Monday, September 10, 2018 Last Updated 24 Min 46 Sec ago English Edition
Todays E paper
Ads by Google
എം.എസ്‌. സന്ദീപ്‌
Monday 10 Sep 2018 12.33 AM

അഭിമന്യുവിനെ കുത്തിയതാരെന്ന്‌ തിരിച്ചറിഞ്ഞു; കൊലപാതകത്തിനു പിന്നില്‍ നെട്ടൂര്‍ സ്വദേശികളായ നാലംഗ ‘കില്ലര്‍’ ഗ്രൂപ്പ്

Abhimanyu Murder case

കൊച്ചി: മഹാരാജാസ്‌ കോളജിലെ എസ്‌.എഫ്‌.ഐ. നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകിയുടെ ചിത്രം തെളിയുന്നു. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്ന അര്‍ജുനെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്‌തത്‌ ആരെന്നതു സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങളാണു ലഭിച്ചത്‌.

എറണാകുളം നെട്ടൂര്‍ സ്വദേശികളായ നാലംഗകില്ലര്‍ ഗ്രൂപ്പാണു കൊലപാതകത്തിനു പിന്നിലെന്നു പോലീസിനു വിവരം ലഭിച്ചു. നെട്ടൂര്‍ സ്വദേശികളായ സഹല്‍, സാനിദ്‌, തന്‍സില്‍, റെജീബ്‌ എന്നിവരാണ്‌ ആയുധങ്ങളുമായി അഭിമന്യുവിനടുത്തുണ്ടായിരുന്നത്‌. ഇതില്‍ റെജീബിനെ മുമ്പ്‌ പോലീസ്‌ പിടികൂടിയിരുന്നു. സഹലും സാനിദും തന്‍സിലും ഇപ്പോഴും ഒളിവിലാണ്‌. എസ്‌.ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തകരാണ്‌ ഇവര്‍. ഇതില്‍ സഹല്‍, തന്‍സില്‍ ഇവരിലൊരാളാണ്‌ അഭിമന്യുവിനെ കുത്തിയതെന്നാണു പോലീസ്‌ സംശയിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ കൃത്യമായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയല്‍ പരേഡ്‌ ഉള്‍പ്പെടെ ബാക്കിയുള്ളതിനാല്‍ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

ഇവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണു സൂചന. ഇതിനായി പഴുതടച്ചുള്ള അന്വേഷണമാണ്‌ പോലീസ്‌ ഇപ്പോള്‍ നടത്തുന്നത്‌. എസ്‌.ഡി.പി.ഐക്ക്‌ ഏറ്റവും കൂടുതല്‍ താവളങ്ങളുള്ള കര്‍ണാടകയിലെ വിവിധ സ്‌ഥലങ്ങളിലാണു പ്രതികള്‍ ഒളിവിലിരുന്നത്‌. എന്നാല്‍ ഈ സ്‌ഥലങ്ങള്‍ സംബന്ധിച്ചും പോലീസ്‌ വിവരം ശേഖരിക്കുകയും ഇവരുമായി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണം സൈബര്‍ സെല്‍ വഴി ശേഖരിച്ചതുവഴിയാണു കൊലപാതകി ആരെന്നു തിരിച്ചറിഞ്ഞത്‌. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റ്‌ നടക്കുമെന്നാണു സൂചന.

അഭിമന്യുവിന്റെ ചോര പടര്‍ന്ന ഷര്‍ട്ട്‌ വലിച്ചൂരിയാണ്‌ അക്രമി സംഘത്തിലൊരാള്‍ ഓടി രക്ഷപ്പെട്ടതെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. ഇത്‌ സഹലോ തന്‍സിലോ ആവാമെന്നാണു പോലീസിന്റെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട വ്യക്‌തമായ തെളിവ്‌ പോലീസിന്റെ കൈവശമുണ്ട്‌. കൃത്യം നടന്നു രണ്ടുമാസം പിന്നിട്ടിട്ടും അഭിമന്യു കൊലക്കേസ്‌ പ്രതികളെ പിടികൂടാനാവാത്തതു പോലീസിന്‌ നാണക്കേടുണ്ടാക്കിയിരുന്നു. എന്നാല്‍, വളരെ കൃത്യമായി പദ്ധതിയിട്ടു നടത്തിയ ആക്രമണമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണു പോലീസ്‌ ശ്രമിച്ചതെന്നാണു സൂചന. യു.എ.പി.എ. ചുമത്തുമെന്നുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുെന്നങ്കിലും ഇത്തരത്തില്‍ കേസ്‌ വഴിതിരിച്ചുവിട്ടാല്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടേക്കാമെന്നുള്ള നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തില്‍ ഇതില്‍നിന്നു പിന്‍മാറുകയായിരുന്നു.

മുമ്പുതന്നെ നാലംഗസംഘമാണ്‌ ആയുധങ്ങളുമായി കാമ്പസിലെത്തിയതും അഭിമന്യുവിനെയും അര്‍ജുനെയും ആക്രമിച്ചതെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ്‌ കേസിലെ മുഖ്യ പ്രതികളായ മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥിയും മുഖ്യപ്രതിയുമായ മുഹമ്മദിനെയും കാമ്പസ്‌ ഫ്രണ്ടിന്റെ സംസ്‌ഥാന നേതാവും പൂത്തോട്ട കോളജിലെ എല്‍.എല്‍.ബി. വിദ്യാര്‍ഥിയായ മുഹമ്മദ്‌ റിഫയെയും പോലീസ്‌ പിടികൂടുന്നത്‌. ഇവരില്‍നിന്നാണു നെട്ടൂര്‍ സ്വദേശിയായ സെയ്‌ഫുവിനെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്‌. അക്രമകാരികള്‍ കൊലപാതകത്തിനുശേഷം നെട്ടൂര്‍ ഭാഗത്തേക്ക്‌ ഓട്ടോറിക്ഷയിലെത്തിയശേഷം ഇവിടെനിന്നും രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. കൊലപാതകികളെ രക്ഷിച്ച വാഹനം ഇവിടെ നിന്നു നീക്കം ചെയ്‌തത്‌ സെയ്‌ഫുവായിരുന്നു. സെയ്‌ഫുവില്‍ നിന്നാണ്‌ റെജീബിലേക്കും മറ്റു മൂന്നുപേരിലേക്കും അന്വേഷണമെത്തുന്നത്‌. കഴിഞ്ഞ ജൂലൈ രണ്ടിന്‌ പുലര്‍െച്ചേ 12.30 നായിരുന്നു കാമ്പസിനു പുറത്തുള്ള റോഡില്‍വച്ചാണ്‌ അഭിമന്യുവിനും അര്‍ജുനും കുത്തേറ്റത്‌.

എം.എസ്‌. സന്ദീപ്‌

Ads by Google
എം.എസ്‌. സന്ദീപ്‌
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW