Tuesday, July 16, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.47 AM

സാമ്പത്തികരംഗത്തെ ശീതയുദ്ധങ്ങള്‍

ഇന്ന്‌ രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക്‌ പ്രധാന കാരണങ്ങള്‍ ഒന്നും ആഭ്യന്തര പ്രശ്‌നങ്ങളല്ല. മറിച്ച്‌ വാണിജ്യ ബന്ധങ്ങളും ഇറക്കുമതിയും രാജ്യാന്തരസാമ്പത്തിക ശക്‌തികള്‍ തമ്മിലുള്ളതും അല്ലാതെയുമുള്ള രാഷ്ര്‌ടീയ നയതന്ത്ര പ്രശ്‌നങ്ങളാണ്‌. ബാങ്കുകളുടെ കിട്ടാക്കടവും അതിനു പിറകിലുള്ള കുറച്ചു കമ്പനികളുടെ ഭരണപരമായ പ്രശ്‌നങ്ങളും മാത്രമേ ആഭ്യന്തരമായി ചൂണ്ടിക്കാണിക്കുന്നവയുള്ളൂ.
ഒരു അവലോകനം നടത്തിയാല്‍; ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളിലുണ്ടായ വില വര്‍ധനവും ആഗോളവല്‍കരണത്തില്‍നിന്നും വ്യതിചലിച്ചുള്ള ഒരു ചിന്താഗതി അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ കൈക്കൊണ്ടതും അതുമായി ബന്ധപ്പെട്ട്‌ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ്‌ ഇന്ത്യന്‍ വിപണിയെ ഉലച്ചത്‌. ട്രംപ്‌ അധികാരത്തില്‍ വന്നതു മുതല്‍ സ്വദേശീവല്‍ക്കരണത്തില്‍ ഊന്നിയ തീരുമാനങ്ങള്‍ പലതും നടപ്പിലാക്കി വരികയാണ്‌. അതില്‍ സമീപഭാവിയിലുള്ള ഒന്ന്‌ മെക്‌സിക്കോയും കാനഡയും ഉള്‍പ്പെടുന്ന വ്യാപാര കരാറിലുള്ള അഴിച്ചുപണിയാണ്‌. ഇതിനെ കാനഡ പിന്‍താങ്ങാത്തതുകൊണ്ടും സംഗതി സെനറ്റിന്റെ വോട്ടിംഗിനായി മാറ്റിവച്ചിരിക്കുന്നതുകൊണ്ടും തല്‍ക്കാലം ഒരു പൊട്ടിത്തെറി ഉണ്ടാകാനിടയില്ല. എന്നാല്‍ ഡബ്ല്യൂ.ടി.ഓയില്‍നിന്നും അമേരിക്ക പിന്‍വാങ്ങുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആഗോള വ്യാപാര ബന്ധങ്ങളില്‍ വിള്ളല്‍ സൃഷ്‌ടിക്കുന്ന ഒന്നായേക്കാം.
ചൈനയുമായാണ്‌ അമേരിക്ക ആദ്യം വ്യാപാരയുദ്ധം പ്രഖ്യാപിച്ചത്‌. 20000 കോടി ഡോളര്‍ വിലമതിക്കുന്ന ഇറക്കുമതി ബന്ധത്തിന്‌ തീരുവ കൂട്ടിക്കൊണ്ട്‌ തീരുമാനമെടുക്കുമ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്‌തിയായ ചൈനയുടെ മുന്‍പോട്ടുള്ള വളര്‍ച്ച പരുങ്ങലിലാവുകയാണ്‌.
2008ലെ രാജ്യാന്തരസാമ്പത്തിക മാന്ദ്യവും അതിനെ നേരിടാന്‍ അമേരിക്ക സ്വീകരിച്ച പണനയവും വികസ്വര രാജ്യങ്ങളെ ആദ്യം തുണച്ചെങ്കിലും പിന്നീട്‌ സാരമായി ബാധിച്ചു. ഉപഭോഗവും ധനചംക്രമണവും കൂട്ടാനായി സ്വീകരിച്ച ഉദാരമായ പണനയവും മൂലം വികസ്വര രാജ്യങ്ങളിലേക്ക്‌ യഥേഷ്‌ടം നിക്ഷേപങ്ങള്‍ ഒഴുകിയെത്തി. അതില്‍ ഇന്ത്യയും ഉള്‍പ്പെടും. തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ക്ക്‌ കുറഞ്ഞ പലിശനിരക്കില്‍ മൂലധനം യഥേഷ്‌ടം ലഭിച്ചു. അന്നുമുതല്‍ അടുത്തിടെ അമേരിക്ക പലിശനിരക്കുകള്‍ കൂട്ടാന്‍ തീരുമാനിക്കുന്നതു വരെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. എന്നാല്‍ ട്രംപ്‌ അധികാരത്തില്‍ വന്നതിനു ശേഷം സ്വദേശീകരണവും വ്യവസായങ്ങളെ ഉദ്ധരിക്കാനായുള്ള ശ്രമങ്ങളും മൂലം കാര്യങ്ങള്‍ മാറിമറിഞ്ഞു.
അമേരിക്കയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുകയും ഫെഡറല്‍ റിസര്‍വ്‌ ഉദാര പണനയം പിന്‍വലിച്ച്‌ പലിശനിരക്കുകള്‍ കൂട്ടാന്‍ തീരുമാനിക്കുകയുണ്ടായി. ഇത്‌ അമേരിക്കയില്‍ നിന്നും പുറത്തേക്കൊഴുകിയ പണം തിരിച്ച്‌ മാതൃരാജ്യത്തേക്ക്‌ വരാന്‍ കാരണമായി. ഇത്‌ വികസ്വര രാജ്യങ്ങളുടെ സന്തുലിതാവസ്‌ഥയെ തകരാറിലാക്കി. ഇന്ത്യുടെ ഓഹരി വിപണിയിലും കടപത്രവിപണിയിലും ഇതിന്റെ പ്രതിഥലനങ്ങളുണ്ടായി. വിദേശനിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയും അതിനുപുറമേ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന കുതിച്ചുചാട്ടവും മൂലം ഇന്ത്യയില്‍ പണപ്പെരുപ്പവും പലിശനിരക്കുകളും കൂടി.
തുര്‍ക്കി കഴിഞ്ഞ മാസം നേരിട്ട ലിറയിലുണ്ടായ മൂല്യശോഷണവും ഇതേ കാരണം മൂലമാണ്‌. നേരത്തേ സ്വീകരിച്ച നിക്ഷേപങ്ങളിന്‍മേല്‍ കടം പെരുകുകയും അത്‌ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിക്ഷേപകരുടെ വിശ്വാസം നഷ്‌ടപ്പെടുകയും ചെയ്‌തു. ഇതു കൂടാതെ പണപ്പെരുപ്പം 16 ശതമാനത്തിലെത്തിയിട്ടും പലിശനിരക്കുകള്‍ കൂട്ടാനുള്ള അധികാരവും സ്വാതന്ത്ര്യവും അവിടുത്തെ കേന്ദ്ര ബാങ്കിന്‌ ഇല്ലാതെ പോയതും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തുര്‍ക്കി കൂടാതെ അര്‍ജന്റീനയും മറ്റനേകം വികസ്വര രാജ്യങ്ങളും ഇതേ അവസ്‌ഥയിലാണ്‌.

