ദുബായ്: ഡോളറുമായുള്ള രൂപയുടെ മൂല്യം താഴേയ്ക്ക് പോകുന്നതിന്റെ പ്രതിഫലനം ഗള്‍ഫ് മേഖലയിലും. സാഹചര്യം മുതലാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലെ എക്സേഞ്ച് ഹൗസുകളില്‍ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് പകുതിയോടെയാണ് ഡോളറില്‍ രൂപയുടെ മൂല്യം ഇടിവ് ആരംഭിച്ചപ്പോള്‍ മുതല്‍ മിക്ക പണ കൈമാറ്റ കേന്ദ്രങ്ങളിലും തിരക്ക് തുടങ്ങിയിരുന്നു.
ആഗസ്റ്റ് പകുതിയില്‍ ഡോളറിന്റെ മൂല്യം കയറി 69.62 രൂപ ആയപ്പോള്‍ തന്നെ ദിര്‍ഹത്തിന് 18.97 ആയിരുന്നു മൂല്യം. ഇതോടെ യുഎഇ യിലെ എക്സേഞ്ച് ഗ്രൂപ്പുകളിലെ സെന്ററുകളില്‍ പണം അയയ്ക്കാന്‍ എത്തിയവരുടെ എണ്ണത്തില്‍ സാധാരണ വരുന്നതിനേക്കാള്‍ 25 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരുന്നു. യുഎഇ ഉള്‍പ്പെടെ വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വരുമാനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളില്‍ ഒന്നാണ്. 2017 ല്‍ 69 ബില്യന്‍ ഡോളറായിരുന്നു ഇത്.
രൂപയുടെ മൂല്യം റെക്കോഡ് നിലയിലേക്ക് കൂപ്പുകുത്തിയത് വിദേശത്ത് നിന്നും പണം അയയ്ക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണമാണ്. അതേസമയം ഓഗസ്റ്റില്‍ തുടങ്ങിയ രൂപയുടെ വീഴ്ചാനില തുടരുകയാണ്. നിലവില്‍ 81 പൈസ കൂടി ഇടിഞ്ഞ് രൂപയുടെ മൂല്യം 72.57 എന്ന നിലയിലായതോടെ ദിര്‍ഹത്തിനും അതിന്റേതായ രീതിയിലുള്ള വ്യത്യാസം വരുന്നത് പ്രവാസികളെ കൂടുതല്‍ സന്തോഷിപ്പിക്കും. നിലവില്‍ ദിര്‍ഹത്തിന് 19.10 രൂപയുടെ മൂല്യം മാറിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് കഴിയും.