Saturday, April 20, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Tuesday 11 Sep 2018 01.55 AM

പ്രതിഷേധാഗ്നി , കാണാതെ കേന്ദ്രം

uploads/news/2018/09/247591/d1.jpg

ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയ്‌ക്കെതിരേ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിട്ടും കണ്ണടച്ച്‌ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത്‌ ഇന്ധനവില അനുദിനം കുതിപ്പില്‍. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്നലെ നടന്ന രാജ്യവ്യാപക പ്രതിഷേധത്തിനു ബി.ജെ.പി. ശക്‌തികേന്ദ്രങ്ങളില്‍പ്പോലും ചലനമുണ്ടാക്കാനായതു കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയായി.
അതേസമയം, രാജ്യത്തെമ്പാടും വന്‍ പ്രതിഷേധമുയരുമ്പോഴും ഇന്ധനവില ഇന്നലെ സര്‍വകാല റെക്കോഡിലെത്തി. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന്‌ 88.21 രൂപയും ഡീസല്‍ ലിറ്ററിന്‌ 77.41 രൂപയുമാണ്‌.
രാജ്യമെങ്ങും ജനങ്ങളുടെ അതൃപ്‌തി ശക്‌തമായ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധന ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരേ പൊതുവേദി രൂപീകരിക്കാനാണ്‌ പ്രതിപക്ഷ നീക്കം. ഇന്നലെ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിനോട്‌ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിച്ചതും ബി.ജെ.പി. സ്വാധീനമേഖലകളില്‍ ചലനം സൃഷ്‌ടിക്കാന്‍ സാധിച്ചതും കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നു. ഡല്‍ഹി രാംലീല മൈതാനത്തിനു മുന്നിലെ പെട്രോള്‍ പമ്പിനു സമീപം നടന്ന കോണ്‍ഗ്രസ്‌ ധര്‍ണയില്‍ ഡല്‍ഹിയിലെ ബദ്ധവൈരികളായ ആം ആദ്‌മി പാര്‍ട്ടി(എ.എ.പി)യും പങ്കെടുത്തു. ഇടതുപാര്‍ട്ടികളുടെ പ്രതിഷേധത്തിലും എ.എ.പി. പങ്കാളികളായി.
വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ബി.ജെ.പി. ശക്‌തികേന്ദ്രമായ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഭാരത്‌ ബന്ദില്‍ പ്രതിഷേധമിരമ്പിയതു കേന്ദ്രസര്‍ക്കാരിനു കനത്ത താക്കീതാണ്‌. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ബന്ദും ഹര്‍ത്താലും സാധാരണഗതിയില്‍ ബാധിക്കാത്ത ഝാര്‍ഖണ്ഡ്‌, ചത്തീസ്‌ഗഡ്‌, ബിഹാര്‍, മണിപ്പുര്‍, മഹാരാഷ്‌ട്ര, പോണ്ടിച്ചേരി തുടങ്ങിയ സംസ്‌ഥാനങ്ങളിലും ജനം ഇന്നലെ സമരത്തിനൊപ്പം അണിനിരന്നു.
നയവും നേതാവുമില്ലാത്ത ചേരിയെന്നു പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചതിനു പിറ്റേന്നു നടന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭാരത്‌ ബന്ദിനെ 21 പാര്‍ട്ടികള്‍ പിന്തുണച്ചത്‌ ബി.ജെ.പി. നേതൃത്വത്തിനു തലവേദനയാണ്‌. രാവിലെ ഒന്‍പതു മണിമുതല്‍ ഉച്ചയ്‌ക്ക്‌ മൂന്നുവരെ കോണ്‍ഗ്രസ്‌ ആഹ്വാനംചെയ്‌ത ബന്ദിനെ ഡി.എം.കെ, എം.ഡി.എം.കെ, ജെ.ഡി.എസ്‌, സമാജ്‌വാദി പാര്‍ട്ടി ആര്‍.ജെ.ഡി, എല്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്‌, മുസ്ലിം ലീഗ്‌, ആര്‍.എസ്‌.പി, ജെ.എം.എം, ജെ.വി.എം, എം.എല്‍.എസ്‌ തുടങ്ങിയ കക്ഷികളാണ്‌ പിന്തുണച്ചത്‌. ഇടതുപാര്‍ട്ടികള്‍ ഇന്നലെ സ്വന്തം നിലയ്‌ക്കും പ്രതിഷേധത്തിന്‌ ആഹ്വാനംചെയ്‌തിരുന്നു. പശ്‌ചിമബംഗാളിലും തമിഴ്‌നാട്ടിലും ഇടതുകക്ഷികളും കോണ്‍ഗ്രസും ഒന്നിച്ചു പ്രകടനങ്ങള്‍ നടത്തുകയും ചെയ്‌തു.
ലോകം മുഴുവന്‍ പ്രസംഗം നടത്തുന്ന മോഡി, ഇന്ധന വില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്‌ത്രീകളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മൗനംപാലിക്കുകയാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
പൊതുതെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച്‌ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തിലും ഇന്ധന വില വര്‍ധന ചര്‍ച്ചയായിരുന്നില്ല. പ്രതിഷേധം രാജ്യവ്യാപകമായി കത്തിപ്പടരുമ്പോഴും കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബി.ജെ.പി. ഇടപെടാന്‍ തയാറാകുന്നില്ല എന്നതിന്റെ സൂചനയായി ഇത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW