Friday, November 16, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.51 AM

നീതിനിര്‍വഹിക്കാന്‍ യോഗ്യതയുള്ളവര്‍ വരണം

uploads/news/2018/09/247387/editorial.jpg

നീതിയുടെ വിതരണം തുല്യമായി വേണമെന്നാണ്‌ സങ്കല്‍പ്പം. അതുകൊണ്ടുതന്നെയാണ്‌ നീതിദേവതയുടെ കണ്ണുകള്‍ മറച്ചിരിക്കുന്നത്‌-ഈ വിതരണത്തിലെ തുല്യതയില്‍ പരിഗണനകള്‍ വരാതിരിക്കാന്‍. നീതിയുടെ വിതരണത്തിലെ അസന്തുലിതാവസ്‌ഥ നീതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തും. നീതിന്യായ വ്യവസ്‌ഥയില്‍ ഒരു രാജ്യത്തെ ജനങ്ങള്‍ക്കുള്ള മാനദണ്ഡം ഏകീകൃതമായിരിക്കണം. നീതിന്യായ സ്‌ഥാപനങ്ങള്‍ മാറുമ്പോഴും അവിടെ സ്‌ഥാനമലങ്കരിക്കുമ്പോള്‍ മാറുമ്പോഴും നീതിയുടെ അളവുകോലുകള്‍ മാറരുത്‌. കോടതികള്‍ പോലെതന്നെ നീതിനിര്‍വഹണത്തില്‍ സുപ്രധാനസ്‌ഥാനമാണ്‌ ഭരണഘടനാസംവിധാനങ്ങളായ വനിതാ കമ്മിഷനുകള്‍, ഉപഭോക്‌തൃഫോറങ്ങള്‍ ബാലാവകാശ കമ്മിഷനുകള്‍ തുടങ്ങിയവയ്‌ക്കുള്ളത്‌. എന്നാല്‍, ഇവയില്‍ പലതിന്റെയും തലപ്പത്തുള്ള നിയമനങ്ങള്‍ രാഷ്‌ട്രീയ മാനദ്‌ണ്ഡപ്രകാരമാകുമ്പോള്‍ ഇവരെടുക്കുന്ന നിലപാടുകള്‍ പരിഹാസ്യമാകുന്നു.
നീതി നടപ്പാക്കുന്ന സംവിധാനങ്ങളിലെ നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡം കഴിവിനു പകരം രാഷ്‌ട്രീയമാകുമ്പോള്‍ പലയിടത്തും തലകുനിക്കേണ്ടിവരും-നിയമിച്ചവര്‍ക്കും നിയമിക്കപ്പെട്ടവര്‍ക്കും. യോഗ്യതയില്ലാത്തവര്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ അടുക്കളവഴി അധികാരകേന്ദ്രങ്ങളിലെത്തിയാല്‍ ആ സ്‌ഥാനത്തെത്തന്നെ അധപ്പതിപ്പിക്കും. ബഹുമാനിക്കപ്പെടേണ്ട സ്‌ഥാനങ്ങള്‍ അതോടെ നിന്ദിക്കപ്പെടും.

സ്‌ത്രീകളുടെ സംരക്ഷണത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി രൂപീകരിക്കപ്പെട്ട ഭരണഘടനാ സംവിധാനമാണ്‌ സംസ്‌ഥാന, ദേശീയ വനിതാ കമ്മിഷനുകള്‍. കോടതി നടപടികള്‍ മൂലമുണ്ടാകുന്ന കാലതാമസത്തെ ലഘൂകരിച്ച്‌ വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ്‌ വനിതാ കമ്മിഷനുകള്‍ വഴി വിഭാവനം ചെയ്‌തത്‌. ആ കമ്മിഷനുകള്‍ സമീപകാലത്തായി കൈക്കൊള്ളുന്ന രാഷ്‌ട്രീയ നിലപാടുകളുടെ പേരില്‍ ചെളിക്കുഴിയില്‍ പൂണ്ട അവസ്‌ഥയിലാണ്‌. നീതിനിര്‍വഹണത്തിനുള്ള ഒരു ഭരണഘടനാസ്‌ഥാപനമാണ്‌ എന്നുപോലും ചിന്തിക്കാതെ നടത്തുന്ന വിലകെട്ട രാഷ്‌ട്രീയ പ്രസ്‌താവനകള്‍ സമൂഹത്തില്‍ ഈ സ്‌ഥാപനങ്ങളെ അപഹാസ്യമാക്കുന്നു. നിഷ്‌പക്ഷത കളഞ്ഞുകുളിച്ച്‌ ഇവര്‍ ഏറ്റെടുക്കുന്ന നിലപാടുകള്‍ വിമര്‍ശിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്നു.

രാഷ്‌ട്രീയ സംഭവങ്ങളില്‍ ദേശീയ വനിതാ കമ്മിഷനും സംസ്‌ഥാന വനിതാ കമ്മിഷനും എടുക്കുന്ന നിലപാടുകള്‍ കടകവിരുദ്ധമാകുമ്പോള്‍ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്‌ട്രീയ അജന്‍ഡകള്‍ മറനീക്കി പുറത്തുവരുകയാണ്‌. ചില സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കാനും കേട്ടപാതി പ്രസ്‌താവനകള്‍ നടത്താനും തിരക്കുകൂട്ടുന്നവര്‍ ചില സംഭവങ്ങളില്‍ മാളത്തിലൊളിക്കുന്നു. അധികാരത്തിലിരിക്കുന്നവര്‍ നീതിനിര്‍വഹണ സംവിധാനങ്ങളുടെ അന്തസ്‌ കാക്കാന്‍ കടപ്പെട്ടവരാണ്‌. ആ അന്തസ്‌ നിലനിര്‍ത്താന്‍ സാധിക്കുന്നവരെ മാത്രമേ ഇത്തരം സംവിധാനങ്ങളുടെ തലപ്പത്ത്‌ അവരോധിക്കാവൂ. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തലപ്പത്ത്‌ രാഷ്‌ട്രീയ നിയമനങ്ങള്‍ നടത്തി അവയൊക്കെ ഏതു വഴിക്കായെന്ന അനുഭവവും നമുക്കു മുന്നിലുണ്ട്‌. നീതിനിയമങ്ങള്‍ കൈകാര്യം ചെയ്യേണ്ടിടത്തെങ്കിലും രാഷ്‌ട്രീയ സാഷരത മാനദണ്ഡമാക്കി നിയമനങ്ങള്‍ നടത്താതിരിക്കാനുള്ള ഔചിത്യമാണ്‌ പാര്‍ട്ടികളും സര്‍ക്കാരുകളും കൈക്കൊള്ളേണ്ടത്‌. പൊതുഖജനാവില്‍നിന്ന്‌ കോടികള്‍ ചെലവഴിച്ചു രുപീകരിക്കുന്ന സംവിധാനങ്ങള്‍ പൊതുനന്മലക്ഷ്യമാക്കിയുള്ളതാകട്ടെ. അവിടെയിരിക്കുന്നവര്‍ യോഗ്യതയുള്ളവരാകുമ്പോള്‍ സര്‍ക്കാരിനും യശസ്‌ വര്‍ധിക്കുകയേയുള്ളൂ. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.

Ads by Google
Monday 10 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW