന കൊല്ലം കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ സിസ്‌റ്റര്‍ സി.ഇ. സൂസമ്മയെ ഞായറാഴ്‌ച രാവിലെ ഒമ്പതരയോടെയാണ്‌ കിണറ്റില്‍ മരിച്ചനിലയില്‍ ഹോസ്‌റ്റല്‍ ജീവനക്കാര്‍ കണ്ടെത്തിയത്‌. ദയറായുടെ നിയന്ത്രണത്തിലുള്ള കോണ്‍വെന്റിലാണ്‌ കന്യാസ്‌ത്രീ താമസിച്ചിരുന്നത്‌. മൃതദേഹം ഇന്ന്‌ മൗണ്ട്‌ താബോര്‍ ദയറാ സെമിത്തേരിയില്‍ സംസ്‌കരിക്കും.
ആത്മഹത്യക്കായി ആദ്യം ഇടതു കൈത്തണ്ടയും പിന്നീടു വലതു കൈത്തണ്ടയും മുറിക്കുകയും പിന്നീട്‌ കിണറ്റിലേക്കു ചാടുകയും ചെയ്‌തെന്നാണു പോലീസിന്റെ നിഗമനം. ഇടതു കൈയിലെ മുറിവ്‌ ആഴത്തിലുള്ളതായിരുന്നു. ഈ മുറിവിലൂടെ ഏറെ രക്‌തം വാര്‍ന്നുപോയിരുന്നു. അന്വേഷണ സംഘം ഇന്നലെ മഠത്തിലെത്തി കന്യാസ്‌ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.
മൗണ്ട്‌ താബോര്‍ ദയറായിലെ കിടപ്പുമുറിയില്‍നിന്ന്‌ 60 മീറ്റര്‍ ദൂരത്തു കീഴ്‌ക്കാംതൂക്കായ സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന കിണറിന്റെ ഭാഗത്തേക്ക്‌ ഇരു കൈയിലേയും മുറിവുമായി കന്യാസ്‌ത്രീ എങ്ങനെയെത്തിയെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. രാത്രിയില്‍ ഒറ്റയ്‌ക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശത്താണ്‌ കിണര്‍. കൂടാതെ കിണറിന്‌ മുകളിലെ ഭാരമുള്ള മേല്‍മൂടി താഴെക്കിടന്ന നിലയിലുമായിരുന്നു. കൈയില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ബ്ലേഡ്‌ മുറിയില്‍നിന്ന്‌ പോലീസ്‌ കണ്ടെത്തി. സൂസമ്മയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേണം നടക്കുന്നുണ്ട്‌. ഇതില്‍ നിരവധി തവണ വിളിച്ച ഒരു നമ്പര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഈ നമ്പറിന്റെ ഉടമയ്‌ക്ക്‌ കന്യാസ്‌ത്രീയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പോലീസ്‌ അന്വേഷിക്കുന്നു. പുനലൂര്‍ ഡിവൈ.എസ്‌.പി. എം. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷണം.
ഞായറാഴ്‌ച രാവിലെ കോണ്‍വെന്റിനോട്‌ ചേര്‍ന്ന കിണറിന്‌ സമീപത്ത്‌ രക്‌തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. കിണറിന്റെ തൂണിലും സമീപത്തും രക്‌തപ്പാടുകളും കണ്ടെത്തിയിരുന്നു. ശനിയാഴ്‌ച രാത്രിയിലും സിസ്‌റ്റര്‍ പതിവുപോലെ സുഹൃത്തുക്കളോടു സംസാരിച്ചിരുന്നു. രണ്ടാഴ്‌ചയിലധികമായി പരുമലയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ രോഗവിവരങ്ങളെക്കുറിച്ചു മറ്റാരോടും പറഞ്ഞിരുന്നില്ല. അസുഖമായതിനാല്‍ ഞായറാഴ്‌ച പുലര്‍ച്ചെ പള്ളിയില്‍ പോകാനായി മറ്റുള്ളവര്‍ വിളിച്ചിരുന്നില്ല. സിസ്‌റ്ററുടെ മുറിയിലും ഭിത്തികളിലും കിണര്‍ വരെയുള്ള വഴികളിലും കിണറിന്റെ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്‌തക്കറയുണ്ട്‌. മുടി മുറിച്ചനിലയിലാണു മൃതദേഹം കണ്ടെത്തിയത്‌. ശാസ്‌ത്രീയ പരിശോധന സംഘത്തിന്റെയും വിരലടയാള വിദഗ്‌ധരുടെയും റിപ്പോര്‍ട്ടുകള്‍ ഉടന്‍ പോലീസിന്‌ കൈമാറും.
ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ചു കൂടുതല്‍ അന്വേഷിക്കാനാണ്‌ പോലീസിന്റെ തീരുമാനം. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്തുനോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്ന്‌ പോലീസ്‌ പറയുന്നു.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW