Monday, September 10, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.50 AM

ലിംഗനീതിയുടെ കാഹളം

uploads/news/2018/09/247385/bft2.jpg

സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീം കോടതിവിധി സ്വാഗതാര്‍ഹമാണ്‌. മനുഷ്യനെ ജാതി, മതം, വര്‍ഗം, ലിംഗം എന്നീ വേലികളില്‍ വേര്‍തിരിക്കുകയും അവയുടെ പേരില്‍ അവമതിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരികബോധം നമ്മുടെ നാട്ടിലുണ്ട്‌. എന്നാല്‍, സ്വാഭാവികമോ സാംസ്‌കാരികമോ ആയി ഉണ്ടാക്കപ്പെടുന്ന ലൈംഗികത്തനിമ എന്തായാലും വ്യക്‌തികള്‍ നമ്മുടെ അയല്‍ക്കാരും സഹപൗരന്മാരുമാണെന്ന തിരിച്ചറിവാണു വേണ്ടത്‌.
സുപ്രീം കോടതിയുടെ ഈ വിധി ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പു പൂര്‍ണമായി റദ്ദാക്കുന്നില്ല. അതിനെ കൂടുതല്‍ മാനവമാക്കുകയാണ്‌. പ്രകൃതിയുടെ ക്രമത്തിനു വിരുദ്ധമായ ലൈംഗികവേഴ്‌ചകളാണ്‌ ഇവിടെ നിരോധിക്കുന്നത്‌. വ്യക്‌തിസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം നല്‍കുമ്പോഴും വ്യക്‌തി ധാര്‍മികമായി പെരുമാറണമെന്നാണ്‌ മൃഗങ്ങളുമായി രതി നിരോധിക്കുന്നതിലൂടെ അര്‍ഥമാക്കുന്നത്‌. പ്രകൃതിവിരുദ്ധത എന്നതുകൊണ്ടു പ്രകൃതിയുടെ നിയമങ്ങളെ ലംഘിക്കാനാവില്ല എന്നല്ല അര്‍ഥം. മനുഷ്യനെ മനുഷ്യനാക്കുന്ന ബുദ്ധിയുടെ ധാര്‍മികമായ ഉപയോഗമാണു സൂചിപ്പിക്കുന്നത്‌. ധര്‍മ്മബോധം അചഞ്ചലമായി മനുഷ്യനോടൊപ്പമുണ്ട്‌. പക്ഷേ, സ്‌ഥലകാലങ്ങളില്‍ അതു മനസിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും മാറ്റങ്ങളുണ്ടാകും.
സ്വവര്‍ഗരതി കുറ്റകരമല്ലെന്നാണു വിധി. ഈ വിധി ഇനി എന്തുതരത്തില്‍ സമൂഹത്തില്‍ രൂപാന്തരപ്പെടുമെന്നതു ചില ആശങ്കകള്‍ ഉണ്ടാക്കുന്നില്ല എന്നു പറയാനാവില്ല. വ്യക്‌തിയുടെ ലൈംഗികാഭിനിവേശം അതു സ്‌ത്രീപുരുഷ ബന്ധത്തിന്റെയോ ഒരേ ലിംഗത്തിന്റെയോ ആകാം. ഏതായാലും ലൈംഗികത്തനിമ അഥവാ സ്വത്വം മൃഗങ്ങളിലെപ്പോലെ നിശ്‌ചിതമല്ല. ലൈംഗികത്തനിമയില്‍ ജനിതകവും സാംസ്‌കാരികവുമായ മാനങ്ങളുണ്ട്‌. ആ തനിമ സ്വതന്ത്രമായി ജീവിക്കാനുള്ളതാണ്‌. ഇവിടെ സ്വവര്‍ഗാനുരാഗം സകലരിലും മാറ്റമില്ലാത്തതാണോ എന്നതു ശാസ്‌ത്രീയമായ ചോദ്യമാണ്‌. അതിനു വ്യക്‌തമായ ഉത്തരം ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അവിടെയാണു തീരുമാനങ്ങളെടുക്കുമ്പോള്‍ ആകുലതകള്‍ ഉണ്ടാകുന്നത്‌.
ലൈംഗികസ്വാതന്ത്ര്യം സാമൂഹികമായി ബന്ധപ്പെടുന്നു, അഥവാ അതിനു ധാര്‍മ്മികമാനങ്ങളുണ്ട്‌. അതു കുടുംബം, കുട്ടികള്‍ എന്നിവയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നത്‌ ഇന്ത്യയില്‍ വ്യക്‌തമാക്കിയിട്ടില്ല. ലൈംഗികതയുടെ രണ്ടു മാനങ്ങളാണു പ്രേമവും പ്രജനനവും. ഏതു ലൈംഗികവികാരവും തന്നില്‍നിന്നു പുറപ്പെട്ട്‌ അപരനിലേക്കെത്തുന്ന വികാരമാണ്‌. പ്രേമമില്ലാത്ത പ്രജനനവും, പ്രജനനമില്ലാത്ത പ്രേമവും ആശാസ്യമാണോ എന്നതു ചിന്തനീയമാണ്‌. ധര്‍മ്മബോധത്തില്‍ നിന്നു വേണം ഈ വിഷയങ്ങളെ നോക്കിക്കാണാന്‍. ധാര്‍മികത ഭാവിക്കു വര്‍ത്തമാനത്തിലുള്ള അവകാശമാണ്‌. ജനിക്കാനുള്ളവര്‍ക്കു ജനിച്ചവരുടെമേല്‍ അവകാശങ്ങളുണ്ട്‌. കോടതിക്കോ നിയമവ്യവസ്‌ഥകള്‍ക്കോ ഈ ചോദ്യങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല.
പാശ്‌ചാത്യ നാടുകളിലെ അവനവനിസം സമൂഹത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. എന്റെ സ്വകാര്യതയിലേക്ക്‌ അപരനു കടന്നുവരാതിരിക്കാനാവില്ല. കാരണം, മനഷ്യന്‍ സഹവര്‍ത്തിത്വത്തിന്റെ സഹജീവിതന്നെയായി ജീവിക്കാതെ തരമില്ല. സമൂഹത്തിന്റെ ഭാവി എന്നത്‌ എന്റെ പ്രശ്‌മല്ല എന്ന നിലപാട്‌ ആത്മഹത്യാപരമാണ്‌. വന്ധ്യതയുടെ സമൂഹങ്ങളായി നാം മാറാന്‍ പാടില്ല. നമുക്കു ശേഷം പ്രളയമായിരിക്കരുത്‌. ഈ വക കാര്യങ്ങളിലൊന്നും സുപ്രീം കോടതിയുടെ വിധി നിലപാടുകള്‍ എടുത്തിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ എല്ലാ അര്‍ഥത്തിലും മനുഷ്യരും പൗരന്മാരുമായി പരിഗണിക്കുമ്പോഴും അവര്‍ വിവാഹം, കുടുംബം എന്നീ സാമൂഹികതയുടെ അടിസ്‌ഥാനങ്ങളെ അപനിര്‍മിക്കാന്‍ ഇടയാകുമോ എന്ന ചോദ്യത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല.

ഫാ. പോള്‍ തേലക്കാട്ട്‌

Ads by Google
Monday 10 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW