Tuesday, September 11, 2018 Last Updated 50 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

ബാബ്‌റി മസ്‌ജിദ്‌: ഗൂഢാലോചനാക്കേസില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട്‌ തേടി

ന്യൂഡല്‍ഹി: ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ടു മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി എന്നിവര്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയ കേസിന്റെ വിചാരണാ നടപടികള്‍ സംബന്ധിച്ച്‌ സുപ്രീം കോടതി ലക്‌നൗവിലെ വിചാരണക്കോടതിയുടെ റിപ്പോര്‍ട്ട്‌ ആരാഞ്ഞു.
കേസിന്റെ വിചാരണ അടുത്തവര്‍ഷം ഏപ്രിലിനു മുമ്പ്‌ പൂര്‍ത്തിയാക്കണമെന്ന്‌ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിശ്‌ചിത സമയപരിധിക്കുള്ളില്‍ വിചാരണ എങ്ങനെ പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ട്‌ ജസ്‌റ്റിസുമാരായ ആര്‍.എഫ്‌ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരങ്ങിയ രണ്ടംഗബെഞ്ചാണ്‌ ലക്‌നൗ സെഷന്‍സ്‌ ജഡ്‌ജി എസ്‌.കെ യാദവില്‍നിന്നു വിശദീകരണം തേടിയത്‌. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു നിര്‍ദേശം.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19നാണ്‌ അദ്വാനിയും ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ ബാബരി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്‌ഥാപിച്ച്‌ സുപ്രിംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കേസ്‌ ലഖ്‌നോയിലെ വിചാരണക്കോടതിയില്‍ വാദംകേള്‍ക്കണമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ വിചാണ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.നേരത്തെ ജഡ്‌ജി എസ്‌.കെ യാദവിനു യു.പി സര്‍ക്കാര്‍ സ്‌ഥാനക്കയറ്റം നല്‍കിയിരുന്നുവെങ്കിലും ബാബരി മസ്‌ജിദ്‌ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സുപ്രിംകോടതി ഉത്തരവ്‌ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തീരുമാനം അലഹബാദ്‌ ഹൈക്കോടതി സ്‌റ്റേചെയ്യുകയായിരുന്നു. സ്‌ഥാനക്കയറ്റം സ്‌റ്റേചെയ്‌ത അലഹബാദ്‌ ഹൈക്കോടതി നടപടിയില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ പ്രതികരണവും രണ്ടംഗബെഞ്ച്‌ തേടി.
1992 ഡിസംബര്‍ ആറിനു ബാബരി മസ്‌ജിദ്‌ പൊളിച്ചതു സംബന്ധിച്ചു രണ്ടു കേസുകളാണുള്ളത്‌. ഡിസംബര്‍ ആറിനു പള്ളി തകര്‍ക്കാനായി ഫൈസാബാദ്‌ ജില്ലയിലെ അയോധ്യയില്‍ ഒത്തുകൂടിയ ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ക്കെതിരെയാണ്‌ ഒരു കേസ്‌. അദ്വാനിയടക്കമുള്ള നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാകുറ്റമാണു രണ്ടാമത്തെ കേസ്‌. ആദ്യത്തെ കേസ്‌ ലഖ്‌നോയിലെ വിചാരണക്കോടതിയിലും ഗൂഢാലോചനാ കേസ്‌ റായ്‌ബറേലി കോടതിയിലുമായിരുന്നു.
ഈ രണ്ടു കേസുകളും ലഖ്‌നോയിലേക്കു മാറ്റി ഒന്നിച്ചു വിചചാരണ നടത്താനായിരുന്നു കഴിഞ്ഞവര്‍ഷം സുപ്രിംകോടതി ഉത്തരവിട്ടത്‌. 25 വര്‍ഷമായി കേസ്‌ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ രണ്ടുകേസുകളും ലക്‌നൗ കോടതിയില്‍ അതിവേഗവിചാരണ നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നായിരുന്നു ഉത്തരവ്‌. കോടതി വിധി പ്രകാരം അടുത്തവര്‍ഷം ഏപ്രിലില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാവേണ്ടതാണ്‌.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW