Tuesday, September 11, 2018 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
സോണി നെല്ലിയാനി
Tuesday 11 Sep 2018 02.05 AM

ജീവനക്കാര്‍ പരിശീലനത്തിരക്കില്‍; വനംവകുപ്പില്‍ പ്രതിസന്ധി

uploads/news/2018/09/247611/forst110918.jpg

കോതമംഗലം : പ്രളയക്കെടുതിയെ അതിജീവിക്കാന്‍ സംസ്‌ഥാനത്ത്‌ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ്‌ പരിശീലനത്തിരക്കില്‍. സംരക്ഷണവിഭാഗത്തിലെ മൂവായിരത്തോളം ജീവനക്കാരില്‍ എഴുന്നൂറോളംപേരെയാണ്‌ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനത്തിനു നിയോഗിച്ചത്‌. ഇതോടെ വനസംരക്ഷണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ അവതാളത്തിലായി.

വന മേഖലയിലെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ളവ പഠന വിധേയമാക്കുന്ന സമയത്താണു വനംവകുപ്പ്‌ ജീവനക്കാര്‍ക്കു പരിശീലനം സംഘടിപ്പിച്ചത്‌. വന പരിശീലന കേന്ദ്രങ്ങളായ അരിപ്പ, വാളയാര്‍ എന്നിവിടങ്ങളില്‍ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍, സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ തസ്‌തികകളിലുള്ള മുന്നൂറോളം ഉദ്യോഗസ്‌ഥര്‍ നിലവില്‍ പരിശീലനത്തിലുണ്ട്‌. ഇതിനു പുറമേ 353 ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാരെക്കൂടി തൃശൂര്‍ പോലീസ്‌ അക്കാഡമിയിലേക്ക്‌ പരിശീലനത്തിനയക്കുന്നതിന്‌ വനം വകുപ്പ്‌ ഉത്തരവിറക്കി. ഇതു കൂടാതെ സര്‍വേ പരിശീലനത്തിനായി നൂറിലധികം വനപാലകരെ നിയോഗിച്ചിട്ടുമുണ്ട്‌.

ഇതോടെ കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലെയും ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകളിലും സെക്‌ഷനുകളിലും റോന്ത്‌ചുറ്റല്‍ ഉള്‍പ്പെടെയുള്ള ദൈനംദിന വനം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. വനം കേസുകളുടെ നടത്തിപ്പ്‌, ഇക്കോ ടൂറിസം, മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം, സാമൂഹിക വനവത്‌ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്‌.

വേണ്ടത്ര വനപാലകരില്ലാതെ വന്നതോടെ അവധിയെടുക്കാനാകാതെ മറ്റു ജീവനക്കാര്‍ സമ്മര്‍ദത്തിലുമാണ്‌. പുതുതായി നിയമനം ലഭിച്ച ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ക്ക്‌ അവരുടെ പ്ര?ബേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്‌ പരിശീലനം അനിവാര്യമാണ്‌. എന്നാല്‍ നിലവിലെ ഫോറസ്‌റ്റ്‌ സബോര്‍ഡിനേറ്റ്‌ സര്‍വീസ്‌ റൂള്‍ പ്രകാരം പരിശീലനം നല്‍കേണ്ടതില്ലാത്ത സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ക്ക്‌ ഒരു വര്‍ഷത്തെ പരിശീലനമാണ്‌ നടന്നുവരുന്നത്‌.

ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍, സെക്‌ഷനുകളുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ക്കും സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ക്കും ഒരേ സമയം പരിശീലനം നല്‍കുന്നതാണ്‌ പ്രതിസന്ധിയുണ്ടാക്കിയത്‌.

2010 ലെ റൂള്‍ ഭേദഗതിയോടെ സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ തസ്‌തികയില്‍ നേരിട്ടു നിയമനം ഇല്ലാതായി. എന്നാല്‍ ചട്ടം നിലവില്‍ വരുന്നതിനു മുമ്പ്‌ ഉണ്ടായിരുന്ന ഒഴിവുകളിലേക്ക്‌ പി.എസ്‌.സി. നേരിട്ട്‌ നിയമനം നടത്തിയിരുന്നു. ഇതുപ്രകാരം സര്‍വീസില്‍ വന്ന സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ക്ക്‌ 2010 ന്‌ മുമ്പുണ്ടായിരുന്ന കാലഹരണപ്പെട്ട സിലബസ്‌ പ്രകാരമാണ്‌ പരിശീലനം നടത്തുന്നതെന്നും നിലവിലെ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്‌.

Ads by Google
സോണി നെല്ലിയാനി
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW