Wednesday, November 21, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരായ പരാതി : കേസ്‌ അട്ടിമറിക്കാന്‍ ശ്രമമെന്ന്‌ ആരോപണം

uploads/news/2018/09/247361/k13.jpg

കോട്ടയം: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കേസ്‌ അട്ടിമറിക്കാന്‍ ഡി.ജി.പിയും കൊച്ചി റേഞ്ച്‌ ഐ.ജിയും ശ്രമിക്കുന്നെന്നു പരാതി നല്‍കിയ കന്യാസ്‌ത്രീക്കൊപ്പമുള്ള കന്യാസ്‌ത്രീകള്‍. ഇവരാണു ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകിപ്പിക്കുന്നതെന്നും കന്യാസ്‌ത്രീകള്‍ കുറ്റപ്പെടുത്തി.
ബിഷപ്പിനെ രക്ഷിക്കാനാണു ശ്രമം. അന്വേഷണം ്രെകെംബ്രാഞ്ചിനു വിടുന്നത്‌ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌. കേസ്‌ നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പരാതിക്കാരിയുടെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്‌. എന്നാല്‍ സ്വതന്ത്രമായ അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നില്ല. ബിഷപ്പിനെതിരേ നിരവധി തെളിവുകളുണ്ടെങ്കിലും കസ്‌റ്റഡിയിലെടുക്കാന്‍ വൈക്കം ഡിവൈ.എസ്‌.പിക്ക്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ അനുമതി നല്‍കുന്നില്ല.
അദ്ദേഹത്തിനു സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ അറസ്‌റ്റ്‌ നടക്കുമായിരുന്നു. ബിഷപ്പിന്റെ മൊഴികളെല്ലാം കള്ളമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടാലും ഡി.ജി.പി അടക്കമുള്ളവര്‍ക്കു തന്നെയാകും മേല്‍നോട്ടം. അതിനാല്‍ പ്രയോജനമൊന്നും ഉണ്ടാകില്ല.
ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകിപ്പിക്കുന്നതിനെതിരേ ഇന്നു ഹൈക്കോടതിയെ സമീപിക്കും. കോടതിയുടെ ഇടപെടലിലാണ്‌ ഇനി പ്രതീക്ഷ. പരാതിക്കാരിയെ അപമാനിച്ച പി.സി ജോര്‍ജ്‌ എം.എല്‍.എയ്‌ക്കെതിരേ കോടതിയില്‍ പരാതി നല്‍കുമെന്നും കന്യാസ്‌ത്രീകള്‍ പറഞ്ഞു.
അതിനിടെ, കടുത്തുരുത്തി സി.ഐ: കെ.എസ്‌. ജയന്‍, വാകത്താനം സി.ഐ: പി.വി. മനോജ്‌കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണം വേഗത്തിലാക്കാനും വിവിധ സ്‌ഥലങ്ങളില്‍നിന്നു രേഖകളടക്കം ശേഖരിക്കാനുമായാണ്‌ ഇതെന്നാണു വിശദീകരണം.
ഇന്നലെ വൈകിട്ടു ജില്ലാ പോലീസ്‌ മേധാവിയുടെ അധ്യക്ഷതയില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നു. ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന നിലപാടാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്‌.പി. സുഭാഷ്‌ യോഗത്തില്‍ സ്വീകരിച്ചത്‌. കോട്ടയം സൈബല്‍ സെല്‍ എസ്‌.ഐയും അന്വേഷണ സംഘത്തിലുണ്ട്‌. അതേസമയം, അന്വേഷണം നീട്ടിക്കൊണ്ടുപോകാനായാണ്‌ അന്വേഷണസംഘത്തെ വിപുലീകരിച്ചതെന്ന്‌ ആരോപണമുയര്‍ന്നു.

ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനിച്ചിട്ടില്ല: ഡി.ജി.പി.

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ എത്രയും പെട്ടെന്ന്‌ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്‌ ഐ.ജിക്ക്‌ നിര്‍ദേശം നല്‍കിയതായി ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.
അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനിച്ചിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഐ.ജി. അറിയിച്ചിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW