Wednesday, June 26, 2019 Last Updated 47 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.53 AM

നീലംപേരൂര്‍ പൂരം പടയണി സമാപിച്ചു , 'മാനസസരോവരത്തില്‍ അന്നങ്ങള്‍ പറന്നിറങ്ങി'

uploads/news/2018/09/247389/re.jpg

ചങ്ങനാശേരി: നീലംപേരൂരില്‍ മാനസ സരോവരത്തില്‍ ഭക്‌തര്‍ വഴിപാടായ സമര്‍പ്പിച്ച 69 അന്നങ്ങളും ഒരുവല്യന്നവും രണ്ടു ചെറിയ യന്നങ്ങളും പറന്നിറങ്ങി. പൂരം പടയണിയുടെ സമാപനദിവസത്തിലാണ്‌ അന്നങ്ങള്‍ പറന്നിറങ്ങിയത്‌. തിരുവോണ പിറ്റേന്ന്‌ അവിട്ടം നാള്‍മുതല്‍ തുടങ്ങിയ ആഘോഷമാണു പൂരം നാളായ ഇന്നലെ വല്യന്നങ്ങളുടെ അകമ്പടിയോടെ പൂരം പടയണിയ്‌ക്കു ഭക്‌തി സാന്ദ്രമായ സമാപനമായത്‌.
പടയണി കളത്തില്‍ പൂരം പടയണിയുടെ വരവ്‌ അറിയിച്ചു കൊണ്ടു മകം പടയണി ദിനത്തില്‍ അമ്പലകോട്ട എഴുന്നെള്ളി. ഇന്നലെ 11 മണിയോട്‌ കൂടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്‌തജനങ്ങള്‍ പങ്കെടുത്തു. ചൂട്ടു പടയണിയുമായി ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണു പടയണി കളത്തില്‍ അമ്പലകോട്ട എത്തിയത്‌. പടയണി കളത്തില്‍ തിങ്ങി നിറഞ്ഞ ഭക്‌തര്‍ അര്‍പ്പുവിളികളോടെ വരവേറ്റു. നെല്ലിന്റെ ജന്മ ദിനമായ മകം നാളില്‍ കാര്‍ഷിക അഭിവൃദ്ധിക്കു വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. കാര്‍ഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം നടന്നു. കല്യാണ സൗഗന്ധികം തേടിപോകുന്ന ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വ്വത താഴ്‌ചയില്‍ മാനസ സരോവരത്തില്‍ അരയന്നങ്ങള്‍ പറക്കുന്നത്‌ കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണു നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിലെ അവസാന ദിവസമായ പൂരം പടയണി. പടയണിയുടെ വേരുകള്‍ ആദിമഗോത്ര സംസ്‌കാരത്തിലേക്കു നയിക്കുന്നതാണ്‌.
എഡി 500 കാലഘട്ടത്തില്‍ പള്ളിബാണ പെരുമാള്‍ നീലം പേരൂരില്‍ വാണിരുന്നു. പടയണി ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പു പള്ളിഭഗവതിയുടെ നടയില്‍ നിന്നു ചേരമാന്‍ പേരുമാള്‍ സ്‌മാരകത്തിലെത്തി ക്ഷേത്രഭരണസമിതി പ്രതിനിധി അനുജ്‌ഞവാങ്ങുന്ന ചടങ്ങോടെയാണ്‌ വലിയ പടയണി ആരംഭിക്കുന്നത്‌. ഇത്‌ ആ രാജാവിന്റെ സ്‌മരണ നിലനിര്‍ത്തുന്നതാണ്‌. കോലങ്ങള്‍ക്കു നിറപണികള്‍ പൂര്‍ത്തിയാക്കുന്ന ചടങ്ങു രാവിലെ ആറു മണി മുതല്‍ ആരംഭിച്ചു. മണിക്കൂറുകളോളം വിശ്രമമില്ലാതെയുള്ള ജോലികളില്‍ ഗ്രാമവാസികള്‍ ഒരേ മനസ്സോടെ പങ്കെടുത്തു.
മുന്നൂറു പറ ചെത്തിപ്പൂവ്‌ കൊണ്ടാണ്‌ അന്നങ്ങളുടെ നിറ പണികള്‍ പൂര്‍ത്തിയാക്കിയത്‌. വാഴപ്പോളയും താമരയിലയും വാഴപ്പിണ്ടിയും അന്നങ്ങളില്‍ വര്‍ണ വിസ്‌മയം തീര്‍ത്തു. രാവിലെ തുടങ്ങിയ നിറപണികളില്‍ നൂറു കണക്കിനു നാനാ ജാതിമതസ്‌ഥര്‍ പങ്കെടുത്തു .വൈകിട്ട്‌ ആറു മണിയോടെയാണു നിറപണികള്‍ പൂര്‍ത്തിയായത്‌. തിരുവോണം കഴിഞ്ഞ്‌ അവിട്ടം നാളില്‍ ചൂട്ടു വെച്ച പടയണിയാണു പതിനഞ്ചാം നാള്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ പൂക്കളുടെയും നിറങ്ങളുടെയും അഴക്‌ വിടര്‍ത്തി സമാപിച്ചത്‌.
പൂര ദിവസമായ ഇന്നലെ രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്കു ശേഷം ആറിന്‌ പടയണി പറമ്പില്‍ വല്യന്നങ്ങളുടെ നിറപണികള്‍ ആരംഭിച്ചു. 12 ന്‌ ഉച്ച പൂജ തുടര്‍ന്ന്‌ അന്നമൂട്ട്‌ 6.30 ന്‌ ദീപാരാധന 7.30 ന്‌ അത്താഴ പൂജ എട്ടിനു പുത്തന്‍ അന്നങ്ങളുടെ തേങ്ങ മുറിയ്‌ക്കല്‍ ചടങ്ങ്‌ എന്നിവ നടന്നു. 10 ന്‌ ആഴിക്ക്‌ ചുറ്റും നിന്നുള്ള കുടം പൂജ കളി 10.30 ന്‌ തോര്‍ത്ത്‌ വീശിയുള്ള തോത്താ കളി, 11 ന്‌ പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം 12ന്‌ വായ്‌പാട്ടിന്റെ അകമ്പടിയോടെയുള്ള കോലങ്ങളുടെയും വല്യന്നങ്ങളുടെയും എഴുന്നെള്ളത്ത്‌. അന്നങ്ങളോടൊപ്പം പുലിവാഹനന്‍,നാഗയക്ഷി,ഭീമന്‍,ഹനുമാന്‍,നരസിംഹം,ആന,അമ്പലകോട്ട,വേലയന്നം എന്നിവയും പടയണിക്കളത്തിലെത്തുന്നതാണു പ്രധാന ചടങ്ങുകള്‍.10.30നു മേല്‍ശാന്തി കൊല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സര്‍വ്വ പ്രായശ്‌ചിത്വം ചെയ്‌തു.
തുടര്‍ന്നു പതിവു ചടങ്ങുകള്‍ പ്രകാരം ദേവസ്വം പ്രസിഡന്റ്‌ സി.കരുണാകര കൈമള്‍ ചേരമന്‍ പെരുമാള്‍ കോവിലില്‍പോയി പടയണിക്കായി അനുജ്‌ഞവാങ്ങിയതോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്‌.
വല്ല്യന്നങ്ങള്‍ ഒഴികെ 69 പുത്തന്‍ അന്നങ്ങളാണ്‌ തിരുനടയില്‍ സമര്‍പ്പിച്ചത്‌. പുത്തന്‍ അന്നങ്ങളെ ഭക്‌തര്‍ തോളിലേറ്റിയാണ്‌ തിരുനടയിലേക്ക്‌ എഴുന്നള്ളിച്ചത്‌. തുടര്‍ന്നു പ്രളയത്തിന്റെ ദുരിതമേറെയനുഭവിച്ച നീലംപേരൂര്‍ അടങ്ങുന്ന കുട്ടനാട്ടുകാരുടെ കണ്ണീരിന്റെ ഓര്‍മ്മയ്‌ക്കായി പ്രളയക്കോലവും പൂരം പടയണിയില്‍ അരങ്ങേറി.
രാത്രി 12 മണിയോടെ ആലിന്‍ ചില്ലകളെ വകഞ്ഞ്‌ മാറ്റി ഒരു വല്ല്യന്നവും രണ്ട്‌ ചെറിയ അന്നങ്ങളും പടയണി കളത്തിലേക്ക്‌ എഴുന്നള്ളിയതോടെ ആയിരങ്ങള്‍ ആര്‍പ്പുവിളികളോടെ എതിരേറ്റു. മൂന്നു പ്രാവശ്യം ദേവിയെ തൊഴുതിട്ടു കിഴക്കേ ആലിന്‍ ചുവട്ടിലേക്കു വല്യന്നങ്ങള്‍ നീങ്ങി. പടയണി കളത്തില്‍ പനയോലയുമായി ഭക്‌തര്‍ ഉറഞ്ഞുതുള്ളി. ഇതിനു ശേഷം കോലങ്ങളും സിംഹവാഹനവും പൊയ്യാനയും പടണിക്കളത്തിലെത്തിയപ്പോള്‍ അണ പൊട്ടിയ ആവേശത്തിമിര്‍പ്പില്‍ ഒരിക്കല്‍ കൂടി പള്ളി ഭഗവതി ക്ഷേത്രവും, പരിസര പ്രദേശങ്ങളും പൂര ലഹരിയിലായി. തുടര്‍ന്ന്‌ പുലര്‍ച്ചേ 2.30ഓടെ അരിയും,തിരിയും വെച്ച്‌ ഈ വര്‍ഷത്തെ പൂരത്തിനു നീലംപേരൂര്‍ വിട ചൊല്ലി.

Ads by Google
Monday 10 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW