Monday, September 10, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.38 AM

ജഡേജയ്‌ക്കു സെഞ്ചുറി നഷ്‌ടം; ഇംഗ്ലണ്ടിന്‌ ലീഡ്‌

uploads/news/2018/09/247376/s1.jpg

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ലീഡ്‌ വഴങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 332 പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നാം ദിനം 292 റണ്‍സിനു പുറത്താകുകയായിരുന്നു.
പരമ്പരയില്‍ ആദ്യമായി ലഭിച്ച അവസരം മുതലെടുത്ത ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ്‌ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റി ഇംഗ്ലീഷ്‌ സ്‌കോറിന്‌ ഇത്ര അരികിലെങ്കിലും എത്തിച്ചത്‌.
40 റണ്‍സിന്റെ ലീഡ്‌ നേടിയ ഇംഗ്ലണ്ട്‌ രണ്ടാമിന്നിങ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 34 റണ്‍സ്‌ നേടിയിട്ടുണ്ട്‌. 15 റണ്‍സുമായി അലിസ്‌റ്റര്‍ കുക്കും അഞ്ചു റണ്‍സുമായി മൊയീന്‍ അലിയുമാണ്‌ ക്രീസില്‍. 10 റണ്‍സ്‌ നേടിയ കീറ്റണ്‍ ജെന്നിങ്‌സാണ്‌ പുറത്തായ ബാറ്റ്‌സ്മാന്‍. മുഹമ്മദ്‌ ഷമിക്കാണ്‌ വിക്കറ്റ്‌.
അരങ്ങേറ്റ ടെസ്‌റ്റ് കളിക്കുന്ന വിഹാരി 56 റണ്‍സെടുത്തു പുറത്തായപ്പോള്‍, ടെസ്‌റ്റിലെ തന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കണ്ടെത്തിയ ജഡേജ 86 റണ്‍സുമായി പുറത്താകാതെ നിന്നു. 156 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ്‌ ജഡേജ 86 റണ്‍സെടുത്തത്‌. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.
നേരത്തെ, ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 174 റണ്‍സ്‌ എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്‌ പുനരാരംഭിച്ച ഇന്ത്യയെ അരങ്ങേറ്റ താരം ഹനുമ വിഹാരി-രവീന്ദ്ര ജഡേജ സഖ്യമാണ്‌ മുന്നോട്ട്‌ നയിച്ചത്‌. കൂടുതല്‍ നഷ്‌ടമുണ്ടാകാതെ ടീമിനെ 200 കടത്തിയ ഇവര്‍ ഇന്ത്യക്ക്‌ പ്രതീക്ഷ പകര്‍ന്നു. അരങ്ങേറ്റ ടെസ്‌റ്റില്‍ തന്നെ അര്‍ധസെഞ്ചുറി നേടി ഭാവി വാഗ്‌ദാനമാണെന്നു തെളിയിക്കാനും വിഹാരിക്കായി. 124 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുംസഹിതം 56 റണ്‍സാണ്‌ വിഹാരി നേടിയത്‌.
ഏഴാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം 77 റണ്‍സ്‌ കൂട്ടുകെട്ട്‌ ഉയര്‍ത്താനും വിഹാരിക്കായി. ഒടുവില്‍ ഇന്ത്യന്‍ സ്‌കോര്‍ 237ല്‍ നില്‍ക്കെ മോയിന്‍ അലിയാണ്‌ വിഹാരിയെ പുറത്താക്കിയത്‌.
പിന്നീട്‌ ഇന്ത്യ തകര്‍ച്ചയിലേക്കു വഴുതി. ഉച്ചഭക്ഷണത്തിനു പിരിയുന്നതുവരെ പിടിച്ചുനിന്നെങ്കിലും മടങ്ങിയെത്തി അധികം വൈകാതെ ഇഷാന്ത്‌ ശര്‍മയും(4), പിന്നാലെ മുഹമ്മദ്‌ ഷമിയും(1) മടങ്ങി. അവസാന വിക്കറ്റില്‍ ജസ്‌പ്രീത്‌ ബുംറയെ ഒരറ്റത്തു സാക്ഷിനിര്‍ത്തി ആക്രമിച്ചു കളിച്ച ജഡേജയാണ്‌ ഇന്ത്യന്‍ സ്‌കോര്‍ 290 കടത്തിയത്‌. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 32 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബുംറ റണ്ണൗട്ടായതോടെ ജഡേജയ്‌ക്ക് സെഞ്ചുറി നഷ്‌ടമായി. 156 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതമാണ്‌ ജഡേജ 86 റണ്‍സുമായി പുറത്താകാതെ നിന്നത്‌.

Ads by Google
Monday 10 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW