ന്യൂഡല്‍ഹി: വാട്സ്ആപ് കോള്‍ മുഖേന ക്രിമിനല്‍ കേസ് വിചാരണ! കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവവികാസം സുപ്രീം കോടതിയെപ്പോലും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഝാര്‍ഖണ്ഡ് മുന്മന്ത്രിക്കും അദ്ദേഹത്തിന്റെ എം.എല്‍.എയായ ഭാര്യയ്ക്കുമെതിരായ കേസില്‍ ഹസാരീബാഗ് കോടതിയിലെ ജഡ്ജിയാണു വാട്സ്ആപ് മുഖേന കുറ്റപത്രം നല്‍കിയത്.
ഝാര്‍ഖണ്ഡ് മുന്‍മന്ത്രി യോഗേന്ദ്ര സാവോ, ഭാര്യ നിര്‍മലാ ദേവി എം.എല്‍.എ. എന്നിവരാണ് "അപൂര്‍വ റെക്കോഡി"ന് ഉടമകളായത്.
2016 ലെ കലാപക്കേസില്‍ ഇരുവര്‍ക്കും സുപ്രീം കോടതി ഈ വര്‍ഷം ആദ്യം ജാമ്യം അനുവദിച്ചിരുന്നു. കോടതി നടപടികള്ക്കായല്ലാതെ ഝാര്‍ഖണ്ഡില്‍ പ്രവേശിക്കരുതെന്നും മധ്യപ്രദേശിലെ ഭോപ്പാലില്‍ താമസിക്കണമെന്നുമായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകള്‍.
കഴിഞ്ഞ ഏപ്രില്‍ 19 നു വിചാരണക്കോടതി ജഡ്ജി തങ്ങള്‍ക്ക് കുറ്റപത്രം നല്‍കിയത് വാട്സ്ആപ് മുഖേനയായിരുന്നെന്നും ഇതില്‍ തങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെന്നും സാവോയും നിര്‍മലയും സുപ്രീം കോടതിയെ അറിയിച്ചു.
ഇവരുടെ പരാതി പരിഗണിച്ച ജസ്റ്റ്സിസ്മാരായ എസ്.എ. ബോബ്ഡേ, എല്‍.എന്‍. റാവു എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അതിരൂക്ഷമായ ഭാഷയിലാണ് ഹസാരിബാഗ് കോടതിയുടെ നടപടിയോടു പ്രതികരിച്ചത്.
"ഝാര്ഖണ്ഡിലെന്താണു സംഭവിക്കുന്നത്. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല. നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. വാട്സ്ആപ് വഴി വിചാരണ നടത്താനുള്ള നീക്കത്തിന്റെ വഴിയാണിത്. ഇത് അസ്വീകാര്യമാണ്. എന്തു തരം വിചാരണയാണിത്? ഇത് യഥാര്‍ഥമാണോ തമാശയാണോ?" ഝാര്‍ഖണ്ഡിനു വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
തങ്ങളുടെ കേസ് ഹസാരിബാഗില്‍നിന്ന് ഡല്‍ഹിയിലേക്കു മാറ്റണമെന്ന ദമ്പതികളുടെ അപേക്ഷയില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ഝാര്‍ഖണ്ഡിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചത്തെ സമയയമാണ് ഇതിനായി സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. അന്നു പോലീസും ഗ്രാമവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര് കൊല്ലപ്പെട്ടിരുന്നു. ബര്ക്കാഗാവ് ഗ്രാമത്തിലുള്ളവരെ മതിയായ നഷ്ടപരിഹാരം നല്‍കാതെ എന്‍.ടി.പി.സി. പദ്ധതിക്കായി ഒഴിപ്പിച്ചതിനെതിരേയാണ് നിര്‍മലാ ദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. 2013 ഓഗസ്റ്റില്‍ ഹേമന്ദ് സോറന് സര്‍ക്കാരില്‍ സാവോ മന്ത്രിയായിരുന്നു.