Wednesday, January 23, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

കന്യാസ്‌ത്രീസമരം പ്രക്ഷോഭമാകുമെന്ന്‌ ഇന്റലിജന്‍സ്‌ ബിഷപ്‌ ഫ്രാങ്കോയുടെ അറസ്‌റ്റിനു നീക്കം; നുണപരിശോധനയ്‌ക്കു തയാറെടുപ്പ്‌

uploads/news/2018/09/247633/k1.jpg

തിരുവനന്തപുരം/കൊച്ചി: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റിന്‌ അന്വേഷണസംഘം തയാറെടുക്കുന്നു. അറസ്‌റ്റിനു പോലീസിന്റെ തലപ്പത്തുനിന്ന്‌ അനുമതി കിട്ടിയതോടെ, ബിഷപ്പിനെ നുണപരിശോധനയ്‌ക്കു വിധേയനാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കന്യാസ്‌ത്രീയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ദിവസം ബിഷപ്പിനൊപ്പം മഠത്തിലെത്തിയ സഹായിയെ കസ്‌റ്റഡിയിലെടുത്തതായാണു വിവരം.
ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകുന്നതിനെതിരേ കൊച്ചിയില്‍ തുടങ്ങിയ സമരം വലിയ ജനകീയ പ്രക്ഷോഭമായി വളരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഡി.ജി.പിക്കു ലഭിച്ചിട്ടുണ്ട്‌. പരാതി നല്‍കിയ കന്യാസ്‌ത്രീക്കൊപ്പം കുറവിലങ്ങാട്‌ മഠത്തിലുള്ള അഞ്ചു കന്യാസ്‌ത്രീകളുടെ സമരത്തിനു ദേശീയതലത്തില്‍ മാധ്യമശ്രദ്ധ ലഭിക്കുന്നതും പിന്തുണയുമായി ഓരോ ദിവസവും കൂടുതല്‍ ആളുകളെത്തുന്നതും റിപ്പോര്‍ട്ടിലുണ്ട്‌. എറണാകുളം കോണ്‍വെന്റിലെ ഒരു കന്യാസ്‌ത്രീ ഇന്നലെ സമരവേദിയിലെത്തിയിരുന്നു. ബിഷപ്പിനെ ഇവിടേക്കു വിളിച്ചുവരുത്താതെതന്നെ കസ്‌റ്റഡിയിലെടുക്കാനുള്ള ഒരുക്കങ്ങളായിട്ടുണ്ട്‌. അദ്ദേഹം നാടുവിടില്ലെന്നു കത്തോലിക്കാ സഭ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.
ബിഷപ്പിന്റെ അറസ്‌റ്റ്‌ ആവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ തെരുവിലിറങ്ങിയതിനേക്കാള്‍ മാധ്യമശ്രദ്ധയാകും പോലീസിന്റെ ചെറിയ വീഴ്‌ചയ്‌ക്കു പോലും കിട്ടുക. അതു രാഷ്‌ട്രീയരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം നിസാരമാകില്ലെന്നും പോലീസ്‌ തിരിച്ചറിയുന്നു.
സമരത്തിനിറങ്ങിയ കന്യാസ്‌ത്രീകള്‍ക്കു സഭകള്‍ക്കുള്ളില്‍നിന്നും സാംസ്‌കാരിക രംഗത്തുനിന്നും പിന്തുണ കിട്ടുന്നുണ്ട്‌. ഇതു വലിയ ജനകീയ പ്രക്ഷോഭമായി മറ്റു ജില്ലകളിലേക്കു വ്യാപിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്‌. നാരായണന്‍/എം.എസ്‌. സന്ദീപ്‌

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW