Wednesday, November 21, 2018 Last Updated 37 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ബി.ജെ.പി. അംഗത്തിന്റെ വാര്‍ഡിലേക്കു ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി , വില്ലേജ്‌ അസിസ്‌റ്റന്റ്‌ അറസ്‌റ്റില്‍

uploads/news/2018/09/247345/arrest100918.jpg

തിരുവല്ല: ബി.ജെ.പി. പഞ്ചായത്തംഗത്തിന്റെ വാര്‍ഡിലേക്കു ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കിയ വില്ലേജ്‌ അസിസ്‌റ്റന്റിനെ, സാധങ്ങള്‍ കടത്തിയെന്ന കള്ളക്കേസ്‌ ചുമത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സി.പി.എം. പ്രവര്‍ത്തകരാണ്‌ അറസ്‌റ്റിനു പിന്നിലെന്ന്‌ ആരോപണം.

പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ഹാജരാക്കിയ ജീവനക്കാരനെ കോടതി ജാമ്യത്തില്‍ വിട്ടു. നെടുമ്പ്രം വില്ലേജ്‌ അസിസ്‌റ്റന്‍്‌ ടി.പി. ജോര്‍ജുകുട്ടിയെയാണ്‌ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന പേരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ വിളിച്ചു വരുത്തി തടഞ്ഞു വച്ച്‌ പോലീസിന്‌ കൈമാറിയത്‌. സി.പി.എം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ്‌ വി. ആന്റണിയുടെ നേതൃത്വത്തില്‍ ശനിയാഴ്‌ച വൈകിട്ട്‌ ആറരയോടെ പൊടിയാടി ജങ്‌ഷനിലായിരുന്നു സംഭവം. വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പുളിക്കീഴ്‌ പോലീസ്‌ നിജസ്‌ഥിതി അന്വേഷിക്കാതെ ജോര്‍ജു കുട്ടിയെ കസ്‌റ്റഡിയിലെടുത്തു.

തന്റെ നിര്‍ദേശപ്രകാരമാണ്‌ സാധനങ്ങള്‍ കൊടുത്തുവിട്ടതെന്നു വില്ലേജ്‌ ഓഫീസറും സാധനങ്ങള്‍ക്കായി താന്‍ അപേക്ഷ നല്‍കി വാഹനം അയച്ചു കൊടുത്തിരുന്നുവെന്ന്‌ നെടുമ്പ്രം പഞ്ചായത്ത്‌ ആറാം വാര്‍ഡ്‌ അംഗം ആര്‍. രാജശ്രീയും പോലീസിന്‌ എഴുതി നല്‍കിയിരുന്നു. എന്നിട്ടും പോലീസ്‌ ജോര്‍ജുകുട്ടിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഇന്നലെ വൈകിട്ട്‌ നാലു മണിയോടെ തിരുവല്ല മജിസ്‌ട്രേറ്റിന്റെ പന്തളത്തെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനു പിന്നില്‍ സി.പി.എം നേതാക്കളുടെ സമ്മര്‍ദമാണെന്നാണു പരാതി. മജിസ്‌ട്രേറ്റ്‌ ജോര്‍ജ്‌ കുട്ടിക്കു ജാമ്യം അനുവദിച്ചു.

നെടുമ്പ്രം പഞ്ചായത്തിലെ ബി.ജെ.പി. അംഗമാണ്‌ രാജശ്രീ. വലിയ പ്രളയം വലിയ നാശം വിതച്ച പഞ്ചായത്താണിത്‌. ഇവിടേക്ക്‌ ദുരിതാശ്വാസ സാമഗ്രികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ രാജശ്രീ വില്ലേജ്‌ ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇവര്‍ക്ക്‌ ഇവ അനുവദിച്ചത്‌. വില്ലേജ്‌ ഓഫീസ്‌ ജീവനക്കാര്‍ പകല്‍ സമയം താലൂക്ക്‌ ഓഫീസിലാണ്‌ ജോലി ചെയ്യുന്നത്‌. ഇതു കാരണം സാധനം നല്‍കാന്‍ സമയം കിട്ടിയത്‌ വൈകിട്ട്‌ ആറിന്‌ ശേഷമാണ്‌.

പഞ്ചായത്തംഗം വാഹനം അയച്ചതനുസരിച്ച്‌ പൊടിയാടിയില്‍ സാധനം സൂക്ഷിച്ചിരിക്കുന്ന വീട്ടില്‍ ചെന്ന്‌ ജോര്‍ജു കുട്ടി എടുത്തു നല്‍കുകയായിരുന്നു. അതിന്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. ഇതിനിടെയാണ്‌ സാധനങ്ങള്‍ കടത്തുകയാണെന്ന്‌ ആരോപിച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടത്‌. ഡ്രൈവര്‍ ഈ വിവരം ജോര്‍ജു കുട്ടിയെ അറിയിച്ചു. അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ സാധനം കടത്തിയെന്ന്‌ ആരോപിച്ച്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്‌തു.

വില്ലേജ്‌ ഓഫീസറോട്‌ അന്വേഷിച്ചപ്പോള്‍ വൈകിട്ട്‌ ആറിന്‌ ശേഷം സാധനം വിതരണം ചെയ്യാന്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്നാണ്‌ പറഞ്ഞതെന്നും അതു കൊണ്ടാണ്‌ കേസ്‌ എടുത്തതെന്നും പുളിക്കീഴ്‌ എസ്‌.ഐ. മോഹന്‍ബാബു പറഞ്ഞു. അതേസമയം, തന്റെ നിര്‍ദേശപ്രകാരമാണ്‌ സാധനം കൊടുത്തതെന്ന്‌ നെടുമ്പ്രം വില്ലേജ്‌ ഓഫീസര്‍ പറഞ്ഞു. ഈ വിവരം പോലീസില്‍ എഴുതി നല്‍കിയിരുന്നു.

കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ടും നല്‍കിയെന്നും വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു. താന്‍ ആവശ്യപ്പെട്ട സാധനമാണ്‌ വില്ലേജ്‌ അസിസ്‌റ്റന്റ്‌ നല്‍കിയതെന്ന്‌ പഞ്ചായത്തംഗം രാജശ്രീയും പോലീസ്‌ സ്‌റ്റേഷനില്‍ എഴുതി നല്‍കി. ഇത്രയൊക്കെ ചെയ്‌തിട്ടും പോലീസ്‌ കേസെടുക്കുകയായിരുന്നു. സംഘടനാ ഭേദമന്യേ റവന്യൂ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഈ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. 24 മണിക്കൂറും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കുന്നത്‌ മനോവീര്യം തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW