Monday, September 10, 2018 Last Updated 18 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.47 AM

ഓഹരി റിവ്യൂ : വില്‍പ്പന സമ്മര്‍ദത്തില്‍ വീണ്‌ വിപണി

വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ വില്‍പ്പനയ്‌ക്ക്‌ നീക്കം നടത്തിയത്‌ ബി.എസ്‌.ഇ, എന്‍.എസ്‌.ഇ സൂചികകളുടെ കരുത്ത്‌ നഷ്‌ടപ്പെടുത്തി. ആറാഴ്‌ചയായി തുടര്‍ന്ന ബുള്‍ തരംഗത്തിന്‌ ഇതോടെ അവസാനം കണ്ടു. ബോംബെ സെന്‍സെക്‌സ്‌ 255 പോയിന്റും നിഫ്‌റ്റി 95 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌.
വിദേശ ഓപ്പറേറ്റര്‍മാര്‍ ക്യാഷ്‌ മാര്‍ക്കറ്റില്‍ മാത്രമല്ല, ഫ്യൂച്ചേഴ്‌സിലും കനത്ത വില്‍പ്പനയ്‌ക്ക്‌ ഉത്സാഹിച്ചു. പിന്നിട്ടവാരം 789 കോടി രൂപയുടെ വില്‍പ്പന വിദേശ ഫണ്ടുകള്‍ നടത്തി. അതേസമയം ആഭ്യന്തര ഫണ്ടുകള്‍ 1167 കോടി രൂപ നിക്ഷേപിച്ചു.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന്‌ മുന്നില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ റെക്കോര്‍ഡ്‌ തകര്‍ച്ച. വാരാരംഭത്തില്‍ 70.76 ല്‍ നീങ്ങിയ രൂപ തുടര്‍ന്ന്‌ കൂടുതല്‍ പരുങ്ങലില്‍ അകപ്പെട്ടതോടെ റിസര്‍വ്‌ ബാങ്ക്‌ വന്‍തോതില്‍ ഡോളര്‍ കരുതല്‍ ശേഖരത്തില്‍നിന്ന്‌ ഇറക്കി രൂപയ്‌ക്ക്‌ താങ്ങ്‌ പകരാന്‍ ശ്രമം നടത്തി. എന്നിട്ടും വിനിമയ നിരക്ക്‌ 72.15 വരെ ഇടിഞ്ഞു. വാരാന്ത്യം രൂപയുടെ മൂല്യം 72.10 ലാണ്‌.
എഫ്‌.എം.സി.ജി, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്‌, ബാങ്കിങ്‌, പവര്‍, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഓട്ടോമൊെബെല്‍, റിയാലിറ്റി വിഭാഗങ്ങളില്‍ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനയ്‌ക്ക്‌ മുന്‍തൂക്കം നല്‍കി. അതേസമയം ഫാര്‍മ്മസ്യൂട്ടിക്കല്‍, ടെക്‌നോളജി വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താല്‍പര്യം ദ്യശ്യമായി.
മുന്‍നിര ഓഹരിയായ വിപ്രോയുടെ നിരക്ക്‌ 7.43 ശതമാനം വര്‍ധിച്ച്‌ 324 രൂപയായി. ബജാജ്‌ ഓട്ടോ ആറ്‌ ശതമാനം നേട്ടവുമായി 2924 ലേയ്‌ക്ക്‌ കയറി. ടാറ്റാ മോട്ടേഴ്‌സ്‌ 277 രൂപയായും ആര്‍.ഐ.എല്‍ 1276 രൂപയായും ഉയര്‍ന്നു. അതേസമയം എച്ച്‌.യു.എല്‍ ഓഹരി വില എട്ട്‌ ശതമാനം ഇടിഞ്ഞ്‌ 1638 രൂപയായി. അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ എസ്‌.ബി.ഐ 291 രൂപയായി.
യെസ്‌ ബാങ്ക്‌ 323 രൂപയിലും ഒ.എന്‍.ജി.സി 172 രൂപയായും മാരുതി സുസുക്കി 8732 രൂപയായും താഴ്‌ന്നു. നിഫ്‌റ്റി സൂചിക വാരത്തിന്റെ തുടക്കത്തില്‍ 11,751 പോയിന്റ്‌ വരെ ഉയര്‍ന്ന അവസരത്തില്‍ ഉടലെടുത്ത പ്രോഫിറ്റ്‌ ബുക്കിങില്‍ സൂചിക 11,393 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാല്‍ വാരാവസാനം വിപണി കരുത്ത്‌ നേടിക്കൊണ്ട്‌ 11,589 പോയിന്റായി. നിഫ്‌റ്റിക്ക്‌ ഈ വാരം 11,762, 11,935 പോയിന്റിലും പ്രതിരോധം നേരിടാം. അതേ സമയം വിപണി നിയന്ത്രണം വില്‍പ്പനക്കാരുടെ പിടിയിലായാല്‍ നിഫ്‌റ്റിക്ക്‌ 11,404, 11,219 ല്‍ താങ്ങുണ്ട്‌.
ബോംബെ സെന്‍സെക്‌സ്‌ 38,645 ല്‍ നിന്ന്‌ 38,934 വരെ ഉയര്‍ന്നു. മുന്‍ വാരം സൂചിപ്പിച്ച 38,902 ലെ തടസം വിപണി ഇതിനിടയില്‍ ഭേദിച്ചെങ്കിലും അധിക നേരം ഉയര്‍ന്ന തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ സൂചികയ്‌ക്കായില്ല. ഇതോടെ ഇടപാടുകാര്‍ ലാഭമെടുപ്പിന്‌ മത്സരിച്ചു. മുന്‍നിര ഓഹരികളിലെ ലാഭമെടുപ്പില്‍ സൂചിക 37,774 വരെ ഇടിഞ്ഞ ശേഷം മാര്‍ക്കറ്റ്‌ ക്ലോസിങില്‍ 38,389 പോയന്റിലാണ്‌.
ഏഷ്യന്‍ ഓഹരി ഇന്‍ഡക്‌സുകള്‍ പലരും വാരാവസാനം തളര്‍ച്ചയിലായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ചാഞ്ചാട്ടം ദ്യശ്യമായി. അമേരിക്കയില്‍ നാസ്‌ഡാക്ക്‌ സൂചിക രണ്ടര ശതമാനം പോയവാരം ഇടിഞ്ഞു. എസ്‌ ആന്‍ഡ്‌ പി, 500, ഡൗ ജോണ്‍സ്‌ സൂചികയും നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
പ്രമുഖ കറന്‍സികള്‍ക്കു മുന്നില്‍ ഡോളര്‍ കരുത്ത്‌ നേടിയതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ വിലപ്പനയ്‌ക്ക്‌ തിടുക്കം കാണിച്ചു. ഇതോടെ 1200 ഡോളറിലെ താങ്ങ്‌ നഷ്‌ടപ്പെട്ട സ്വര്‍ണം വാരാന്ത്യം ട്രോയ്‌ ഔണ്‍സിന്‌ 1197 ഡോളറിലാണ്‌.

കെ.ബി. ഉദയഭാനു

Ads by Google
Monday 10 Sep 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW