മലപ്പുറം: രക്ഷാപ്രവര്‍ത്തനത്തിനിടെ ശരീരം ചവിട്ടുപടിയാക്കി ലോകത്തിന്റെ മനം കവര്‍ന്ന ജെയ്സലിന്, ജീവനോപാധി നഷ്ടപ്പെട്ടു രണ്ടു മാസമായിട്ടും നഷ്ടപരിഹാരമില്ല. മത്സ്യത്തൊഴിലാളിയായ ജെയ്സലിന്റെ മെഷീന് ഘടിപ്പിച്ച വള്ളം തകര്‍ന്നത് മറ്റൊരു രക്ഷാപ്രവര്ത്തനത്തിടെയായിരുന്നു.
എടവണ്ണ പാലത്തില്‍നിന്നും ചാലിയാറിലേക്കു ചാടിയ വിദ്യാര്‍ഥിക്കായി തെരച്ചില്‍ നടത്തിയ ട്രോമാകെയര്‍ വളണ്ടിയര്‍ സംഘാംഗത്തില്‍ അംഗമായിരുന്നു ജെയ്സല്‍. ദൗത്യത്തിനു പോകും മുമ്പ് താനൂര്‍ തീരത്ത് കെട്ടിയിട്ടിട്ടു പോയ വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍ തകരുകയായിരുന്നു. കടല്‍ക്ഷോഭം മുന്‍കുട്ടിക്കണ്ട മറ്റു തൊഴിലാളികളെല്ലാം സ്വന്തം വള്ളങ്ങളും ബോട്ടുകളും കരയ്ക്കെത്തിച്ചിരുന്നു.
നഷ്ടപരിഹാരത്തിനായി മത്സ്യഫെഡില്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വള്ളമില്ലാത്തതിനാല്‍ അതിനുശേഷം കടലില്പോയിട്ടില്ല. മത്സ്യത്തൊഴിലാളികളെ വിവിധ ഹാര്‍ബറുകളിലേക്കു കൊണ്ടുപോകുന്ന ബസ് ഓടിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ജോലി. എന്നാല്‍, മിക്കവാറും ദിവസം ഈ പണി ഉണ്ടാകില്ല. ഇത്രയും ദുരിതങ്ങള്ക്കിടെയും ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രളയദുരിതാശ്വാസ വീഡിയോ വൈറലായതോടെ സ്വീകരണങ്ങളുടെയും അംഗീകാരങ്ങളുടെയും തിരക്കിലാണ് ജെയ്സല്‍.
ഇതിനോടകം പാരിതോഷികമായി രണ്ടു ലക്ഷത്തോളം രൂപ അക്കൗണ്ടിലുമെത്തി. കഴിഞ്ഞ ദിവസം കാറും സമ്മാനമായി ലഭിച്ചു. പത്തു സ്വീകരണ സമ്മേളനത്തില്‍ വരെ പങ്കെടുത്ത ദിവസമുണ്ടായിട്ടുണ്ടെന്നു ജെയ്സല്‍ പറയുന്നു. കഴിഞ്ഞ ദിവസവും പങ്കെടുത്തു അഞ്ച് അനുമോദന യോഗങ്ങളില്‍. സത്യസന്ധമായ വിവരങ്ങള്‍ നല്കിയതു കൊണ്ടാകാം സഹായം വൈകുന്നതെന്നു ജെയ്സല്‍ വിശ്വസിക്കുന്നു.
മത്സ്യഫെഡില്‍ 30,000 രൂപയുടെ നഷ്ടപരിഹാരത്തിനാണ് അപേക്ഷിച്ചത്. വള്ളത്തിനും മോട്ടറിനും പുറമെ വലകള്‍ക്കും കേടുണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ സഹായം താമസിക്കില്ലായിരുന്നെന്നും എന്നാല്‍ നേരായ രീതിയിലുള്ള നഷ്ടപരിഹാരം മാത്രം മതിയെന്നാണ് തീരുമാനമെന്നും ജെയ്സല്‍ പറഞ്ഞു.
വി.പി. നിസാര്‍