Thursday, February 07, 2019 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

ഹാജിമാര്‍ നാളെമുതല്‍ മടങ്ങിയെത്തും

നെടുമ്പാശേരി: സംസ്‌ഥാന ഹജ്‌ജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്‌ജ്‌ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചിരുന്ന തീര്‍ഥാടകര്‍ നാളെ മുതല്‍ മടങ്ങിയെത്തും. ആദ്യ സംഘത്തിലെ 410 ഹാജിമാരുമായി സൗദി എയര്‍ലൈന്‍സ്‌ വിമാനം നാളെ ഉച്ചയ്‌ക്ക്‌ ഒരു മണിക്കാണ്‌ നെടുമ്പാശേരിയില്‍ എത്തുന്നത്‌.
തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സജ്‌ജീകരണങ്ങളാണ്‌ സംസ്‌ഥാന ഹജ്‌ജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്‌. ഹജ്‌ജ്‌ കാര്യ മന്ത്രി കെ.ടി. ജലീല്‍, സംസ്‌ഥാന ഹജ്‌ജ്‌ കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ്‌ ഫൈസി, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്‌ മൗലവി എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിക്കും.
ഹജ്‌ജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ്‌ തീര്‍ഥാടകര്‍ യാത്രയായിരുന്നത്‌. ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ തീര്‍ഥാടകരില്‍ 154 പേരൊഴികെ ബാക്കി എല്ലാവരും മദീന വിമാനത്താവളത്തില്‍ നിന്നാണ്‌ നാട്ടിലേക്ക്‌ മടങ്ങുന്നത്‌.
ഹാജിമാര്‍ക്ക്‌ വിതരണം ചെയ്യാനുള്ള സംസം വെള്ളം നേരത്തേ തന്നെ നെടുമ്പാശേരിയില്‍ എത്തിച്ചിട്ടുണ്ട്‌. ഓരോ ഹാജിക്കും അഞ്ച്‌ ലിറ്റര്‍ വീതം സംസം വെള്ളമാണ്‌ നല്‍കുക. ഇതിന്‌ ആവശ്യമായ അഞ്ച്‌ ലിറ്ററിന്റെ 12,100 കുപ്പി സംസം വെള്ളം ടി 3 ടെര്‍മിനലില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്‌. കേരളം, ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളില്‍ നിന്നായി 12,013 പേരാണ്‌ ഈ വര്‍ഷം യാത്രയായിരുന്നത്‌.
സൗദി എയര്‍ലൈന്‍സിന്റെ 30 വിമാനങ്ങളിലായാണ്‌ ഹാജിമാരുടെ മടക്കയാത്ര സജ്‌ജീകരിച്ചിരിക്കുന്നത്‌. 26 വിമാനങ്ങളില്‍ 410 വീതവും രണ്ട്‌ വിമാനങ്ങളില്‍ 409 പേര്‍ വീതവും ഒരു വിമാനത്തില്‍ 381 പേരും മറ്റൊരു വിമാനത്തില്‍ 154 പേരുമാണ്‌ ഉണ്ടാകുക.
154 പേരുമായി 22 ന്‌ രാവിലെ 10.35 ന്‌ നെടുമ്പാശേരിയിലെത്തുന്ന വിമാനം ജിദ്ദയില്‍ നിന്നാണ്‌ യാത്ര തിരിക്കുന്നത്‌. ഈ വിമാനത്തില്‍ ഹാജിമാര്‍ക്കൊപ്പം മറ്റ്‌ യാത്രക്കാരും ഉണ്ടാകും. സിയാലിന്റെ നേതൃത്വത്തില്‍ നെടുമ്പാശേരിയില്‍ പ്രത്യേക യോഗം ചേര്‍ന്ന്‌ മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.
സിയാലിനു പുറമെ സംസ്‌ഥാന ഹജ്‌ജ്‌ കമ്മിറ്റി, കസ്‌റ്റംസ്‌, എമിഗ്രേഷന്‍, സി.ഐ.എസ്‌.എഫ്‌. തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഹജ്‌ജ്‌ കമ്മിറ്റിക്ക്‌ കീഴില്‍ 50 വളണ്ടിയര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഇവര്‍ക്ക്‌ ആദ്യ ഘട്ട ഹജ്‌ജ്‌ ക്യാമ്പ്‌ പ്രവര്‍ത്തിച്ച സിയാല്‍ അക്കാദമിയില്‍ താമസ സൗകര്യവും ഒരുക്കും.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW