Tuesday, November 13, 2018 Last Updated 47 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 11.53 AM

ഇപ്പോള്‍ ഫ്‌ളഡ് മാപ്പിംഗുകളുടെ പ്രളയം; നിര്‍ദേശങ്ങളുമായി മുരളി തുമ്മാരുകുടി

murali thummarukudi

കേരളത്തില്‍ എമ്പാടും ഇപ്പോള്‍ ഫ്‌ളഡ് മാപ്പിങ്ങിന്റെ പ്രളയമാണെന്ന് യു.എന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തന്റെ അറിവില്‍ 15ഓളം സംഘങ്ങള്‍ ഇക്കാര്യം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. ചിലര്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് കേരളം മുഴുനും മറ്റ് ചിലര്‍ മൊബൈല്‍ ഉപയോഗിച്ച് സ്വന്തം വാര്‍ഡിലും പദ്ധതി തയ്യാറാക്കാനൊരുങ്ങുന്ന. ഇത് കൂടാതെ സര്‍ക്കാരിന്റെ മാപ്പിംഗ് പദ്ധതികള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിനൊക്ക് കുറച്ച് മാര്‍ഗ നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഫ്‌ളഡ് മാപ്പിംഗുകളുടെ പ്രളയം!

കേരളത്തില്‍ എമ്പാടും ഇപ്പോള്‍ ഫ്‌ളഡ് മാപ്പിങ്ങിന്റെ പ്രളയമാണ്. എനിക്കറിയാവുന്ന ഒരു പതിനഞ്ചോളം സംഘങ്ങള്‍ ഇപ്പോള്‍ ഈ കാര്യം ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ചിലര്‍ ചെയ്തു തുടങ്ങി. ചിലര്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് കേരളം ഒട്ടാകെ, ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തം വാര്‍ഡില്‍ എന്നിങ്ങനെ. ഇതിന് പുറമേ സര്‍ക്കാരിന്റെ തന്നെ മാപ്പിംഗ് പദ്ധതികള്‍ ഉണ്ട്. ഇതൊക്കെ നല്ലതാണ്. കുറച്ചു നിര്‍ദേശങ്ങള്‍ കൂടി തരാം.

1. സര്‍ക്കാര്‍ പഠനങ്ങള്‍ മുറക്ക് നടക്കട്ടെ. സര്‍ക്കാര്‍ പഠിക്കുന്നുണ്ട് എന്നത് കൊണ്ട് മാത്രം മറ്റുള്ളവര്‍ പഠനം നടത്താതിരിക്കേണ്ട കാര്യമില്ല. പലപ്പോഴും സര്‍ക്കാര്‍ പഠനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാപ്പുകളും റിപ്പോര്‍ട്ടുകളും മറ്റുള്ളവര്‍ക്ക് കിട്ടാറില്ല. പൊതുജനങ്ങള്‍ക്കോ അക്കാദമിക്ക് രംഗത്തുള്ളവര്‍ക്കോ പോയിട്ട്, ഒരു വകുപ്പിന്റെ പഠന ഫലങ്ങള്‍ മറ്റു വകുപ്പുകള്‍ക്ക് പോലും കിട്ടാറില്ല. തിരുവനന്തപുരത്ത് നടത്തുന്ന പഠനങ്ങള്‍ വെങ്ങോല പഞ്ചായത്തില്‍ ലഭിക്കാറില്ല. നവകേരളത്തില്‍ ഇതൊക്കെ മാറും എന്ന് തന്നെയാണ് പ്രതീക്ഷ. എങ്കിലും സര്‍ക്കാരിതര പഠനങ്ങളും മാപ്പുകളും ഉണ്ടാകുന്നത് നല്ലതാണ്.

2. ഉപഗ്രഹ ചിത്രങ്ങളും, Terrain Elevation Data യും ഉണ്ടെങ്കില്‍ വളരെ പെട്ടെന്ന് കേരളത്തിലെ ഫ്‌ലഡ് മാപ്പിംഗ് നമുക്ക് നടത്താം. കുറച്ചു ഗ്രൗണ്ട് ട്രൂത്തിങ്ങ് കൂടി നടത്തിയാല്‍ ആളുകള്‍ക്ക് പ്രയോഗമുള്ള മാപ്പ് ഒരു മാസത്തിനകം പബ്ലിക്ക് ഡൊമൈനില്‍ ഇടാം.

3. ഏറെ ആളുകള്‍ നടത്തുന്ന ഈ പഠനങ്ങളും ശ്രമങ്ങളും ആരെങ്കിലും ഒക്കെ ഒന്ന് ഏകോപിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഏതെങ്കിലും ഒരു എഞ്ചിനീയറിങ്ങ് കോളേജ് ഈ വിഷയത്തില്‍ മുന്‍കൈ എടുക്കുക. ഇപ്പോള്‍ തന്നെ ഒരു ദിവസത്തെ ഒരു മീറ്റിങ് വിളിച്ച് ശാസ്ത്രീയമായി എങ്ങനെ മാപ്പിംഗ് നടത്താം, ഡ്രോണുകളെ എങ്ങനെ ഉപയോഗിക്കാം, ക്രൗഡ് ബേസ്ഡ് ആയി മാപ്പിങ്ങും ഗ്രൗണ്ട് ട്രൂത്തിങ്ങും എങ്ങനെ നടത്താം, എന്നിങ്ങനെ അനവധി കാര്യങ്ങളില്‍ ചര്‍ച്ചക്ക് സ്‌കോപ്പ് ഉണ്ട്. പക്ഷെ സെമിനാര്‍ നടത്താന്‍ പണത്തിന് വേണ്ടി പ്രപ്പോസല്‍ എഴുതാന്‍ പോയാല്‍ ഈ വര്‍ഷം കാര്യം നടക്കില്ല.

4. ലോകത്ത് നടക്കുന്ന വലിയ ദുരന്തങ്ങളുടെ എല്ലാം ഉപഗ്രഹം ഉപയോഗിച്ചുള്ള അപഗ്രഥനം നടത്തുന്ന ഒരു സംഘം ഞങ്ങള്‍ക്ക് ഉണ്ട്. ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ പെടുന്ന ഒന്നല്ല കേരളത്തിലെ ദുരന്തം. എന്നാലും അതേ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ വെള്ളപ്പൊക്കത്തെ മാപ്പ് ചെയ്യാന്‍ ഞാന്‍ അതിലെ പ്രധാന വിദഗ്ദ്ധനോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഏതെങ്കിലും എഞ്ചിനീയറിങ്ങ് കോളേജ് ഈ വിഷയത്തില്‍ മുന്‍കൈ എടുത്ത് അടുത്ത പതിനഞ്ചു ദിവസത്തിനകം ഈ വിഷയത്തില്‍ ഒരു ഏകോപന സെമിനാര്‍ നടത്തിയാല്‍ ഈ വിഷയത്തിലെ ഏറ്റവും നല്ല അന്താരാഷ്ട്ര പ്രാക്ടീസുകളെപ്പറ്റിയുള്ള ഒരു സെഷന്‍, സ്‌കൈപ്പ് വഴി നല്‍കാന്‍ ഞാന്‍ സംവിധാനം ഉണ്ടാക്കാം.

ഇനിയുള്ള സമയത്ത് സ്ഥലം വാങ്ങുന്നവര്‍ക്കും, വീട് വെക്കുന്നവര്‍ക്കും, വീടിന് വായ്പ കൊടുക്കുന്ന ബാങ്കുകള്‍ക്കും, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കും, ബ്ലേഡ് കമ്പനിക്കാര്‍ക്കും, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും, എന്തിന് കല്യാണാലോചനക്ക് വരെ ഈ ഡേറ്റയുടെ ആവശ്യം വരും. അപ്പോള്‍ ഇന്‍ഫോര്‍മേഷന്‍ ഈസ് പവര്‍ എന്നത് സത്യമായി വരും. പണമായും വരാം.
അതുകൊണ്ട്,
'എന്തിന്നധീരത ഇപ്പോള്‍ തുടങ്ങുക, എല്ലാം നമ്മള്‍ മാപ്പേണം '

മുരളി തുമ്മാരുകുടി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW