തിരുവനന്തപുരം: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അതിക്ഷേപിച്ച പി.സി ജോര്‍ജ്ജിനെതിരെ ഫേസ്ബുക്കില്‍ 'വായമൂടെടാ പിസി' ക്യാമ്പയിന് തുടങ്ങീരിക്കുകയാണ്. വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് പിസിക്കെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതൊടെ വലിയ തോതില്‍ ഈ ക്യാമ്പയിന് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പല അവസരങ്ങളിലായി സ്ത്രീകളെ കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ക്യാമ്പയിന് സോഷ്യല്‍ മീഡിയ നടത്തുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയേയും ഇവരെ പിന്തുണച്ചവരെയും ആക്ഷേപിച്ചാണ് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് നേരത്തെ രംഗത്തെത്തിയത്. ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്കുന്നവരാണെന്നും പ.സി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
പി.സി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന് തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. കേരള പോലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പിസി വ്യക്തമാക്കി.
ഇരയായ സ്ത്രീകളോട് കാണിക്കേണ്ട മര്യാദ പാലിക്കാതെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ദേശിയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ പറഞ്ഞിരുന്നു.