നിരക്കുകളുടെ ദിശയും വിപണിയുടെ ഭാവിയും

അമേരിക്ക ഉദാര പണനയം സ്വീകരിച്ചപ്പോള്‍ നിക്ഷേപകരില്‍ നിന്നും ദീര്‍ഘകാല ബോണ്ടുകള്‍ തിരികെ വാങ്ങിക്കുകയും വിപണിയിലേക്ക്‌ പണം യഥേഷ്‌ടം കടത്തിവിടുകയും ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പലിശനിരക്കുകള്‍ കൂട്ടുമ്പോള്‍ വിപണിയില്‍ ഇറക്കിയത്‌ ഹ്രസ്വകാല ബോണ്ടുകളായിരുന്നു. ഇതിനര്‍ത്ഥം ദീര്‍ഘകാലത്തേക്ക്‌ ഉയര്‍ന്ന ഒരു പലിശനിരക്ക്‌ വാഗ്‌ദാനം ചെയ്യാനുള്ള ചങ്കുറപ്പ്‌ ഫെഡറല്‍ റിസര്‍വിന്‌ ഇല്ലെന്നുള്ളതാണ്‌. നേരത്തേ ദീര്‍ഘകാല ബോണ്ടുകള്‍ തിരികെ പിടിച്ചതും അതുകൊണ്ടുതന്നെ. ഹ്രസ്വകാല വായ്‌പാനിരക്ക്‌ കുറഞ്ഞും ദീര്‍ഘകാല നിരക്കുകള്‍ കൂടിയും നില്‍ക്കുന്നതാണ്‌ ഏതൊരു രാജ്യത്തിന്റേയും സാമ്പത്തികരംഗം ശക്‌തമാണെന്നുള്ളതിന്റെ സൂചന. എന്നാല്‍ അമേരിക്കയ്‌ക്ക് ദീര്‍ഘകാല വീക്ഷണം സ്വീകരിക്കാന്‍ സാധിക്കാതെ പോകുന്നത്‌ അവര്‍ക്ക്‌ വളരെയധികം ആശങ്കകള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്‌.
അമേരിക്ക കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളും സ്‌ഥിതി മെച്ചപ്പെടുന്നതോടു കൂടി പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്നുള്ള സൂചനയുണ്ട്‌. പെട്ടന്നില്ലെങ്കിലും 2019 പകുതിയോടുകൂടി ഇതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഇങ്ങനെയുള്ളപ്പോള്‍ വികസ്വര രാജ്യങ്ങളില്‍നിന്നു പുറത്തേക്ക്‌ പണമൊഴുകാനുള്ള സാധ്യതകള്‍ ഏറെയാണ്‌. ഇങ്ങനെ വരുമ്പോള്‍ പലിശനിരക്ക്‌ കൂടാനും മൂലധനനിരക്ക്‌ കുറയാനും കാരണമാകും. അതുകൊണ്ട്‌ വികസിത രാജ്യങ്ങളിലുണ്ടാകുന്ന പലിശവ്യതിയാനങ്ങള്‍ ഏറെ പ്രഭാവം സൃഷ്‌ടിക്കുന്നത്‌ അവയുമായി വ്യാപാര ബന്ധമുള്ള മറ്റു രാജ്യങ്ങളാണ്‌.

ഇന്ത്യന്‍ വിപണി

പണപ്പെരുപ്പമാണ്‌ ആര്‍.ബി.ഐ ഉറ്റുനോക്കുന്ന പ്രധാന കാര്യം. എണ്ണവിലയില്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ച വിപണിയെ ശരിക്കും തളര്‍ത്തിയിട്ടുണ്ട്‌. മറ്റു കമ്മോഡിറ്റികളിലുണ്ടായിട്ടുള്ള വിലവര്‍ധനവും പേകമ്മീഷന്‍ മൂലമുള്ള അധിക ചെലവും ജി.എസ്‌.ടിയില്‍ നിന്നുള്ള വരുമാനത്തിലുള്ള അസ്‌ഥിരതയും വിപണിയെ അലട്ടുന്ന മറ്റു പ്രശ്‌നങ്ങളാണ്‌. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പല മാറ്റങ്ങളുടേയും ഗുണങ്ങള്‍ പ്രതിഫലിക്കാന്‍ സമയമെടുക്കുന്നതാണ്‌ 2018ലെ വെല്ലുവിളി. ബാങ്കുകളുടെ കിട്ടാക്കടത്തിലുള്ള വര്‍ധനവ്‌ ആര്‍.ബി.ഐക്ക്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ 12.1 ശതമാനത്തില്‍ നില്‍ക്കുന്ന തോത്‌ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ കൈക്കൊണ്ടു വരികയാണ്‌. ഇതിനിടെ പുതിയ വായ്‌പകള്‍ എടുക്കുന്നതിലുള്ള വായ്‌പാ വളര്‍ച്ച ജനുവരി മുതല്‍ രണ്ടക്കത്തിലെത്തിയത്‌ കോര്‍പ്പറേറ്റ്‌ ലോകത്തിന്റെ മടങ്ങിവരവ്‌ വിളച്ചറിയിക്കുന്നതാണ്‌.
ഉല്‍പാദന സൂചിക മെച്ചപ്പെട്ടതും ആശാവഹമായ മാറ്റമാണ്‌.പലിശനിരക്കുകളും പൊതുമേഖലാ ബാങ്കുകളുടെ സ്‌ഥിതിയും മെച്ചപ്പെടുന്നതും ഉറ്റുനോക്കിയാണ്‌ വിപണിയുള്ളത്‌. ജി.എസ്‌.ടി വരുമാനം വരും വര്‍ഷങ്ങളില്‍ കൂടുമെന്ന വിശ്വാസവും ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലും ശരിയാവുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണി ശക്‌തമായ തിരിച്ചുവരവ്‌ കാഴ്‌ചവയ്‌ക്കും. രാജ്യാന്തരതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക്‌ ഒരു വെല്ലുവിളിയാണെങ്കില്‍കൂടി കഴിഞ്ഞ ഒരു വര്‍ഷമായി ഈ പ്രശ്‌നങ്ങളെ ഏറ്റവും നല്ല രീതിയില്‍ ചെറുത്തുനിന്ന വിപണികളിലൊന്ന്‌ ഇന്ത്യയുടേതായിരുന്നു. മറ്റൊന്ന്‌ സിംഗപ്പൂരാണ്‌. പണപ്പെരുപ്പം നാലു ശതമാനത്തിനടുത്ത്‌ നിര്‍ത്താന്‍ സാധിച്ചാല്‍ കുറേയൊക്കെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും. മെച്ചപ്പെട്ട കാര്‍ഷിക ഉല്‍പാദനവും നല്ല രീതിയിലുള്ള സംഭരണ സംവിധാനങ്ങളുംകൊണ്ട്‌ ഭക്ഷ്യവസ്‌തുക്കളുടെ വില നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത്‌ വലിയ നേട്ടമായിരിക്കും.
ഇക്കഴിഞ്ഞ ത്രൈമാസ കോര്‍പ്പറേറ്റ്‌ വരുമാന കണക്കുകള്‍ പൊതുവേ നല്ലതായിരുന്നു. ആഭ്യന്തര ഉപഭോഗം കൂടുന്ന സാഹചര്യത്തില്‍ ഇനിയുള്ള മാസങ്ങളിലും നല്ല വളര്‍ച്ച കാഴ്‌ചവയ്‌ക്കാന്‍ കമ്പനികള്‍ക്ക്‌ കഴിഞ്ഞാല്‍ അത്‌ അവയുടെ കടബാധ്യതയ്‌ക്ക് ആശ്വാസമേകാനും വിപണി കുതിച്ചുയരാനും സഹായിക്കും. നമ്മുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതില്‍ പ്രത്യക്ഷവും പരോക്ഷവുമായ ഉത്തരവാദിത്തം നമ്മളോരോരുത്തരിലുമുണ്ട്‌.

വിജയാനന്ദപ്രഭു

Ads by Google
Monday 10 Sep 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW