Saturday, April 20, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Monday 10 Sep 2018 12.50 AM

പൊതു വ്യക്‌തിനിയമവും ഭരണഘടനയും

uploads/news/2018/09/247386/bft1.jpg

മതേതരത്വമാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന അടിത്തറ. മൗലിക അവകാശങ്ങളില്‍ സുപ്രധാനവും ഇതുതന്നെ. പ്രസംഗിക്കാനും അഭിപ്രായപ്രകടനത്തിനും ഉള്ള അവകാശം. അസോസിയേഷനുകളും യൂണിയനുകളും രൂപീകരിക്കാനുള്ള അവകാശം. മതപ്രസംഗത്തിനും അഭിപ്രായപ്രകടനത്തിനുമുള്ളവ. മതപരമായ അസോസിയേഷനുകളും സംഘടനകളും രൂപീകരിക്കാനുമുള്ള അവകാശങ്ങളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്‌. എന്നാല്‍ ഭരണഘടനാ നിര്‍മാണസഭ മതന്യൂനപക്ഷങ്ങളില്‍ പൂര്‍ണവിശ്വാസം ജനിപ്പിക്കാനുള്ള ശ്രമത്തില്‍ അത്തരം വ്യവസ്‌ഥകള്‍ കൊണ്ടുമാത്രം തൃപ്‌തിപ്പെട്ടില്ല. അത്‌ ഒരുപടികൂടി മുന്നോട്ടുപോയി. മതസ്വാതന്ത്ര്യ അവകാശത്തെപ്പറ്റിമാത്രം പ്രതിപാദിക്കുന്ന വകുപ്പുകളുടെ ഒരു പ്രത്യേക വിഭാഗം തന്നെ അംഗീകരിച്ചു. ആര്‍ട്ടിക്കിള്‍ 25, 26, 27 എന്നിവയില്‍ വ്യവസ്‌ഥ ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കു പൂര്‍ണ സംതൃപ്‌തി ഉളവാകുമാറ്‌ ഏറ്റവും ഉദാരമായ വിധത്തിലുള്ളതാണ്‌. അവ യഥാര്‍ഥത്തില്‍ ഭരണഘടനാ നിര്‍മാണസഭ നിയമിച്ച ന്യൂനപക്ഷ കമ്മിറ്റി മിക്കവാറും ഏകകണ്‌ഠമായി ഉണ്ടാക്കിയ ധാരണയുടെ ഫലമത്രെ. ആ ഏക മനസ്‌കത ന്യൂനപക്ഷ സമുദായങ്ങളില്‍ വിശ്വാസത്തിന്റെയും സ്വരച്ചേര്‍ച്ചയുടെയും അന്തരീക്ഷം സൃഷ്‌ടിച്ചു.
കൂടാതെ ഈ വ്യവസ്‌ഥകളില്‍ ആമുഖത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ഭരണഘടനാ ലക്ഷ്യങ്ങളില്‍ ഒന്ന്‌ വിശദമായി തന്നെ ഉള്‍പ്പെടുത്തിയിരുന്നു: എല്ലാ പൗരന്‍മാര്‍ക്കും വിശ്വാസസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും നേടിക്കൊടുക്കല്‍...
ഒരു മതേതര രാഷ്‌ട്രത്തിന്റെ സങ്കല്‍പ്പത്തിനു ഭരണഘടനയില്‍ ഉറപ്പു നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യം എതിരാണെന്നു സഭാതലത്തില്‍ വാദിക്കപ്പെടുകയുണ്ടായി. എന്നാല്‍ രൂപരേഖാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പല പ്രമുഖ അംഗങ്ങളും ആ വാദത്തെ ചെറുത്തു. ഈ പശ്‌ചാത്തലത്തില്‍ ഉന്നയിക്കപ്പെട്ട ചില അഭിപ്രായങ്ങള്‍ അതേപടി ഉദ്ധരിക്കാന്‍ അര്‍ഹമായതാണ്‌. ഭരണഘടനാ നിര്‍മാണ സമിതിയംഗമായ ലക്ഷ്‌മികാന്ത മൈത്രയുടെ അഭിപ്രായമനുസരിച്ച്‌ ഒരു മതേതര രാഷ്‌ട്രത്തിന്റെ മേല്‍ പ്രസ്‌താവിച്ച സങ്കല്‍പ്പം തികച്ചും തെറ്റാണ്‌. അദ്ദേഹം പറഞ്ഞു:
ഏതെങ്കിലും വിധത്തിലുള്ള മതവിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ക്കായി മതത്തിന്റെയോ, സമുദായത്തിന്റെയോ പേരില്‍ എന്തുതന്നെയായാലും രാഷ്‌ട്രം പക്ഷപാതം ഒന്നും കാട്ടാനൊരുങ്ങുകയില്ലെന്നതാണു മതേതര രാഷ്‌ട്രമെന്നതുകൊണ്ട്‌ ഞാന്‍ മനസിലാക്കുന്നത്‌. രാഷ്‌ട്രത്തില്‍ ഒരു പ്രത്യേക മതത്തിലും സര്‍ക്കാരിന്റെ രക്ഷാധികാരം ഒരുതരത്തിലും ലഭിക്കില്ലന്നു സാരം. ഏതെങ്കിലും മതങ്ങളെ ഒഴിവാക്കിക്കൊണ്ടോ, ഏതിനെങ്കിലും മുന്‍ഗണന നല്‍കിക്കൊണ്ടോ ഏതെങ്കിലും ഒരു പ്രത്യേക മതം സ്‌ഥാപിക്കാനോ അതിന്റെ രക്ഷാധികാരി ആയിരിക്കാനോ അതിന്‌ ദാനം ചെയ്യാനോ രാഷ്‌ട്രത്തിന്‌ ഉദ്ദേശ്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള മതത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടു മാത്രം രാഷ്‌ട്രത്തിലെ ഒരു പൗരനോടും മുന്‍ഗണനയോടെയുള്ള പെരുമാറ്റമോ വിവേചനമോ ഉണ്ടാകുകയുമില്ല. മറ്റു വിധത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും പ്രത്യക മതാവലംബം പരിഗണനാര്‍ഹമാവുകയേയില്ല. ഇതാണ്‌ ഒരു മതേതര രാഷ്‌ട്രത്തിന്റെ സത്തയെന്ന്‌ ഞാന്‍ കരുതുന്നു.
എച്ച്‌. വി. കമ്മത്ത്‌ ഭരണഘടനാ നിര്‍മാണ സഭയില്‍ ഇപ്രകാരം പറഞ്ഞു: രാഷ്‌ട്രം ഏതെങ്കിലും ഒരു പ്രത്യേക മതവുമായി താതാത്മ്യം പ്രാപിച്ചുകൂടെന്നു ഞാന്‍ പറയുമ്പോള്‍ ഒരു രാഷ്‌ട്രം മതവിരുദ്ധമോ മതരഹിതമോ ആയിരിക്കണമെന്നാണു പറയുന്നതെന്ന്‌ അര്‍ഥമാക്കിക്കൂടാ. ഇന്ത്യ ഒരു മതേതര രാഷ്‌ട്രമായിരിക്കണമെന്നു നാം സുനിശ്‌ചിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍, എന്റെ അഭിപ്രായത്തില്‍ ഒരു മതേതര രാഷ്‌ട്രം നിരീശ്വരമോ, മതരഹിതമോ, മതവിരുദ്ധമോ അല്ല.
പാര്‍ലമെന്റില്‍ ഹിന്ദു കോഡ്‌ ബില്ലിനെ സംബന്ധിച്ചു നടന്ന വാദപ്രതിവാദത്തില്‍ പങ്കെടുത്തുകൊണ്ട്‌ ഡോ.അംബേദ്‌കര്‍ മതേതര സങ്കല്‍പ്പത്തിന്‌ ഒരു വിവരണം നല്‍കി: ജനങ്ങളുടെ മതവികാരങ്ങള്‍ നാം കണക്കിലെടുത്തുകൂടെന്ന്‌ അതിന്‌ (മതേതര രാഷ്‌ട്രത്തിന്‌) അര്‍ഥമില്ല. ഏതെങ്കിലും ഒരു പ്രത്യേക മതം മറ്റുള്ള ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലമെന്റിന്‌ അര്‍ഹതയുണ്ടായിക്കൂടെന്നു മാത്രമാണ്‌ ഒരു മതേതരരാഷ്‌ട്രത്തിന്‌ ആകെക്കൂടിയുള്ള അര്‍ഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്‌.
പൊതുവ്യക്‌തിനിയമത്തെ സംബന്ധിച്ച്‌ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടായി രാജ്യത്ത്‌ വ്യാപകമായ ചര്‍ച്ച നടന്നുവരികയാണ്‌. കേന്ദ്രസര്‍ക്കാര്‍ പൊതുവ്യക്‌തിനിയമം നടപ്പിലാക്കാന്‍ വേണ്ടിയുള്ള ശക്‌തമായ നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതുവ്യക്‌തി സംഹിത വേണം എന്ന ആവശ്യത്തിനെയും തര്‍ക്കത്തിനെയും കുറിക്കുന്ന പദമാണ്‌ പൊതുവ്യക്‌തിനിയമം.
പൊതുവ്യക്‌തിനിയമം നടപ്പിലാക്കണമെന്ന ആവശ്യം ദേശീയ നിയമ കമ്മിഷന്‍ തള്ളിയിരിക്കുകയാണ്‌.ഏക സിവില്‍കോഡ്‌ ഈ ഘട്ടത്തില്‍ അനിവാര്യമല്ലെന്നു നിയമകമ്മീഷന്‍ വ്യക്‌തമാക്കി. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുകയാണു വേണ്ടതെന്ന്‌ ജസ്‌റ്റിസ്‌ ബി.എസ്‌. ചൗഹാന്‍ അധ്യക്ഷനായ നിയമ കമ്മിഷന്‍ വ്യക്‌തമാക്കിയിരിക്കുകയാണ്‌.
വിവാഹം, വിവാഹമോചനം, കുട്ടികളുടെ കസ്‌റ്റഡി-രക്ഷാകര്‍തൃത്വം, ദത്തെടുക്കലും പരിപാലനവും, പിന്തുടര്‍ച്ചയും സ്വത്തവകാശവും എന്നീ കുടുംബ നിയമങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടാണ്‌ നിയമ കമ്മിഷന്‍ പുറത്തിറക്കിയത്‌. പൊതുവ്യക്‌തിനിയമത്തിന്റെ ആദ്യഘട്ടമെന്ന രീതിയിലാണു കുടുംബ നിയമങ്ങളുടെ ഏകീകൃത റിപ്പോര്‍ട്ടിനെ കാണുന്നത്‌.
ഈ ഘട്ടത്തില്‍ പൊതുവ്യക്‌തിനിയമം അനിവാര്യമോ അഭികാമ്യമോ അല്ലെന്നാണ്‌ കമ്മിഷന്‍ വ്യക്‌തമാക്കിയത്‌. എല്ലാ മതങ്ങളിലേയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കണം. ഓരോ സമുദായത്തിനും അകത്തുള്ള സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത ഉറപ്പാക്കാനാണു നിയമനിര്‍മാണ സഭകള്‍ ആദ്യം ശ്രമിക്കേണ്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം സമുദായങ്ങള്‍ തമ്മിലുള്ള തുല്യത ഉണ്ടാക്കലല്ലെന്നും കമ്മിഷന്‍ വ്യക്‌തമാക്കുന്നു. മതവിശ്വാസത്തിനും തുല്യതയ്‌ക്കും ഉള്ള അവകാശങ്ങളില്‍ ഏതെങ്കിലും ഒന്നു സ്‌ത്രീകള്‍ തെരഞ്ഞെടുത്താല്‍ മതിയെന്നു പറയുന്നതു ശരിയല്ല. തുല്യതയ്‌ക്കുള്ള അവകാശത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ സ്‌ത്രീകള്‍ക്കു മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ നല്‍കണമെന്നു റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.
പൊതുവ്യക്‌തിനിയമം നടപ്പിലാക്കുന്നത്‌ അസാധ്യമാണെന്നും, വ്യക്‌തിനിയമങ്ങള്‍ ഭരണഘടനാപരമായ സംരക്ഷണം ഉള്ളതാണെന്നും നേരത്തെതന്നെ ജസ്‌റ്റിസ്‌ ചൗഹാന്‍ വ്യക്‌തമാക്കിയിരുന്നു. ആര്‍.എസ്‌.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന രാഷ്‌ട്രീയ പ്രചരണായുധമാണ്‌ ഏകീകൃത സിവില്‍കോഡ്‌.
പൊതുവ്യക്‌തിനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ 2016 ജൂണില്‍ നരേന്ദ്ര മോഡി സര്‍ക്കാരാണു നിയമ കമ്മിഷനെ ചുമതലപ്പെടുത്തിയത്‌. മുസ്ലീം വ്യക്‌തിനിയമ പരിഷ്‌കരണം, മുത്തലാഖ്‌ നിരോധനം തുടങ്ങിയ ചര്‍ച്ചകള്‍ കൊഴുപ്പിച്ചുകൊണ്ടാണ്‌ ഏക സിവില്‍കോഡ്‌ വിഷയം പഠിക്കാനുള്ള ദൗത്യം മോഡി സര്‍ക്കാര്‍ നിയമ കമ്മിഷനെ ഏല്‍പിച്ചത്‌. എന്നാല്‍, അതനുസരിച്ചുള്ള അന്തിമ റിപ്പോര്‍ട്ടല്ല കമ്മിഷന്‍ സമര്‍പ്പിച്ചത്‌. പകരം ചര്‍ച്ചയ്‌ക്കുള്ള ഒരു രേഖ മുന്നോട്ടുവയ്‌ക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.
ഇന്നത്തെ ദേശീയ രാഷ്‌്രടീയത്തില്‍ പൊതുവ്യക്‌തിനിയമം നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന്‌ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞത്‌ വളരെ സുപ്രധാനമാണ്‌. ഇത്‌ പൊതുവ്യക്‌തിനിയമം നടപ്പിലാക്കാന്‍ ധൃതിപിടിക്കുന്ന മോഡി സര്‍ക്കാരിന്‌ ഏറ്റ കനത്ത പ്രഹരമാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയിലെ മതമൗലികവാദികള്‍ എക്കാലവും ആഗ്രഹിക്കുന്ന ഒന്നാണ്‌ പൊതുവ്യക്‌തിനിയമം. അതുകൊണ്ടുതന്നെ ഇവരുടെ താല്‍പര്യങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ നിയമ കമ്മിഷന്റെ അഭിപ്രായത്തെ മുഖവിലയ്‌ക്ക്‌ എടുക്കുമോയെന്നുള്ള കാര്യത്തിലും മതേതര ജനകോടികള്‍ക്കു സംശയമുണ്ട്‌.
ഇന്ത്യ ഒരു മതേതരരാഷ്‌ട്രമാണ്‌. ഭരണഘടനയുടെ അടിത്തറയും ഇതുതന്നെയാണ്‌. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടം തന്നെ മതേതരത്വത്തെ വെല്ലുവിളിക്കുകയാണ്‌. രാജ്യത്തെ ജനങ്ങള്‍ എല്ലാ നിലയിലും ജാഗ്രത പാലിക്കേണ്ട സമയമാണു വന്നുചേര്‍ന്നിരിക്കുന്നത്‌. എന്തായാലും കേന്ദ്ര നിയമ കമ്മിഷന്റെ പൊതുവ്യക്‌തിനിയമത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ രാജ്യത്തെ മതേതര ജനവിഭാഗങ്ങള്‍ക്കാകെ വലിയൊരു അത്താണിയും ആത്മവിശ്വാസം പകരുന്ന ഒന്നാണെന്നുമുള്ള കാര്യത്തില്‍ സംശയമില്ല.

അഡ്വ. ജി. സുഗുണന്‍

(ലേഖകന്‍ സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗമാണ്‌.ഫോണ്‍: 9847132428 Email: avdgsugunangmail.com)

Monday 10 Sep 2018 12.50 AM
YOU MAY BE INTERESTED
Loading...
TRENDING NOW