Tuesday, July 16, 2019 Last Updated 53 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

മണ്ണിരയുടെ നാശം അതിവര്‍ഷം മൂലമെന്നു വിദഗ്‌ധര്‍

uploads/news/2018/09/247628/k9.jpg

കല്‍പ്പറ്റ: പ്രളയത്തെത്തുടര്‍ന്നുണ്ടായ ശക്‌തമായ വേനല്‍ചൂടില്‍ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിരകളും ഇരുതല മൂരികളും ചത്തൊടുങ്ങുന്നത്‌ അതിവര്‍ഷം മൂലമുണ്ടായ സ്വാഭാവിക പ്രതിഭാസമാണെന്ന്‌ വിദഗ്‌ധര്‍. കുറഞ്ഞ സമയത്ത്‌ അസാധാരണമാംവിധമുണ്ടായ കനത്ത മഴയില്‍ ഫലഭൂയിഷ്‌ടമായ മേല്‍മണ്ണ്‌ കുത്തിയൊലിച്ചുപോയതാണ്‌ മണ്ണിരകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന്‌ വയനാട്‌ ജില്ലാ മണ്ണ്‌ സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്‌ മംഗളത്തോടു പറഞ്ഞു.
ചപ്പുചവറുകള്‍ അടിഞ്ഞുകൂടിയ ഫലഭൂയിഷ്‌ഠമായ മേല്‍മണ്ണ്‌ വെള്ളപ്പൊച്ചിലില്‍ ഒലിച്ചുപോയി. ഈ ആവരണത്തോടു ചേര്‍ന്നുള്ള ജൈവാംശമുള്ള മണ്ണിലാണ്‌ മണ്ണിരകളും ഇരുതല മൂരികളും മറ്റു സൂക്ഷ്‌മ ജീവികളുമുള്ളത്‌. മേല്‍മണ്ണ്‌ ഒലിച്ചുപോയതിനാല്‍ തൊട്ടുതാഴെയുള്ള പാളികളില്‍ നേരിട്ട്‌ സുര്യപ്രകാശമേല്‍ക്കും. കനത്ത ചൂട്‌ തട്ടുന്ന ഈ മണ്ണില്‍ ഓക്‌സിജന്റെ അളവ്‌ കുറവായിരിക്കും. ഓക്‌സിജന്റെ അഭാവവും ചൂടും താങ്ങാന്‍ കഴിയാതെയാണ്‌ മണ്ണിരകള്‍ പുറത്തേക്ക്‌ വരുന്നതെന്ന്‌ പി.യു. ദാസ്‌ ചൂണ്ടിക്കാട്ടി. സ്വാഭാവികമായ ആവാസ വ്യവസ്‌ഥയുടെ നാശം മൂലം ഈര്‍പ്പമുള്ള മറ്റ്‌ സ്‌ഥലങ്ങള്‍ തേടിയുള്ള യാത്രയിലാണ്‌ മണ്ണിരകള്‍ കടുത്ത വെയിലേറ്റ്‌ ചാകുന്നത്‌.
മേല്‍മണ്ണ്‌ നഷ്‌ടപ്പെട്ട്‌ വരണ്ടുണങ്ങുന്ന മണല്‍ കലര്‍ന്ന മണ്ണിലാണ്‌ മണ്ണിരകള്‍ അടക്കമുള്ള സുക്ഷ്‌മജീവികള്‍ കൂടുതല്‍ ചത്തൊടുങ്ങുന്നതെന്ന്‌ ഡോ. എം.എസ്‌. സ്വാമിനാഥന്‍ റിസേര്‍ച്ച്‌ ഫണ്ടേഷനിലെ മുതിര്‍ന്ന ശാസ്‌ത്രജ്‌ഞനും കേന്ദ്രത്തിന്റെ എക്‌സക്യുട്ടീവ്‌ ഡയറക്‌ടറുമായ ഡോ. എന്‍.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
മണല്‍ കലര്‍ന്ന മണ്ണ്‌ പെട്ടെന്നു ചൂടുപിടിക്കുമെന്നതിനാല്‍ അത്തരം സ്‌ഥലങ്ങളില്‍ മണ്ണിരകള്‍ക്ക്‌ തങ്ങാന്‍ കഴിയില്ല. നേരത്തെ ഈ താപവര്‍ധനവിനെ ചെറുത്തിരുന്നത്‌ മേല്‍മണ്ണായിരുന്നു. കേരളത്തിലെ മണ്ണില്‍ 68 ഇനം മണ്ണിരകളെ കണ്ടെത്തിയിട്ടുണ്ട്‌. 16 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടുമാത്രമേ മണ്ണിരകള്‍ക്ക്‌ താങ്ങാന്‍ കഴിയുകയുള്ളുവെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ജൈവസമ്പന്നമായ മേല്‍മണ്ണ്‌ സ്‌പോഞ്ച്‌ പോലെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മഴവെള്ളം സംഭരിച്ച്‌ സാവധാനം മണ്ണിനടിയിലേക്ക്‌ കടത്തിവിട്ട്‌ ഈര്‍പ്പം ക്രമീകരിക്കുന്നത്‌ മേല്‍പാളിയാണ്‌.
കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ ഈ പാളികള്‍ക്ക്‌ നാശമുണ്ടായത്‌ കാലാവസ്‌ഥയെ മൊത്തം ബാധിക്കും. മേല്‍പാളിയുടെ നാശം കാരണം മണ്ണ്‌ പെട്ടന്ന്‌ ചൂടുപിടിക്കും. ഉറവകള്‍ വറ്റാന്‍ കാരണമാകും.
തായ്‌ വേരുകളില്ലാത്ത വിളകള്‍ക്ക്‌ മണ്ണിന്റെ താപ വര്‍ധനവിനെ അതിജീവിക്കാന്‍ കഴിയില്ല. കുരുമുളക്‌, കമുക്‌, എലം തുടങ്ങിയവ വിളകള്‍ നശിക്കും. ഇതിന്‌ പരിഹാരമായി ചപ്പുചവറുകള്‍ കൊണ്ട്‌ പുതയിട്ട്‌ മണ്ണിനെ തണുപ്പിക്കുകയാണ്‌ വേണ്ടെതെന്നു പി.യു. ദാസ്‌ അഭിപ്രായപ്പെട്ടു.
മണ്ണിന്റെ സ്വാഭാവികമായ ജൈവീകാവസ്‌ഥ വീണ്ടെടുക്കാന്‍ രണ്ടോമൂന്നോ വര്‍ഷം വേണ്ടി വന്നേക്കും. പുഴകളിലെ ജലനിരപ്പ്‌ പെട്ടന്നു താഴാന്‍ കാരണം മഹാപ്രളയത്തില്‍ തടസങ്ങള്‍ നീങ്ങി പുഴകള്‍ വീതികൂടി സ്വാഭാവികമായ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയതാണെന്നാണ്‌ കോഴിക്കോട്‌ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റിലെ (സി.ഡബ്ല്യൂ.ആര്‍.ഡി.എം) വിദഗ്‌ദ്ധരുടെ അഭിപ്രായം.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW